കഴിഞ്ഞ 19 വർഷത്തിനിടയിൽ സ്പോർട്ടിങ്ങിനെ ആദ്യമായി ഫസ്റ്റ് ലീഗ് ജേതാക്കളാക്കുന്നതിൽ പങ്കുവഹിച്ച കോച്ചാണ് റൂബൻ അമോറിം
നിലവിൽ പോർച്ചുഗലിലെ പ്രൈമിറ ലിഗ ക്ലബ്ബായ സ്പോർട്ടിങ് സി.പിയുടെ കോച്ചായ റൂബൻ അമോറിമിനെ ലക്ഷ്യമിട്ട് പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡ്. 10 മില്യൺ യൂറോ നൽകാമെന്നാണ് മാഞ്ചസ്റ്റർ റൂബന് മുന്നിൽ വെച്ചിരിക്കുന്ന വാഗ്ദാനമെന്നാണ് പ്രശസ്ത ഫുട്ബോൾ അനലിസ്റ്റായ ഫാബ്രീസിയോ റൊമാനോ പറയുന്നത്.
മാഞ്ചസ്റ്റർ മുന്നോട്ടുവെച്ച വാഗ്ദാനത്തോട് വളരെ പോസിറ്റീവാണ് റൂബൻ അമോറിമിൻ്റെ സമീപനം. പ്രീമിയർ ലീഗിലെ വൻകിട ക്ലബ്ബുകളിലൊന്നായ മാഞ്ചസ്റ്റർ യുണൈറ്റഡ് റൂബനെ സമീപിച്ചതായി സ്പോർട്ടിങ് സി.പി സ്ഥിരീകരിച്ചതായി ഫാബ്രീസിയോ പറയുന്നു. മാഞ്ചസ്റ്ററിൻ്റെ വാഗ്ദാനത്തോട് റൂബൻ യെസ് പറഞ്ഞെന്നും ഫാബ്രീസിയോ റിപ്പോർട്ട് ചെയ്തു.
അതേസമയം, ഒന്നും പറയാനില്ലെന്നും പ്രത്യേകിച്ചൊരു പ്രഖ്യാപനവും ഇപ്പോൾ നടത്താനില്ലെന്നും റൂബൻ അമോറിം കഴിഞ്ഞ ദിവസം ഈ വാർത്തകളോട് പ്രതികരിച്ചു. കഴിഞ്ഞ 19 വർഷത്തിനിടയിൽ സ്പോർട്ടിങ്ങിനെ ആദ്യമായി ഫസ്റ്റ് ലീഗ് ജേതാക്കളാക്കുന്നതിൽ പങ്കുവഹിച്ച കോച്ചാണ് റൂബൻ അമോറിം.
എറിക് ടെൻ ഹാഗിനെ പുറത്താക്കി മണിക്കൂറുകൾക്കകം തന്നെ 39 കാരനായ പോർച്ചുഗീസ് കോച്ചിനെ സൈൻ ചെയ്യാൻ അനുമതി തേടി റെഡ് ഡെവിൾസ് സ്‌പോർട്ടിംഗിലേക്ക് എത്തിയതായി അത്‌ലറ്റിക്കിൽ നിന്നുള്ള ഡേവിഡ് ഓൺസ്റ്റൈൻ റിപ്പോർട്ട് ചെയ്തു. യുണൈറ്റഡിൽ പുതിയ മാനേജരായി ചുമതലയേൽക്കാൻ അമോറിം തയ്യാറാണെന്നാണ് റിപ്പോർട്ട്.
പോർച്ചുഗീസ് ഭീമൻമാരെ ഉടൻ വിടാൻ അമോറിമിനെ അനുവദിക്കുന്ന 10 മില്യൺ യൂറോ റിലീസ് ക്ലോസ് നൽകാനും യുണൈറ്റഡ് തയ്യാറാണ്. മാഞ്ചസ്റ്റർ ക്ലബിൽ ടെൻ ഹാഗിന് പകരക്കാരനാകാൻ അനുയോജ്യമായ അഞ്ച് മികച്ച മാനേജർമാരിൽ ഒരാളായി അമോറിമിനെ ഫുട്ബോൾ അനലിസ്റ്റുകൾ കണക്കാക്കുന്നുണ്ട്. ഇതുവരെ മൂന്ന് ക്ലബ്ബുകളെ പരിശീലിപ്പിച്ച പരിചയസമ്പത്തും അദ്ദേഹത്തിന് അനുകൂലമാണ്.