ബാന്ദ്രയിലെ മകൻ്റെ എംഎൽഎ ഓഫീസിന് പുറത്തുനിന്നാണ് മൂന്നംഗ സംഘം 66കാരനായ ബാബാ സിദ്ദിഖിക്ക് നേരെ വെടിയുതിർത്തത്
കഴിഞ്ഞ ദിവസമാണ് രാജ്യത്തെ നടുക്കിക്കൊണ്ട് മഹാരാഷ്ട്ര മുൻ മന്ത്രിയും എന്‍സിപി അജിത് പവാർ പക്ഷം നേതാവുമായ ബാബാ സിദ്ദിഖി വെടിയേറ്റ് മരിച്ചത്. ബാന്ദ്രയിലെ മകൻ്റെ എംഎൽഎ ഓഫീസിന് പുറത്തുനിന്നാണ് മൂന്നംഗ സംഘം 66കാരനായ ബാബാ സിദ്ദിഖിക്ക് നേരെ വെടിയുതിർത്തത്. ഉടനെ ലീലാവതി ആശുപത്രിയിലെത്തിച്ചെങ്കിലും, അതിന് മുമ്പ് അദ്ദേഹം മരിച്ചിരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.
ആരാണ് ബാബാ സിദ്ദിഖി?
യഥാർത്ഥത്തിൽ ബീഹാറുകാരനായ ബാബാ സിദ്ദിഖി, കൗമാരകാലം തൊട്ട് തന്നെ കോൺഗ്രസ് പ്രവർത്തകനായിരുന്നു. കോൺഗ്രസിൻ്റെ വിദ്യാർഥി സംഘടനയായ നാഷണൽ സ്റ്റുഡൻ്റ്സ് യൂണിയൻ ഓഫ് ഇന്ത്യയിലൂടെയാണ് അദ്ദേഹം രാഷ്ട്രീയ പ്രവേശം നടത്തുന്നത്. മുംബൈ ബാന്ദ്ര വെസ്റ്റ് നിയമസഭാ മണ്ഡലത്തിൽ തുടർച്ചയായി മൂന്ന് തവണ എംഎൽഎയായ സിദ്ദിഖി, ഭക്ഷ്യ, സിവിൽ സപ്ലൈസ്, തൊഴിൽ വകുപ്പുകളുടെ മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ALSO READ: മഹാരാഷ്ട്ര മുന്‍മന്ത്രി ബാബാ സിദ്ദിഖ് വെടിയേറ്റ് മരിച്ചു
ഈ വർഷം ഫെബ്രുവരിയിലാണ് അദ്ദേഹം 48 വർഷത്തെ ബന്ധം ഉപേക്ഷിച്ച് കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വം രാജിവെച്ച് അജിത് പവാറിൻ്റെ നേതൃത്വത്തിലുള്ള എൻസിപിയിൽ ചേർന്നത്. കറിവേപ്പിലയ്ക്ക് സമാനമായാണ് കോൺഗ്രസുകാർ തന്നോട് പെരുമാറിയതെന്ന് ബാബാ സിദ്ദിഖി രാജിക്ക് ശേഷം വിമർശിച്ചിരുന്നു.
ബാബയുടെ രാജിക്ക് പിന്നാലെ ഓഗസ്റ്റില്‍ മകന്‍ സീഷന്‍ സിദ്ദിഖിനെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ച് കോണ്‍ഗ്രസ് പുറത്താക്കിയിരുന്നു. എന്നാൽ, സീഷൻ, മുംബൈ ബാന്ദ്രയിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ ആണ്.
ALSO READ: ജി. എന്‍. സായിബാബ അന്തരിച്ചു
ബോളിവുഡിൽ വലിയ സ്വാധീനമുള്ള രാഷ്ട്രീയ നേതാവ് കൂടിയാണ് സിദ്ദിഖി. ഇദ്ദേഹം നടത്തുന്ന ഇഫ്താർ വിരുന്നുകളിൽ, സൽമാൻ ഖാൻ, ഷാറൂഖ് ഖാൻ അടക്കമുള്ളവർ പങ്കെടുക്കാറുണ്ടായിരുന്നു. ഇത് വലിയ ശ്രദ്ധയാകർഷിക്കുകയും ചെയ്തിരുന്നു. സൽമാൻ ഖാൻ്റെ വീട്ടിലേക്ക് വെടിവെപ്പ് ഉണ്ടായതിന് മാസങ്ങൾക്ക് ശേഷമാണ്, ഇപ്പോൾ ബാബാ സിദ്ദിഖി വെടിയേറ്റ് മരിക്കുന്നത്.