വനം വകുപ്പ് ഉദ്യോഗസ്ഥരാണ് പരിക്കേറ്റ നിലയിൽ കാളിയെ കണ്ടത്
പാലക്കാട് അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ ആദിവാസിക്ക് പരിക്ക്. പുതൂർ ചെമ്പുവട്ടക്കാട് ഉന്നതിയിൽ അറുപത് വയസുകാരനായ കാളിക്കാണ് കാലിൽ പരിക്കേറ്റത്. വനത്തിൽ വിറക് ശേഖരിക്കുന്നതിനിടെ ആന ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ കാളിയെ വനം വകുപ്പ് കോട്ടത്തറ ട്രൈബൽ താലൂക്ക് സ്പെഷാലിറ്റി ആശുപത്രിയിലെത്തിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥരാണ് പരിക്കേറ്റ നിലയിൽ കാളിയെ കണ്ടത്.
അതേസമയം വയനാട്ടിൽ കഴിഞ്ഞ രണ്ടര മാസത്തിനിടെ കാട്ടാന ആക്രമണത്തിനിരയായി വയനാട്ടിൽ കൊല്ലപ്പെട്ടത് മൂന്ന് പേരാണ്. ഫെബ്രുവരി 10ന് നൂൽപ്പുഴയിൽ തമിഴ്നാട് സ്വദേശിയായ മാനു, ഫെബ്രുവരി 11ന് അട്ടമല ഏറാട്ട്കുണ്ട് ഉന്നതിയിലെ ബാലകൃഷ്ണൻ, കഴിഞ്ഞ ദിവസം എരുമക്കൊല്ലി പൂളക്കുന്ന് ഊരിലെ ആറുമുഖൻ എന്നിവരാണ് കൊല്ലപ്പെട്ടത്. ഫെൻസിങ്ങിന്റിയോ വനം വകുപ്പിന്റെ പരിശോധനയുടെ അഭാവത്തിനേക്കാൾ മൂന്ന് പേരുടെയും മരണത്തിന് കാരണം അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത കൂടിയാണ്. മൂന്ന് പേരും കൊല്ലപ്പെടുന്നത് രാത്രിയിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്നു പോകുമ്പോഴാണ്. എല്ലാവരും വീടിന് സമീപത്തായി എത്തിയിരുന്നു. എന്നാൽ റോഡ് സൗകര്യം ഇല്ലാത്തതും വെളിച്ച സംവിധാനത്തിന്റെ അപര്യാപ്തതയുമാണ് ആനയുടെ സാമീപ്യം പോലും മനസ്സിലാക്കാൻ മൂവർക്കും കഴിയാതിരുന്നത്.