അട്ടപ്പാടി പുതൂർ സ്വർണഗദ്ധ ഊരിലെ കാളിയാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു ആക്രമണം
പാലക്കാട് അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ അറുപതുകാരൻ മരിച്ചു. അട്ടപ്പാടി പുതൂർ സ്വർണഗദ്ധ ഊരിലെ കാളിയാണ് മരിച്ചത്. കാട്ടാന ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കാളിയെ വിദഗ്‌ദ ചികിത്സയ്ക്കായി പാലക്കാടേക്ക് കൊണ്ടുപോകും വഴിയാണ് മരണം.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. വനത്തിൽ വിറക് ശേഖരിക്കുന്നതിനിടെയാണ് കാളിക്ക് നേരെ കാട്ടാന ആക്രമണമുണ്ടായത്. കാളിയുടെ കാലിലും കൈക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. നെഞ്ചിലും പരിക്കേറ്റിരുന്നെന്നാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്.
ALSO READ: അട്ടപ്പാടിയിൽ കാട്ടാന ആക്രമണം; അറുപത് വയസുകാരന് പരിക്ക്
വനം വകുപ്പ് ഉദ്യോഗസ്ഥരാണ് പരിക്കേറ്റ നിലയിൽ കാളിയെ കണ്ടത്. പരിക്കേറ്റ കാളിയെ വനം വകുപ്പ് കോട്ടത്തറ ട്രൈബൽ താലൂക്ക് സ്പെഷാലിറ്റി ആശുപത്രിയിലെത്തിച്ചു. പിന്നാലെ വിദഗ്‌ദ ചികിത്സക്കായി പാലക്കാട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം.