കൂടുതല്‍ വിവേകം, ഉത്തരവാദിത്തം, സഹാനുഭൂതി എന്നിവയോടുകൂടി ഇത്തരം വിഷയങ്ങളെ സമീപിക്കണമെന്നു ഞാന്‍ സമൂഹത്തോട് വിനീതമായി അഭ്യര്‍ഥിക്കുന്നു
തനിക്കെതിരെ അസത്യവും അടിസ്ഥാന രഹിതവുമായ ആരോപണങ്ങള്‍ നടത്തുന്ന മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടിയുമായി നീങ്ങുമെന്ന് നടി പ്രയാഗ മാര്‍ട്ടിന്‍. അസത്യവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങളുമായി എന്റെ പേര് ചില മാധ്യമങ്ങള്‍ നിര്‍ഭാഗ്യവശാല്‍ ബന്ധിപ്പിച്ചിരിക്കുന്നു. ഇത്തരം ആരോപണങ്ങള്‍, അശ്രദ്ധയാലോ, അറിവോടെയോ നിയന്ത്രണമില്ലാതെയോ പ്രചരിപ്പിക്കപ്പെടുന്ന സാഹചര്യത്തില്‍, അതിനെതിരെ ശക്തമായി പ്രതികരിക്കാന്‍ തീരുമാനിച്ചിരിക്കുന്നു എന്നാണ് പ്രയാഗ മാര്‍ട്ടിന്‍ പറഞ്ഞത്.
അസത്യ വിവരങ്ങളുടെ പ്രചരണം കണ്ടു നില്‍ക്കുന്നത് അത്യന്തം വിഷമകരവും വേദനാജനകവുമാണെന്നും നടി പ്രയാഗ മാര്‍ട്ടിന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. നേരത്തെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് പ്രയാഗ മാര്‍ട്ടിന്റെ പേരും മാധ്യമങ്ങളില്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രയാഗ മാര്‍ട്ടിന്‍ സോഷ്യല്‍ മീഡിയയില്‍ പരസ്യമായി പോസ്റ്റ് പങ്കുവെച്ചത്.
കുറിപ്പിന്റെ പൂര്‍ണരൂപം
അസത്യവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങളുമായി എന്റെ പേര് ചില മാധ്യമങ്ങള്‍ നിര്‍ഭാഗ്യവശാല്‍ ബന്ധിപ്പിച്ചിരിക്കുന്നു. ഇത്തരം ആരോപണങ്ങള്‍, അശ്രദ്ധയാലോ, അറിവോടെയോ, നിയന്ത്രണമില്ലാതെ പ്രചരിപ്പിക്കപ്പെടുന്ന സാഹചര്യത്തില്‍, ഞാന്‍ അതിനെതിരെ ശക്തമായി പ്രതികരിക്കാന്‍ തീരുമാനിച്ചിരിക്കുന്നു.
അസത്യ വിവരങ്ങളുടെ പ്രചരണം കണ്ടു നില്‍ക്കുന്നത് അത്യന്തം വിഷമകരവും വേദനാജനകവുമാണ്. വസ്തുതാപരമായ അടിസ്ഥാനമില്ലാത്തതും തികച്ചും അപകീര്‍ത്തികരവുമായ വ്യാജവും ദോഷകരവുമായ വിവരണങ്ങള്‍ ഉത്തരവാദിത്തമില്ലാതെ പ്രചരിക്കാന്‍ അനുവദിക്കുമ്പോള്‍ പൊതു മര്യാദയുടെയും അടിസ്ഥാന മാന്യതയുടെയും പ്രത്യക്ഷമായ തകര്‍ച്ചയും ഒരുപോലെ ആശങ്കാജനകമാണ്. ഇത്തരം സംഭവങ്ങള്‍ മാധ്യമങ്ങളുടെ വിശ്വാസ്യതയെ ഗുരുതരമായി ബാധിക്കുകയും, അവരിലേക്കുള്ള പൊതുജന വിശ്വാസത്തെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നു. അസത്യവിവരങ്ങള്‍ അനിയന്ത്രിതമായി പ്രചരിക്കുന്നതും മുന്നറിയിപ്പോ ഉത്തരവാദിത്വമോ ഇല്ലാതെ തുടരുന്നതും ഇനി എന്റെ ഭാഗത്ത് നിന്ന് കുറച്ചു കാണാനോ അവഗണിക്കാനോ കഴിയില്ല. എന്റെ പ്രൊഫഷണല്‍ ജീവിതത്തിലുടനീളം, മാന്യത, ഉത്തരവാദിത്വം, സത്യസന്ധത എന്നിവക്ക് പ്രാധാന്യം നല്‍കി ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഇത്തരമൊരു സാഹചര്യത്തില്‍, കൂടുതല്‍ വിവേകം, ഉത്തരവാദിത്വം, സഹാനുഭൂതി എന്നിവയോടുകൂടി ഇത്തരം വിഷയങ്ങളെ സമീപിക്കണമെന്നു ഞാന്‍ സമൂഹത്തോട് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു എന്റെ പ്രിയപ്പെട്ട പൊതുജനങ്ങളുടെയും, അഭ്യുദയകാംക്ഷികളുടെയും, സുഹൃത്തുക്കളുടെയും, കുടുംബാംഗങ്ങളുടെയും നിലനില്‍ക്കുന്ന സ്നേഹത്തിനും, വിശ്വാസത്തിനും, പിന്തുണയ്ക്കും ഞാന്‍ ഹൃദയപൂര്‍വ്വം നന്ദി അറിയിക്കുന്നു.