എന്നാൽ ഇന്ത്യ പാകിസ്ഥാനുമായി യുദ്ധത്തിന് പോകരുതെന്നല്ല, മറിച്ച് യുദ്ധം പരിഹാരമല്ലെന്ന് മാത്രമാണ് താൻ പറഞ്ഞതെന്നാണ് സിദ്ധരാമയ്യ നൽകുന്ന വിശദീകരണം
പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ-പാക് ബന്ധം വഷളാവുന്നതിനിടെ യുദ്ധം ആവശ്യമില്ലെന്ന കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രസ്താവന വിവാദത്തിൽ. പാകിസ്ഥാനുമായൊരു യുദ്ധം വേണമെന്നത് താൻ അനുകൂലിക്കുന്നില്ലെന്നായിരുന്നു സിദ്ധരാമയ്യയുടെ പ്രസ്താവന. പിന്നാലെ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി രംഗത്തെത്തി. സിദ്ധരാമയ്യയെ 'പാകിസ്ഥാൻ രത്ന' എന്ന് വിളിച്ചായിരുന്നു ബിജെപി പരിഹാസം.
എന്നാൽ ഇന്ത്യ പാകിസ്ഥാനുമായി യുദ്ധത്തിന് പോകരുതെന്നല്ല, മറിച്ച് യുദ്ധം പരിഹാരമല്ലെന്ന് മാത്രമാണ് താൻ പറഞ്ഞതെന്നാണ് സിദ്ധരാമയ്യ നൽകുന്ന വിശദീകരണം. "യുദ്ധം ആവശ്യമില്ലെന്ന് ഞാൻ പറഞ്ഞിട്ടില്ല. എന്നാൽ പഹൽഗാമിൽ ഗവൺമെൻ്റിന് പരാജയം സംഭവിച്ചിട്ടുണ്ടെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. വിനോദസഞ്ചാരികൾക്ക് സംരക്ഷണം നൽകണമായിരുന്നു. ഇത് ആരുടെ ഉത്തരവാദിത്തമാണ്? ഇന്ത്യാ ഗവൺമെന്റ് മതിയായ സുരക്ഷ നൽകിയില്ല. യുദ്ധത്തെക്കുറിച്ച് പറയുകാണെങ്കിൽ, യുദ്ധം അനിവാര്യമാണെങ്കിൽ, നമ്മൾ യുദ്ധത്തിലേക്ക് കടക്കണം," സിദ്ധരാമയ്യ പറഞ്ഞു.
പാക്കിസ്ഥാനെതിരെ യുദ്ധം ചെയ്യേണ്ട ആവശ്യമില്ലെന്നായിരുന്നു ശനിയാഴ്ച സിദ്ധരാമയ്യ പറഞ്ഞത്. "യുദ്ധം നടത്തുന്നതിനെ ഞങ്ങൾ അനുകൂലിക്കുന്നില്ല. സമാധാനം ഉണ്ടാകണം, ജനങ്ങൾക്ക് സുരക്ഷിതത്വം തോന്നണം, കേന്ദ്രസർക്കാർ ഫലപ്രദമായ സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കണം"- ഇതായിരുന്നു സിദ്ധരാമയ്യയുടെ പ്രസ്താവന. സിദ്ധരാമയ്യയുടെ പ്രസ്താവന പാക് മാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. ഇന്ത്യയ്ക്കുള്ളിൽ നിന്നുള്ള യുദ്ധത്തിനെതിരായ ശബ്ദങ്ങളെന്ന് വിശേഷിപ്പിച്ചായിരുന്നു പാക് മാധ്യമങ്ങൾ സിദ്ധരാമയ്യയുടെ പ്രസ്താവനയെ റിപ്പോർട്ട് ചെയ്തത്. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു ബിജെപി നേതാക്കളുടെ വിമർശനം.
കർണാടക മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി.എസ്. യെദ്യൂരപ്പ സിദ്ധരാമയ്യയ്ക്കെതിരെ വിമർശനവുമായി രംഗത്തെത്തി. നമ്മൾ ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമാണിത്. ഈ സാഹചര്യത്തിൽ, സിദ്ധരാമയ്യയുടെ പ്രസ്താവനകൾ അങ്ങേയറ്റം അപലപനീയവും ബാലിശവുമാണ്. യാഥാർത്ഥ്യം മനസിലാക്കാതെയാണ് സിദ്ധരാമയ്യ സംസാരിക്കുന്നതെന്നും ഒരു മുഖ്യമന്ത്രിയെന്ന നിലയ്ക്ക് അദ്ദേഹത്തിന്റെ സ്ഥാനത്തിന് ചേർന്ന പ്രസ്താവനയല്ലെന്നും ബി.എസ്. യെദ്യൂരപ്പ പറഞ്ഞു.
അതേസമയം പഹൽഗാം ഭീകരാക്രമണത്തെ കുറിച്ച് ഇന്നത്തെ മൻകീ ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പരാമർശിച്ചിരുന്നു. "നിങ്ങളോട് സംസാരിക്കുമ്പോൾ എൻ്റെ ഹൃദയത്തിൽ അഗാധമായ വേദനയുണ്ട്. ഏപ്രിൽ 22 ലെ പഹൽഗാം ഭീകരാക്രമണം എല്ലാ പൗരന്മാരുടെയും ഹൃദയം തകർത്തു. ഹൃദയം തകർത്ത ഭീകരർക്ക് കഠിനമായ ശിക്ഷ നൽകും",- പ്രധാനമന്ത്രി പറഞ്ഞു.
ജമ്മു കശ്മീരിൻ്റെ വളർച്ച ഭീകരവാദികൾക്ക് ദഹിക്കുന്നില്ല. രാജ്യം കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കൊപ്പമാണ്. ഭീകരാക്രമണത്തിൻ്റെ ദൃശ്യങ്ങൾ കണ്ട ഓരോ പൗരനും രോഷാകുലരാണെന്നും പ്രധാനമന്ത്രി പ്രതികരിച്ചു. ഈ പ്രതിസന്ധി ഘട്ടത്തിൽ ഐക്യത്തോടെ തുടരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോട് ആഹ്വാനം ചെയ്തു.