ഇരു സ്ഥലങ്ങളിലും ബോംബ് സ്ക്വാഡെത്തി ശക്തമായ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും തന്നെ കണ്ടെത്തിയിട്ടില്ല
തിരുവനന്തപുരം വിമാനത്താവളത്തിലും റെയിൽവേ സ്റ്റേഷനിലും വ്യാജ ബോംബ് ഭീഷണി. ഇരു സ്ഥലങ്ങളിലും ബോംബ് സ്ക്വാഡെത്തി ശക്തമായ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും തന്നെ കണ്ടെത്തിയിട്ടില്ല. 5 വ്യാജ ബോംബ് ഭീഷണി കേസുകളാണ് സർക്കാർ ഓഫീസുകളിലടക്കം കഴിഞ്ഞ 2 മാസത്തിനിടെ രജിസ്റ്റർ ചെയ്തത്.
ഇന്ന് രാവിലെ 9.30ഓടെയാണ് തമ്പാനൂർ റെയിൽ വേ സ്റ്റേഷന് നേരെ ബോംബ് ഭീഷണിയെത്തിയത്. ഉച്ചയ്ക്ക് 2 മണിയോടെ റെയിൽ വേ സ്റ്റേഷനിൽ ചാവേർ ബോംബ് ആക്രമണം നടക്കുമെന്നായിരുന്നു ഭീഷണി. റെയിൽ വേ സ്റ്റേഷനിലെത്താൻ സാധ്യതയുള്ള വിവിഐപികളെ ഒഴിപ്പിക്കാനും ഭീഷണി സന്ദേശത്തിൽ പറയുന്നു. പിന്നാലെ ബോംബ് സ്ക്വാഡെത്തി പ്ലാറ്റ്ഫോമുകളിൽ വിശദമായ പരിശോധന നടത്തി. എന്നാൽ സംശയാസ്പദമായി ഒന്നും കണ്ടെത്താനായിരുന്നില്ല.
ALSO READ: സംസ്ഥാനത്ത് കോളറ ബാധിച്ച് ഒരു മരണം; മരിച്ചത് കവടിയാർ സ്വദേശിയായ 63കാരൻ
സംസ്ഥാനത്തെ വിവിധ കളക്ടറേറ്റുകളിൽ കഴിഞ്ഞ ദിവസം വ്യാജ ബോംബ് ഭീഷണിയെത്തിയിരുന്നു. കൊല്ലം, പാലക്കാട്, കോട്ടയം കളക്ടറേറ്റുകളിലാണ് ബോംബ് ഭീഷണി സന്ദേശമെത്തിയത്. ആദ്യം കൊല്ലം കളക്ടറേറ്റിലും പിന്നാലെ പാലക്കാട്, കോട്ടയം കളക്ടറേറ്റുകൾക്കും ഭീഷണി സന്ദേശം ലഭിക്കുകയായിരുന്നു
റെയിൽ വേ സ്റ്റേഷനിൽ ലഭിച്ച ഭീഷണിക്ക് സമാനമായി രണ്ട് മണിക്ക് ബോംബ് പൊട്ടുമെന്ന് തന്നെയായിരുന്നു കളക്ടറേറ്റുകൾക്ക് ലഭിച്ച സന്ദേശത്തിലും ഉണ്ടായിരുന്നത്. 'പഹൽഗാം: അടിയന്തര സുരക്ഷാ ഭീഷണി, ഒഴിപ്പിക്കൽ അത്യാവശ്യം' എന്ന തലക്കെട്ടോടെയാണ് കോട്ടയം കളക്ടറേറ്റിൽ ഭീഷണി സന്ദേശം എത്തിയത്. തമിഴ്നാട് സ്വദേശികൾക്കെതിരെ നർക്കോട്ടിക് കൺട്രോൾ ബ്യൂറോ ചുമത്തിയ കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഭീഷണി.