കോളേജിലെ സീനിയര്‍-ജൂനിയര്‍ വിദ്യാര്‍ഥികള്‍ തമ്മിലുള്ള നിസാര തര്‍ക്കമാണ് സംഭവങ്ങളുടെ തുടക്കമെന്ന് സൂരജിന്റെ സുഹൃത്ത് അശ്വന്ത്
കോഴിക്കോട് ചേവായൂരില്‍ യുവാക്കള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ മായനാട് സ്വദേശി സൂരജ് കൊല്ലപ്പെട്ട സംഭവത്തില്‍ പത്ത് പേര്‍ കസ്റ്റഡിയില്‍. ചേവായൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്യുകയാണ്. ചെലവൂര്‍ പെരയോട്ടില്‍ മനോജ് കുമാര്‍, മക്കളായ അജയ് മനോജ്, വിജയ് മനോജ് എന്നിവരടക്കമുള്ളവരാണ് കസ്റ്റഡിയിലുള്ളത്.
ചേവായൂര്‍ പ്രദേശത്തുള്ള തിരുത്തിയാട് ക്ഷേത്രത്തില്‍ ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക നിഗമനം. രണ്ട് വിഭാഗങ്ങളായി തിരിഞ്ഞ് സംഘര്‍ഷത്തില്‍ ഏര്‍പ്പെടുകയായിരുന്നു. എന്നാല്‍, ചാത്തമംഗലം കോളേജിലെ സീനിയര്‍-ജൂനിയര്‍ വിദ്യാര്‍ഥികള്‍ തമ്മിലുള്ള നിസാര തര്‍ക്കമാണ് സംഭവങ്ങളുടെ തുടക്കമെന്ന് സൂരജിന്റെ സുഹൃത്ത് പ്രത്യുഷ് പറഞ്ഞു.
ALSO READ: കോഴിക്കോട് യുവാക്കൾ ഏറ്റുമുട്ടി; പരിക്കേറ്റ ഒരാൾ മരിച്ചു
തുടര്‍ന്ന് ആള്‍ക്കൂട്ടമായി എത്തി മര്‍ദിക്കുകയായിരുന്നു. ഇവര്‍ എത്തിയത് അശ്വന്തിനെ മര്‍ദിക്കാനാണെന്നും പ്രത്യുഷ് പറയുന്നു. ഇത് പിടിച്ചുമാറ്റാന്‍ ശ്രമിച്ച സൂരജിനെ മര്‍ദിക്കുകയായിരുന്നു. വിളിച്ചു വരുത്തിയാണ് ആക്രമിച്ചതെന്നും സംഘത്തിലുണ്ടായിരുന്ന വിജയ് അശ്വന്തിനെ മര്‍ദിക്കുമെന്ന് നേരത്തേ പറഞ്ഞിരുന്നുവെന്നും പ്രത്യുഷ് പറയുന്നു.
സംഘം ചേര്‍ന്നുള്ള അതിക്രൂരമായ മര്‍ദനത്തില്‍ മായനാട് സ്വദേശിയായ സാരമായി പരിക്കേറ്റ സൂരജിനെ നാട്ടുകാര്‍ ചേര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സൂരജിന്റെ അയല്‍വാസികളാണ് കസ്റ്റഡിയിലുള്ള മനോജ് കുമാറും മക്കളും. കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെയും ചേവായൂര്‍ പോലീസ് കേസെടുത്തിരുന്നു. കോളേജില്‍ വച്ച് അശ്വന്തും മനോജിന്റെ മക്കളും തമ്മിലുണ്ടായ പ്രശ്‌നങ്ങളില്‍ സൂരജ് ഇടപെട്ടിരുന്നു. ഇത് ചോദിക്കാന്‍ ഒരു സംഘം ആളുകള്‍ സൂരജിനെ കൂട്ടിക്കൊണ്ടുപോകുകയും സംഘം ചേര്‍ന്ന് മര്‍ദിക്കുകയുമായിരുന്നു എന്നാണ് വിവരം.
എന്നാല്‍ കോളേജില്‍ യാതൊരു പ്രശ്‌നങ്ങളും സൂരജിന് ഉണ്ടായിരുന്നില്ലെന്നും, ഉത്സവപ്പറമ്പില്‍ വെച്ച് പ്രശ്‌നപരിഹാരത്തിനായി ശ്രമിച്ചപ്പോള്‍ തല്ലി തീര്‍ക്കാം എന്നാണ് പിടിയിലായ മനോജ് പറഞ്ഞത് എന്നും സൂരജിന്റെ സുഹൃത്തുക്കള്‍ ന്യൂസ് മലയാളത്തോട് പറഞ്ഞു. സൂരജിനെ മര്‍ദിച്ച സംഘത്തില്‍ ഇരുപതോളം ആളുകള്‍ ഉണ്ടായിരുന്നു എന്ന് സുഹൃത്തുക്കള്‍ കൂട്ടിച്ചേര്‍ത്തു.