രാജ്യത്തിൻ്റെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇത്രയധികം ആളുകളെ വധശിക്ഷയ്ക്ക് വിധേയരാക്കുന്നത്
കഴിഞ്ഞ ഒരു വർഷത്തിനിടെ സൗദി അറേബ്യയിൽ വധശിക്ഷക്ക് വിധേയരാക്കപ്പെട്ടവരുടെ ഞെട്ടിക്കുന്ന കണക്കുകൾ ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. ഈ വർഷം, മാത്രം 101 വിദേശികൾക്കാണ് സൗദി അറേബ്യ വധശിക്ഷ വിധിച്ചത്. 2023ലും 2022ലും വധിക്കപ്പെട്ട വിദേശികളുടെ എണ്ണത്തിൻ്റെ മൂന്നിരട്ടിയാണ് ഈ കണക്ക്. രാജ്യത്തിൻ്റെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇത്രയധികം ആളുകളെ വധശിക്ഷക്ക് വിധേയരാക്കുന്നത്. 101 വിദേശികൾക്ക് വധശിക്ഷ വിധിക്കാൻ ഭരണകൂടത്തെ പ്രേരിപ്പിച്ചത് എന്തായിരിക്കുമെന്ന ചോദ്യമാണ് ലോകം ഉയർത്തുന്നത്.
ലഹരിയും മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളാണ് പലരെയും മരണത്തിലേക്ക് നയിച്ചത്. ഈ വർഷം മയക്കുമരുന്ന് കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടുണ്ടായ 92 വധശിക്ഷകളിൽ 69ഉം വിദേശ പൗരന്മാരാണ്. പാകിസ്ഥാനിൽ നിന്ന് 21 പേർ, യെമനിൽ നിന്നും 20, സിറിയയിൽ നിന്ന് 14, നൈജീരിയയിൽ നിന്ന് 10, ഈജിപ്തിൽ നിന്ന് ഒമ്പത്, ജോർദാനിൽ നിന്ന് എട്ട്, എത്യോപ്യയിൽ നിന്ന് ഏഴ് എന്നിങ്ങനെ നീളുന്നു വധശിക്ഷക്ക് വിധിക്കപ്പെട്ടവരുടെ കണക്ക്. സുഡാൻ, ഇന്ത്യ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് മൂന്ന് പേർ വീതവും ശ്രീലങ്ക, എറിത്രിയ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്ന് ഓരോരുത്തരും സൗദി അറേബ്യയിൽ വധശിക്ഷക്ക് വിധേയരാക്കപ്പെട്ടിരുന്നു.
സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ്റെ അവകാശവാദങ്ങൾക്ക് വിരുദ്ധമാണ് ഈ വർഷത്തെ വധശിക്ഷകളുടെ കണക്ക്. കൊലപാതകമോ നിരവധി ജീവനുകൾക്ക് ഭീഷണിയായുള്ള വ്യക്തികളോ ഉൾപ്പെട്ട കേസുകളിലൊഴികെ, രാജ്യം വധശിക്ഷ നിർത്തലാക്കിയെന്നായിരുന്നു 2022-ൽ ദി അറ്റ്ലാൻ്റിക്കിന് നൽകിയ അഭിമുഖത്തിൽ മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞത്.
വധശിക്ഷകൾക്ക് പിന്നലെ കാരണമെന്ത്?
സൗദി അറേബ്യയുടെ നിയമവ്യവസ്ഥകൾ തന്നെയാണ് ഇത്രയധികം വിദേശികൾ കൊല്ലപ്പെടാൻ കാരണം. വധശിക്ഷക്ക് വിധേയരാക്കപ്പെട്ട നിരവധി വിദേശികൾ, പ്രമുഖ മയക്കുമരുന്ന് മാഫിയകളാൽ ചൂഷണം ചെയ്യപ്പെട്ടവരാവാൻ സാധ്യതയുണ്ടെന്ന് ബെർലിൻ ആസ്ഥാനമായുള്ള യൂറോപ്യൻ-സൗദി ഓർഗനൈസേഷൻ ഫോർ ഹ്യൂമൻ റൈറ്റ്‌സിൻ്റെ (ESOHR) ലീഗൽ ഡയറക്ടർ താഹ അൽ-ഹാജിയെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമമായ എഎഫ്‌പി റിപ്പോർട്ട് ചെയ്യുന്നു.
കോടതി പ്രാതിനിധ്യത്തിനായാലും കോടതി രേഖകളിലേക്കായാലും നിയന്ത്രിത പ്രവേശനം മാത്രമാണ് വിദേശികൾക്ക് ലഭിക്കുന്നത്. അതിനാൽ ഇവർക്ക് പലപ്പോഴും നിയമപരമായി മുന്നോട്ട് പോകാൻ കഴിയാതെ വരും. പലർക്കും രാജ്യത്തിൻ്റെ നീതിന്യായ വ്യവസ്ഥയെ കുറിച്ചുള്ള കൃത്യമായ അറിവില്ലെന്നതാണ് മറ്റൊരു വസ്തുത. അതിനാൽ വധശിക്ഷക്ക് വിധിക്കപ്പെട്ടു കഴിഞ്ഞാൽ രക്ഷപ്പെടുകയെന്നത് അസാധ്യമാവുകയാണ്.
ALSO READ: ഗാസയിൽ ഇസ്രായേൽ വംശഹത്യയോ? അന്വേഷണം നടത്തണമെന്ന് ഫ്രാൻസിസ് മാർപാപ്പ
101 പേരുടെ വധശിക്ഷ നടപ്പിലാക്കിയ സൗദി ഭരണകൂടത്തിനെതിരെ മനുഷ്യാവകാശ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. "വധശിക്ഷകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ വധശിക്ഷക്ക് വിധിക്കപ്പെട്ടവരുടെ കുടുംബങ്ങൾ ഭീതിയിലാണ്. അടുത്തതായി തങ്ങളുടെ പ്രിയപ്പെട്ടവർ മരണപ്പെടുമെന്ന നിരന്തര ഭയമാണ് അവർക്ക്," ഡെത്ത് പെനാൽറ്റി വിരുദ്ധ ഗ്രൂപ്പായ റിപ്രൈവിൻ്റെ പ്രതിനിധയായ ജീദ് ബസയൂനി പറഞ്ഞു. "അഭൂതപൂർവമായ വധശിക്ഷാ പ്രതിസന്ധി" എന്നാണ് ജീദ് ബസയൂനി ഈ സാഹചര്യത്തെ വിശേഷിപ്പിച്ചത്. ചൈനയ്ക്കും ഇറാനും ശേഷം, ഏറ്റവുമധികം വധശിക്ഷ നടപ്പാക്കുന്ന മൂന്നാമത്തെ വലിയ രാജ്യമായി സൗദി അറേബ്യ മാറിയെന്നാണ് ആംനസ്റ്റി ഇൻ്റർനാഷണൽ പോലുള്ള അന്താരാഷ്ട്ര സംഘടനകൾ പറയുന്നത്.