ആഭ്യന്തര സമിതിക്കു മുന്നിൽ പരാതി പറഞ്ഞാൽ പ്രതികാര നടപടികൾ ഉണ്ടാകും
തൊഴിൽ സമ്മർദ്ദത്തെ തുടർന്ന് യുവ ചാർട്ടേഡ് അക്കൗണ്ടൻ്റ് മരിച്ച സംഭവത്തിൽ ഇവൈ കമ്പനിയെ പ്രതിരോധത്തിലാക്കി സ്ഥാപന ജീവനക്കാരിയുടെ ഇമെയിൽ. സന്ദേശത്തിൻ്റെ പകർപ്പ് ന്യൂസ് മലയാളത്തിന് ലഭിച്ചു.
കമ്പനിയിലെ ജീവനക്കാരി നസീറ കാസി കമ്പനി ചെയർമാന് അയച്ച ഇമെയിലാണ് പുറത്തായത്. തൊഴിൽ സമ്മർദ്ദം ഇവൈയിൽ നിരന്തര സംഭവമെന്ന് ജീവനക്കാരി മെയിലിൽ പറയുന്നുണ്ട്. ആഭ്യന്തര സമിതിക്കു മുന്നിൽ പരാതി പറഞ്ഞാൽ പ്രതികാര നടപടികൾ ഉണ്ടാകും. ഇനിയൊരു " അന്ന " ഉണ്ടാകും മുമ്പ് നടപടി വേണമെന്നും ജീവനക്കാരി ഇ മെയിലിൽ ആവശ്യപ്പെട്ടു.അന്നയുടെ മരണവുമായി ബന്ധപ്പെട്ട് കമ്പനിയുടെ ചെയർമാൻ രാജീവ് മെമാനി ജീവനക്കാർക്ക് അയച്ച സന്ദേശത്തിന് മറുപടിയായിട്ടായിരുന്നു ജീവനക്കാരിയുടെ ഇമെയിൽ സന്ദേശം.
അതേസമയം, അന്നയുടെ കുടുംബത്തെ കമ്പനി മേധാവി ഫോണിൽ ബന്ധപ്പെട്ടു. ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതെ ഇരിക്കാൻ ശ്രമിക്കും. കേരളത്തിൽ എത്തി മാതാപിതാക്കളെ കാണുമെന്നും അദ്ദേഹം ഉറപ്പ് നൽകി.
ജൂലൈ 24നാണ് ഏണസ്റ്റ് & യങ് ഇൻഡ്യ കമ്പനിയിലെ ചാർട്ടേഡ് അക്കൗണ്ടൻ്റായ അന്ന ജോലി സമ്മർദം താങ്ങാനാവാതെ കുഴഞ്ഞു വീണു മരിച്ചത്. സംഭവത്തെ തുടർന്ന് അന്നയുടെ അമ്മ അനിത അഗസ്റ്റിൻ കമ്പനിയുടെ ചെയർമാനായ രാജീവ് മേമനിക്ക് എഴുതിയ കത്ത് ചർച്ചയായതോടെ കടുത്ത പ്രതിഷേധമാണ് കമ്പനിക്ക് നേരെ ഉയരുന്നത്. ജോലി സമയം നിജപ്പെടുത്തണമെന്നും മാനേജർക്കെതിരെ നടപടി വേണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ വർഷം നവംബർ 23 ന് പഠനം കഴിഞ്ഞിറങ്ങിയ അന്ന മാർച്ച് 19 നാണ് പൂനെയിലെ കമ്പനിയിൽ ജോലിയിൽ പ്രവേശിക്കുന്നത്. ഭാവിയെക്കുറിച്ച് ഒരുപാട് സ്വപ്നങ്ങളുള്ള കുട്ടിയായിരുന്നു അന്നയെന്നും എന്നാൽ ജോലിയിൽ പ്രവേശിച്ച് നാല് മാസം കഴിഞ്ഞതോടെ അന്നയുടെ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടതായും അന്നയുടെ അമ്മ എഴുതിയ കത്തിൽ പറയുന്നു. EYക്ക് വേണ്ടി രാപകലില്ലാതെ അവള്‍ പണിയെടുത്തു. വിശ്രമമില്ലാതെയുള്ള ജോലി അവളെ ശാരീരികമായും വൈകാരികമായും മാനസികമായും തളര്‍ത്തി. ഉറക്കംപോലുമില്ലായിരുന്നു. മുൻപൊരു ദിവസം നെഞ്ചുവേദന വന്നതോടെ ആശുപത്രിയിൽ കാണിച്ചപ്പോൾ ഉറക്കകുറവും ഭക്ഷണക്രമം ശരിയല്ലാത്തതുമാണ് പ്രശ്നമെന്ന് കാർഡിയോളജിസ്റ്റ് പറഞ്ഞതായും കത്തിൽ ചൂണ്ടിക്കാട്ടുന്നു.