കാണാതായ ശ്യാം കുമാറിന് ജോലി സമ്മർദം ഉണ്ടായിരുന്നതായി ഭാര്യ ദീപ പോലീസിൽ മൊഴി നൽകി
വൈക്കത്ത് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥനെ കാണാനില്ലെന്ന് ബന്ധുക്കളുടെ പരാതി. സീനിയർ സൂപ്രണ്ടും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഇൻ ചാർജുമായ വൈക്കം കുലശേഖര മംഗലം സ്വദേശി ശ്യാം കുമാറിനെയാണ് (52) ശനിയാഴ്ച രാവിലെ അഞ്ച് മുതൽ കാണാതായത്. ജോലിസമ്മർദമാണ് കാരണമെന്ന് ബന്ധുക്കളും സുഹൃത്തുക്കളും ആരോപിച്ചു. ബന്ധുക്കൾ വൈക്കം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
Also Read: കെഎസ്ആർടിസി ബസുകളുടെ സർവീസ് കാലാവധി നീട്ടി; 15 വർഷം പൂർത്തിയാക്കുന്ന വാഹനങ്ങളും ഇനി നിരത്തില്‍
കാണാതായ ശ്യാം കുമാറിന് ജോലി സമ്മർദം ഉണ്ടായിരുന്നതായി ഭാര്യ ദീപ പോലീസിൽ മൊഴി നൽകി. വിദ്യാഭ്യാസ വകുപ്പിന്‍റെ വൈക്കം ഓഫീസിലെ സീനിയർ സൂപ്രണ്ടായിരുന്ന ശ്യാംകുമാറിന് രണ്ടുമാസം മുമ്പാണ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ അധിക ചുമതല കൂടി ലഭിച്ചത്. രണ്ടു ജോലികൾ ഒരുമിച്ചു കൊണ്ടുപോകാൻ കഴിയാതെ ശ്യാം കുമാർ കടുത്ത മാനസിക സമ്മർദത്തിൽ ആയിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ വൈക്കം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.