കഴിഞ്ഞ വർഷം നടത്തിയ രണ്ട് ഉത്തേജക പരിശോധനകളിൽ താരത്തിന്റെ ഫലം പോസിറ്റീവായതായി ലോക ഉത്തേജക വിരുദ്ധ ഏജൻസി (വാഡ) സ്ഥിരീകരിച്ചു
ലോക ഒന്നാം നമ്പർ ടെന്നിസ് താരം യാനിക് സിന്നറിന് മൂന്ന് മാസം വിലക്ക്. ലോക ഉത്തേജക വിരുദ്ധ ഏജൻസിയാണ് താരത്തിന് വിലക്കേർപ്പെടുത്തിയത്. കഴിഞ്ഞ വർഷം നടത്തിയ രണ്ട് ഉത്തേജക പരിശോധനകളിൽ താരത്തിന്റെ ഫലം പോസിറ്റീവായതായി ലോക ഉത്തേജക വിരുദ്ധ ഏജൻസി (വാഡ) സ്ഥിരീകരിച്ചു. ഓസ്‌ട്രേലിയൻ ഓപ്പൺ വിജയിയായ 23 കാരനായ ഇറ്റാലിയൻ താരത്തെ ഫെബ്രുവരി ഒൻപത് മുതൽ മെയ് നാല് വരെയാണ് സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. എന്നാൽ മെയ് 19ന് ആരംഭിക്കുന്ന അടുത്ത ഗ്രാൻഡ്സ്ലാം ടൂർണമെന്റായ ഫ്രഞ്ച് ഓപ്പണിൽ കളിക്കാൻ താരത്തിന് യോഗ്യത ലഭിക്കും.
കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട സിന്നറിന് എതിരെ സ്‌പോർട്‌സ് ആർബിട്രേഷൻ കോടതിയിൽ (CAS) വാഡ അപ്പീൽ നൽകുകയായിരുന്നു. ഫിസിയോതെറാപ്പിസ്റ്റിന്റെ ഭാഗത്ത് നിന്നും സംഭവിച്ച തെറ്റാണെന്നും അബദ്ധവശാൽ നിരോധിത പദാർത്ഥമായ ക്ലോസ്റ്റെബോൾ ഉപയോഗിച്ചതാണെന്നുമായിരുന്നു സിന്നറിന്റെ വിശദീകരണം. തുടർന്ന് വാഡ പുറത്തിറക്കിയ പ്രസ്താവനയിൽ സിന്നറിന്റെ വിശദീകരണം അംഗീകരിക്കുന്നതായി പറഞ്ഞു.
ALSO READ: ശ്രേയസ് അയ്യർ ഷോര്‍ട്ട് ബോള്‍ ദൗർബല്യം മറികടന്ന രീതി സഞ്ജു സാംസൺ മാതൃകയാക്കണം: കെവിൻ പീറ്റേഴ്‌സണ്‍
മൂന്ന് തവണ ഗ്രാൻഡ് സ്ലാം ചാമ്പ്യനായ താരം "ചതിക്കാൻ ഉദ്ദേശിച്ചിരുന്നില്ല" എന്നും, "പ്രകടനം വർദ്ധിപ്പിക്കുന്ന ഒരു ഗുണവും നൽകുന്ന"മരുന്നല്ല ഉപയോഗിച്ചതെന്നും പ്രസ്താവനയിൽ പറയുന്നു. ഇത് ടീം അംഗങ്ങളുടെ അശ്രദ്ധയുടെ ഫലമായി താരത്തിന്റെ അറിവില്ലാതെ സംഭവിച്ചതാണെന്നും വാഡ പറഞ്ഞു. എന്നിരുന്നാലും, നിയമപ്രകാരം, കാസ് മുൻ വിധി പ്രകാരം, ടീമിന്റെ അശ്രദ്ധയ്ക്ക് ഒരു അത്‌ലറ്റ് ഉത്തരവാദിയാണ്. ഈ കേസിന്റെ സവിശേഷമായ വസ്തുതകളുടെ അടിസ്ഥാനത്തിൽ, മൂന്ന് മാസത്തെ സസ്‌പെൻഷൻ ഉചിതമായ വിധിയായി കണക്കാക്കപ്പെടുന്നു എന്നും വാഡ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. ഏപ്രിൽ 13 മുതൽ സിന്നറിന് "ഔദ്യോഗികമായി പരിശീലനത്തിലേക്ക്" മടങ്ങാൻ കഴിയുമെന്നും വാഡ അറിയിച്ചു.
കഴിഞ്ഞ ആറ് മാസത്തിനിടെ ഉത്തേജക മരുന്നുകൾ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് പല കേസുകളും ഉയർന്നുവന്നിരുന്നു. നവംബറിൽ ലോക ഒന്നാം നമ്പർ ആയിരുന്നപ്പോൾ മുൻനിര വനിതാ താരം ഇഗ സ്വിയടെക് നിരോധിത മരുന്ന് ഉപയോഗത്തിന് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഒരു മാസത്തേക്ക് സസ്പെൻഡ് ചെയ്യപ്പെട്ടിരുന്നു. 2024 മാർച്ചിൽ നിരോധിത സ്റ്റിറോയിഡ് ക്ലോസ്റ്റെബോള് ഉപയോഗത്തിന് പോസിറ്റീവ് ആയ സംഭവത്തിൽ സിന്നറിനെ മുമ്പ് ഒരു സ്വതന്ത്ര പാനൽ കുറ്റവിമുക്തനാക്കിയിരുന്നു.