പ്രതിപക്ഷ എംപിമാരെ കൂടാതെ മുയിസുവിൻ്റെ പീപ്പിൾ നാഷ്ണൽ കോൺഗ്രസിലെ എം.പിമാരെയും വിലക്കെടുത്ത് പ്രസിഡന്‍റിനെ ഇംപീച്ച് ചെയ്യാനായിരുന്നു നീക്കം. പത്ത് മുതിർന്ന സൈനിക പൊലീസ് ഉദ്യോഗസ്ഥരെയും മൂന്ന് ക്രിമിനൽ ഗ്യാങ്ങുകളെയും ഇതേ ആവശ്യത്തിനായി പ്രതിപക്ഷം സമീപിച്ചു.
ഇന്ത്യയുടെ സഹായത്തോടെ മാലിദ്വീപിൽ പ്രസിഡൻ്റിനെ അട്ടിമറിക്കാൻ നീക്കം നടന്നുവെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട്. ഭരണകക്ഷിയിലെ എംപിമാരെ ഉൾപ്പടെ വിലക്കെടുത്ത് ഇന്ത്യയിൽ നിന്ന് പണം വാങ്ങി പ്രസിഡന്‍റിനെ ഇംപീച്ച് ചെയ്യാനാണ് പ്രതിപക്ഷം ലക്ഷ്യമിട്ടതെന്ന് റിപ്പോർട്ടിൽ പറയുന്നു. വിഷയത്തിൽ പ്രതികരിക്കാൻ ഇന്ത്യൻ വിദേശകാര്യമന്ത്രാലയവും തയ്യാറായിട്ടില്ല.
ഇന്ത്യയുമായി ഉടലെടുത്ത പ്രതിസന്ധി മുതലെടുത്ത് പ്രസിഡൻ്റ് മുഹമ്മദ് മുയിസുവിൻ്റെ ഭരണം അട്ടിമറിക്കാൻ മാലിദ്വീപിലെ പ്രതിപക്ഷം നീക്കം നടത്തിയെന്നാണ് ദ വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. ഡെമോക്രാറ്റിക് റിന്യൂവൽ ഇനിഷ്യേറ്റീവ് എന്ന പേരിലുള്ള രേഖയെ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട്.
പ്രതിപക്ഷ എംപിമാരെ കൂടാതെ മുയിസുവിൻ്റെ പീപ്പിൾ നാഷ്ണൽ കോൺഗ്രസിലെ എം.പിമാരെയും വിലക്കെടുത്ത് പ്രസിഡന്‍റിനെ ഇംപീച്ച് ചെയ്യാനായിരുന്നു നീക്കം. പത്ത് മുതിർന്ന സൈനിക പൊലീസ് ഉദ്യോഗസ്ഥരെയും മൂന്ന് ക്രിമിനൽ ഗ്യാങ്ങുകളെയും ഇതേ ആവശ്യത്തിനായി പ്രതിപക്ഷം സമീപിച്ചു. 40 എംപിമാർക്കും മറ്റുള്ളവർക്കും നൽകേണ്ടതായി വന്ന ആറ് മില്യൺ ഡോളർ ഇന്ത്യയിൽ നിന്നും ലഭ്യമാക്കാനാവുമെന്നായിരുന്നു പ്രതിപക്ഷത്തിൻ്റെ കണക്കുകൂട്ടൽ.
Also Read; സിറിയൻ സെൻട്രൽ ബാങ്ക് ഗവർണറായി വനിത; ചരിത്രത്തിലിടം നേടി മയ്സാ സബ്രീൻ
ഇതു സംബന്ധിച്ച് 2024 ജനുവരിയിൽ നടന്ന ചർച്ചകളിൽ മാലദ്വീപ് പ്രതിപക്ഷ നേതാക്കൾക്കൊപ്പം റോ ഉദ്യോഗസ്ഥരും പങ്കെടുത്തെന്നും വാഷിങ്ടൺ പോസ്റ്റ് പറയുന്നു. വാഷിങ്ടണ്ണിൽ വെച്ച് റോയിലെ മുതിർന്ന ഉദ്യോഗസ്ഥനൊപ്പം ഇന്ത്യയിലെ മുൻ പോലീസ് ഉദ്യോഗസ്ഥൻ ശിരീഷ് തോറാട്ട്, ഗോവയിൽ നിന്നുള്ള പ്രസാധകൻ സാവിയോ റോഡ്രിഗസ് എന്നിവരും ചർച്ചയുടെ ഭാഗമായെന്നും റിപ്പോർട്ടിലുണ്ട്. ഇരുവരും ഇത്തരത്തിലൊരു പദ്ധതിയുണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ചെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
അതേ സമയം ഈ പദ്ധതിയെ ഇന്ത്യ അനുകൂലിച്ചോ എന്ന് ഇരുവരും വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ തന്നെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണിതെന്ന് റോഡ്രിഗഡ് പിന്നീട് പ്രതികരിച്ചു. വിഷയത്തിൽ ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
മാലിദ്വീപിൻ്റെ പ്രസിഡൻ്റായി ചുമതലയേറ്റതിന് പിന്നാലെ രാജ്യത്ത് നിന്ന് ഇന്ത്യൻ സൈന്യത്തെ പിൻവലിക്കണമെന്ന് മുയിസു ആവശ്യപ്പെട്ടിരുന്നു. ഇതോടെ ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് അട്ടിമറി നീക്കവുമായി പ്രതിപക്ഷം നീങ്ങിയത്. ചൈനീസ് അനുകൂല നിലപാട് സ്വീകരിക്കുന്ന മുഹമ്മദ് മുയിസുവിനെ തൽസ്ഥാനത്ത് നിന്ന് നീക്കാൻ ഇന്ത്യ പിന്തുണക്കുമെന്നായിരുന്നു പ്രതിപക്ഷത്തിൻ്റെ കണക്കുകൂട്ടലുകൾ.