ദളിത്, പൂർവാഞ്ചലി വോട്ടർമാരുടെ പേരുകൾ (വോട്ടർ പട്ടികയിൽ നിന്ന്) വലിയ തോതിൽ വെട്ടിമാറ്റുന്നു
ഡൽഹി തെരഞ്ഞെടുപ്പിനുള്ള പ്രചരണത്തിനിടെ ബിജെപി രാഷട്രീയത്തെക്കുറിച്ച് ചോദ്യങ്ങളുന്നയിച്ച് ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭഗവതിന് കത്തയച്ചു. ബിജെപി ദളിത്, പൂർവാഞ്ചലി വോട്ടർമാരുടെ പേരുകൾ വോട്ടർപട്ടികയിൽ നിന്ന് വെട്ടിമാറ്റുന്നതിനെ കുറിച്ചും കെജ്‌രിവാൾ കത്തിൽ ചോദ്യങ്ങളുന്നയിച്ചു.
ALSO READ: മുൻ ഓപ്പൺ എഐ ജീവനക്കാരൻ സുചിർ ബാലാജിയുടെ മരണം: കൊലപാതകമെന്ന് ആരോപിച്ച് കുടുംബം
"ബിജെപി നേതാക്കൾ പരസ്യമായി വോട്ടിനായി പണം വിതരണം ചെയ്യുന്നു. ബിജെപിയുടെ ഈ വോട്ട് വാങ്ങലിനെ ആർഎസ്എസ് പിന്തുണയ്ക്കുന്നുണ്ടോ? ദളിത്, പൂർവാഞ്ചലി വോട്ടർമാരുടെ പേരുകൾ (വോട്ടർ പട്ടികയിൽ നിന്ന്) വലിയ തോതിൽ വെട്ടിമാറ്റുന്നു. ഇതൊരു ശരിയായ ജനാധിപത്യ രീതിയായി കരുതുന്നുണ്ടോ? ബിജെപി ജനാധിപത്യത്തെ ദുർബലപ്പെടുത്തുകയാണെന്ന് ആർഎസ്എസിന് തോന്നുന്നില്ലേ?," തുടങ്ങിയ ചോദ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് അരവിന്ദ് കെജ്‌രിവാൾ ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭഗവതിന് കത്തയച്ചത്.
തലസ്ഥാനത്തെ മത്സര പ്രചരണത്തിനിടെ ബിജെപിയെ നാണംകെടുത്തുകയാണ് കത്തിൻ്റെ ലക്ഷ്യം. തെരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള തീവ്രശ്രമത്തിലാണ് ബിജെപി വോട്ടർമാരുടെ പേരുകൾ പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതെന്ന് എഎപി ആരോപിക്കുമ്പോൾ, ഭരണകക്ഷിക്ക് പിന്തുണ വർദ്ധിപ്പിക്കുന്നതിനായി വ്യാജ വോട്ടർമാരുടെ പേര് പട്ടികയിൽ ചേർത്തതായി ബിജെപി ആരോപിച്ചു.
ALSO READ: പുതുവർഷപ്പുലരിയിൽ അരുംകൊല; ലക്നൗവിൽ അമ്മയെയും നാല് സഹോദരിമാരെയും കൊന്ന് യുവാവ്
തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കാഴ്ചപ്പാടോ സ്ഥാനാർഥികളോ ഇല്ലെന്ന് ഞായറാഴ്ച മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടെ കെജ്‌രിവാൾ പറഞ്ഞു. "ഈ തെരഞ്ഞെടുപ്പിൽ തെറ്റായ മാർഗങ്ങൾ ഉപയോഗിച്ച് എങ്ങനെയെങ്കിലും വിജയിക്കണമെന്നാണ് ബിജെപിയുടെ ആഗ്രഹം. എന്നാൽ ഡൽഹിയിലെ ജനങ്ങൾ അതിന് സമ്മതിക്കില്ല. മഹാരാഷ്ട്രയിലും ഹരിയാനയിലും അവർ പ്രയോഗിച്ച തന്ത്രങ്ങൾ ഉപയോഗിച്ച് അവരെ ജയിക്കാൻ ഞങ്ങൾ അനുവദിക്കില്ല," കെജ്‌രിവാൾ പറഞ്ഞു. ഡൽഹിയിലെ ജനങ്ങളോട് അവരുടെ പേരുകൾ വോട്ടർ പട്ടികയിലുണ്ടോയെന്ന് പരിശോധിച്ചുകൊണ്ടിരിക്കണമെന്നും കെജ്‌രിവാൾ കൂട്ടിച്ചേർത്തു.
നേരത്തെ സെപ്തംബറിലും ബിജെപിയെയും നേതൃത്വത്തെയും സംബന്ധിച്ച് അഞ്ച് ചോദ്യങ്ങൾ ചോദിച്ച് കെജ്‌രിവാൾ മോഹൻ ഭഗവതിന് കത്തയച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടികളെക്കുറിച്ചും രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിട്ട് കേന്ദ്ര ഏജൻസികളെ എൻഡിഎ സർക്കാർ ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ചും കത്തിൽ ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു.