ചിലർ പാർട്ടിയെ വിറ്റ് പണം ഉണ്ടാക്കുന്നുണ്ടെന്ന സെക്രട്ടറിയുടെ പരാമർശം ശരിയെന്നും ജി. സുധാകരൻ ന്യൂസ് മലയാളത്തോട് പറഞ്ഞു
മന്ത്രി സജി ചെറിയാനെതിരെ പരോക്ഷ വിമർശനവുമായി മുതിർന്ന സിപിഎം നേതാവ് ജി. സുധാകരൻ. കുന്തമെന്നോ കുടച്ചക്രമെന്നോ പറഞ്ഞ് താൻ പാർട്ടിയെ പ്രതിരോധത്തിൽ ആക്കിയിട്ടില്ലെന്ന് സുധാകരൻ പറഞ്ഞു. ചിലർ പാർട്ടിയെ വിറ്റ് പണം ഉണ്ടാക്കുന്നുണ്ടെന്ന സെക്രട്ടറിയുടെ പരാമർശം ശരിയെന്നും ജി. സുധാകരൻ ന്യൂസ് മലയാളത്തോട് പറഞ്ഞു.
ALSO READ: ഞാൻ മാധ്യമവേട്ടയ്ക്ക് ഇരയായൊരാൾ, ചൂണ്ടിക്കാണിച്ചത് പ്രായപരിധിയിലെ പ്രശ്നങ്ങൾ: ജി.സുധാകരൻ
സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ ഉയര്‍ന്ന വിമര്‍ശനത്തിലും സുധാകരൻ കഴിഞ്ഞ ദിവസം മറുപടി നൽകിയിരുന്നു. "താന്‍ വായില്‍ തോന്നിയത് സംസാരിക്കുന്നു എന്നാണ് വിമര്‍ശനം. വായനാശീലവും ചിന്താശേഷിയും കൊണ്ടാണ് താന്‍ സംസാരിക്കുന്നത്. എഴുന്നേറ്റ് നടക്കാനാവുന്ന കാലത്തോളം കമ്മ്യൂണിസ്റ്റുകാരന് വിശ്രമമില്ല. തന്നെ അപമാനിക്കാന്‍ വേണ്ടി പറഞ്ഞതല്ല, പറയിപ്പിച്ചതാണ്. താന്‍ വായില്‍ തോന്നിയത് പറയുന്ന ആളാണെന്ന് ആരാ പറഞ്ഞത്? പാര്‍ട്ടി ക്ലാസുകളില്‍ നിന്നും വായനയില്‍ നിന്നും ലഭിച്ച അറിവ് കൊണ്ടാണ് താന്‍ സംസാരിക്കാറ്," ജി. സുധാകരന്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞു.
"എനിക്ക് പ്രധാന്യമുണ്ട്, ഞാന്‍ വിശ്രമ ജീവിതം നയിക്കുന്നില്ല. 1480 പൊതു പരിപാടികളില്‍ പങ്കെടുത്തു. ജില്ലയ്ക്ക് വെളിയില്‍ 17 പരിപാടികളില്‍ പങ്കെടുത്തു. പരിപാടിക്ക് വിളിക്കുന്നത് എന്തിനാ? ഞാന്‍ പോകണം എന്നതുകൊണ്ടല്ലേ. പോകുന്ന സ്ഥലത്ത് നിന്നും പൈസ വാങ്ങിക്കാറില്ല. മിണ്ടാതിരിക്കണം എന്ന് ആജ്ഞാപിക്കാന്‍ ഇത് തമ്പുരാക്കന്മാരുടെ കാലമൊന്നുമല്ല. എൻ്റെ വിമര്‍ശനങ്ങള്‍ ഇഷ്ടപ്പെടാത്തവരാണ് വിമര്‍ശിക്കുന്നത്. സാമൂഹിക സേവനമാണ് രാഷ്ട്രീയ സേവനത്തിൻ്റെ അടിസ്ഥാനം. വീട്ടിലിരുന്ന് വിശ്രമിച്ചാൽ മാനസിക രോഗിയാകും, ഭ്രാന്തനാകും. ഞങ്ങളെ പോലെയുള്ളവർ വായടച്ച് വെച്ചാൽ മാർക്സിസ്റ്റേതര ആശയങ്ങൾ ശക്തിപ്പെടും. കിട്ടുന്ന വേദികളിൽ പാർട്ടിയുടെ ആശയങ്ങൾ പറയും. എൻ്റെ ശബ്ദം ഉയരുന്നത് കൊണ്ട് പാർട്ടിക്ക് ഗുണമല്ലേ ഉണ്ടാവുക," ജി. സുധാകരൻ പറഞ്ഞു.