കേസിലെ നാലാം പ്രതിയായ കൃഷ്ണകുമാറാണ് സംഘാടനത്തിൽ വീഴ്ച പറ്റിയെന്ന് സമ്മതിച്ചത്
ഉമ തോമസിൻ്റെ അപകടത്തിൽ വീഴ്ച സമ്മതിച്ച് സംഘാടകർ. സ്റ്റേജ് നിർമിച്ചത് ജിസിഡിഎയുടെ അനുമതിയില്ലാതാണെന്ന് സംഘാടകർ അറിയിച്ചു. കേസിലെ നാലാം പ്രതിയായ കൃഷ്ണകുമാറാണ് സംഘാടനത്തിൽ വീഴ്ച പറ്റിയെന്ന് സമ്മതിച്ചത്. ഉമാ തോമസ് എംഎൽഎയുമായി വളരെ അടുത്ത ആത്മബന്ധം ഉണ്ട്. കേരളത്തിലേക്ക് ഒരു ഗിന്നസ് വാങ്ങിക്കുക എന്നതായിരുന്നു സംഘാടകരുടെ ലക്ഷ്യമെന്നും, പരിപാടിയുടെ മറ്റ് അനുമതികൾ ലഭിക്കുന്നതിനായി സഹായിക്കാനാണ് താൻ എത്തിയതെന്നും കൃഷ്ണകുമാർ മൊഴി നൽകി. എന്നാൽ പരിപാടിക്കെതിരെ ഉയർന്ന സാമ്പത്തിക തട്ടിപ്പ് പരാതികളെ കുറിച്ച് തനിക്കറിയില്ലെന്നും ഇയാൾ മൊഴി നൽകിയിട്ടുണ്ട്.
സ്റ്റേജ് നിർമിക്കുന്ന സമയത്തും ജിസിഡിഎ അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും,സംഭവ ശേഷം പൊലീസിനെ അങ്ങോട്ട് ചെന്ന് സമീപിക്കുകയായിരുന്നുവെന്നും ഇയാൾ പറഞ്ഞു. തൻ്റെ പക്കലുള്ള ദൃശ്യങ്ങൾ പൊലീസിന് കൈമാറിയിട്ടുണ്ടെന്നും കൃഷ്ണകുമാർ വ്യക്തമാക്കി. കൂടാതെ പൊലീസ് മറ്റാർക്കോ സഹായം ചെയ്യുന്നതായി തോന്നുന്നുണ്ടെന്നും കൃഷ്ണകുമാർ ആരോപിച്ചു.
ALSO READ: കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടി: ദിവ്യ ഉണ്ണിയുടെ മൊഴി എടുക്കും
അതേസമയം പരിപാടിക്കായുള്ള പണമിടപാടിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. BNS 316 (2),318(4),3 (5) എന്നിവകുപ്പുകൾ ചേർത്ത് പാലാരിവട്ടം പൊലീസ് ആണ് കേസെടുത്തിരിക്കുന്നത്. മൃദംഗ വിഷൻ എംഡി. നികോഷ് കുമാർ, സിഇഒ ഷെമീർ അബ്ദുൾ റഹിം, പൂർണ്ണിമ, നികോഷിൻ്റെ ഭാര്യ എന്നിവരാണ് പ്രതി പട്ടികയിലുള്ളത്.
കൂടാതെ നൃത്തപരിപാടിക്കുവേണ്ടി നടത്തിയ സാമ്പത്തിക തട്ടിപ്പിൽ ദിവ്യ ഉണ്ണിയുടെ പങ്ക് അന്വേഷിക്കണമെന്ന് പരിപാടിയിൽ പങ്കെടുത്ത കുട്ടിയുടെ രക്ഷിതാവ് ആവശ്യപ്പെട്ടു. പരാതിയായി ഇക്കാര്യം പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നും രക്ഷിതാവ് ബിജി ന്യൂസ് മലയാളത്തോട് പറഞ്ഞു. ബിജിയുടെ പരാതിയിലാണ് ദിവ്യ ഉണ്ണിയുടെ സുഹൃത്ത് പൂർണ്ണിമയെ അടക്കം 4 പേരെ പ്രതി ചേർത്ത് പോലീസ് കേസ് എടുത്തത്.
ALSO READ: കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടി: ദിവ്യ ഉണ്ണിയുടെ മൊഴി എടുക്കും
മൃദംഗ വിഷൻ നൃത്തപരിപാടിയിലെ പണപിരിവിൽ മാതാപിതാക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കേസെടുത്തിരിക്കുന്നത്. എറണാകുളം അസി.കമ്മീഷണർ ഓഫീസിൽ പരാതിക്കാരായ രക്ഷിതാക്കളെ വിളിച്ച് വരുത്തിയാണ് മൊഴിയെടുത്തത്. സംഘാടകരുടെ പണപിരിവിനെ പറ്റി പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. പ്രാഥമിക അന്വേഷണം അവസാനിച്ചാൽ ഉടൻ പരാതിയിൽ കേസെടുക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ ദിവസം കുട്ടികളുടെ പരാതിയിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തിരുന്നു.