മെക്സിക്കൻ പ്രൊഫഷണൽ ഗുസ്തി ടീമായ ലുച്ച ലിബ്രെയെ പ്രശസ്തിയിലേക്ക് ഉയർത്തിയത് റേ മിസ്റ്റീരിയോ സീനിയറാണ്
1980കളിൽ മുഖം മൂടി ധരിച്ചെത്തി ഫ്ലൈയിങ് സ്‌റ്റൈൽ കിക്കുകളിലൂടെ പ്രശസ്തനായ മെക്സിക്കൻ റെസ്‌ലിങ് താരം റേ മിസ്റ്റീരിയോ സീനിയർ (66) അന്തരിച്ചു. മിഗ്വൽ ഏഞ്ചൽ ലോപ്പസ് ഡയസ് എന്നതാണ് യഥാർഥ പേര്. നിലവിൽ WWEയിൽ സജീവമായ സൂപ്പർതാരം റേ മിസ്റ്റീരിയോ ജൂനിയർ അനന്തിരവനാണ്. മെക്സിക്കൻ പ്രൊഫഷണൽ ഗുസ്തി ടീമായ ലുച്ച ലിബ്രെയെ പ്രശസ്തിയിലേക്ക് ഉയർത്തിയത് റേ മിസ്റ്റീരിയോ സീനിയറാണ്.
മെക്‌സിക്കൻ റസ്‌ലിങ് സംഘടനയായ ലൂച്ച ലിബ്ര എഎഎയാണ് മരണ വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്. മരണ കാരണം ഇതുവരെ പുറത്തുവിട്ടിട്ടില്ല. 1976ൽ റസ്‌ലിങ് കരിയർ ആരംഭിച്ച റേ മിസ്റ്റീരിയോ സീനിയർ 2009ലാണ് വിരമിച്ചതെങ്കിലും, 2023ൽ ഇടിക്കൂട്ടിൽ വീണ്ടും പ്രത്യക്ഷപ്പെട്ടിരുന്നു. വേള്‍ഡ് റസ്‌ലിങ് അസോസിയേഷന്‍, ലൂച്ച ലിബ്രെ എഎഎ വേൾഡ് വൈഡ് ചാംപ്യന്‍ഷിപ്പുകൾ ഉള്‍പ്പെടെ നേടിയ താരം ഇടിക്കൂട്ടിന് പുറത്ത് പരിശീലകനായും തിളങ്ങി. ഡബ്ല്യുഡബ്യുഇയിലും റേ മിസ്റ്റീരിയോ മത്സരിച്ചിട്ടുണ്ട്.
“റേ മിസ്റ്റീരിയോ സീനിയർ എന്നറിയപ്പെടുന്ന മിഗ്വൽ ഏഞ്ചൽ ലോപ്പസ് ഡയസിൻ്റെ വിയോഗത്തിൽ ഞങ്ങൾ ഖേദിക്കുന്നു. അദ്ദേഹത്തിൻ്റെ പ്രിയപ്പെട്ടവർക്ക് ഞങ്ങൾ അനുശോചനം അറിയിക്കുകയും അദ്ദേഹത്തിൻ്റെ നിത്യവിശ്രമത്തിനായി ഞങ്ങളുടെ പ്രാർഥിക്കുകയും ചെയ്യുന്നു” എന്നാണ് മിസ്റ്റീരിയോ സീനിയറിന്റെ മരണത്തില്‍ അനുശോചനമറിയിച്ച് മെക്‌സിക്കന്‍ റെസ്ലിങ് സംഘടനയായ ലൂച്ച ലിബ്ര എ.എ.എ. എക്‌സില്‍ കുറിച്ചത്.
ALSO READ: "അന്ന് റൂമിലെത്തിയ അനുഷ്ക ശർമ കണ്ടത് കരയുന്ന വിരാട് കോഹ്‌ലിയെ"