ചാംപ്യന്‍സ് ട്രോഫിയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വെസ്റ്റ് ഇന്‍ഡീസിന്റെ ക്രിസ് ഗെയ്‌ലിനാണ്
വിരാട് കോഹ്‍ലി, രോഹിത് ശര്‍മ
എട്ട് ടീമുകള്‍. നാല് ടീമുകള്‍ വീതമുള്ള രണ്ട് ഗ്രൂപ്പുകള്‍. 12 ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങള്‍. ഐസിസി ചാംപ്യന്‍സ് ട്രോഫി പോരാട്ടങ്ങള്‍ക്ക് അരങ്ങുണരാന്‍ മണിക്കൂറുകള്‍ മാത്രം. ഗ്രൂപ്പ് മത്സരങ്ങളും സെമി ഫൈനലുകളും ഫൈനലുകളും താണ്ടി വിജയകിരീടം സ്വന്തമാക്കുക, ഒരേയൊരു ടീം മാത്രം. എന്നാല്‍, ബാറ്റ് കൊണ്ടും പന്ത് കൊണ്ടും ആര്‍ക്കും വിസ്മയക്കാഴ്ച തീര്‍ക്കാം, ചില റെക്കോഡുകളും മാറ്റിയെഴുതാം.
ചാംപ്യന്‍സ് ട്രോഫിയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വെസ്റ്റ് ഇന്‍ഡീസിന്റെ ക്രിസ് ഗെയ്‌ലിനാണ്. 17 മത്സരങ്ങളില്‍നിന്ന് 791 റണ്‍സാണ് ഗെയ്‌ല്‍ അടിച്ചെടുത്തിട്ടുള്ളത്. ഉയര്‍ന്ന സ്കോര്‍ പുറത്താകാതെ 133 റണ്‍സ്. മഹേല ജയവര്‍ധനെ (742), ശിഖര്‍ ധവാന്‍ (701), കുമാര്‍ സംഗക്കാര (683), സൗരവ് ഗാംഗുലി (665) എന്നിവരാണ് റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ആദ്യ അഞ്ചിലുള്ളത്. നിലവില്‍ കളിക്കുന്നവരില്‍ വിരാട് കോഹ്‌ലി 529 റണ്‍സുമായി പതിനൊന്നാമതും 481 റണ്‍സുമായി രോഹിത് ശര്‍മ 14മതുമുണ്ട്. ഏറ്റവും കൂടുതല്‍ സെഞ്ചുറികളും അര്‍ധ സെഞ്ചുറികളും ഇന്ത്യന്‍ താരം ശിഖര്‍ ധവാന്റെ പേരിലാണ്. ആറ് സെഞ്ചുറിയും മൂന്ന് അര്‍ധ സെഞ്ചുറിയുമാണ് ധവാന്‍ സ്വന്തമാക്കിയിട്ടുള്ളത്. അഞ്ച് ഫിഫ്റ്റിയുമായി രോഹിത് ശര്‍മയും വിരാട് കോഹ്ലിയും പിന്നിലുണ്ട്. ഇരുവരും ഫോമിലേക്ക് കത്തിക്കയറിയാല്‍, ഈ റെക്കോഡുകളെല്ലാം പഴങ്കഥയാകും.
ALSO READ: ചാംപ്യന്‍സ് ട്രോഫി: ദുബായിയിലെത്തുമ്പോള്‍ കളി മാറും
ചാംപ്യന്‍സ് ട്രോഫിയില്‍ ഇതുവരെ ഒരു കളിക്കാരനും 150 റണ്‍സ് സ്കോര്‍ ചെയ്യാനായിട്ടില്ല. 2004ല്‍ യുഎസ്എയ്ക്കെതിരെ ന്യൂസിലന്‍ഡ് താരം നഥാന്‍ ആസ്റ്റ്ലി കുറിച്ച 145 റണ്‍സാണ് ചാംപ്യന്‍സ് ട്രോഫിയിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍. ടീം ടോട്ടല്‍ ഇതുവരെ 350 കടന്നിട്ടുമില്ല. 2004ല്‍ യുഎസ്എയ്ക്കെതിരെ ന്യൂസിലന്‍ഡ് നേടിയ നാല് വിക്കറ്റിന് 347 റണ്‍സാണ് ഏറ്റവും ഉയര്‍ന്ന ടീം ടോട്ടല്‍. ഏറ്റവും വലിയ ജയവും കിവീസിന്റെ പേരിലാണ്. യുഎസ്എയെ 210 റണ്‍സിനാണ് കിവീസ് തോല്‍പ്പിച്ചത്. 2006ല്‍ വിന്‍ഡീസ് ബംഗ്ലാദേശിനെതിരെ 10 വിക്കറ്റിന്റെ ജയവും സ്വന്തമാക്കിയിട്ടുണ്ട്. ഏറ്റവും ചെറിയ മാര്‍ജിനിലുള്ള ജയം ഇന്ത്യയുടെ പേരിലാണ്. 2013ല്‍ ഇംഗ്ലണ്ടിനെതിരെ അഞ്ച് റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം.
ALSO READ: ഐസിസി ചാംപ്യൻസ് ട്രോഫി ഫൈനലിസ്റ്റുകളെ പ്രവചിച്ച് മുത്തയ്യ മുരളീധരൻ
ചാംപ്യന്‍സ് ട്രോഫിയില്‍ ഏറ്റവും കൂടുതല്‍ ജയം സ്വന്തമാക്കിയ ടീം ഇന്ത്യയാണ്. 29 മത്സരങ്ങള്‍ കളിച്ച ഇന്ത്യ 18 എണ്ണം ജയിച്ചു. ഈ എഡിഷനില്‍ രണ്ട് ജയം കൂടി നേടിയാല്‍, 20 മത്സരങ്ങള്‍ ജയിക്കുന്ന ആദ്യ ടീമെന്ന പേരും ഇന്ത്യക്ക് സ്വന്തമാക്കാം. 25 മത്സരങ്ങളില്‍ 14 എണ്ണം ജയിച്ച ഇംഗ്ലണ്ടും, 27 മത്സരങ്ങളില്‍ 14 ജയിച്ച ശ്രീലങ്കയുമാണ് രണ്ടാമതുള്ളത്. ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായിയിലാണ് നടക്കുന്നത്. ഗ്രൂപ്പ് മത്സരത്തില്‍ ഫെബ്രുവരി 20ന് ബംഗ്ലാദേശ്, 23ന് പാകിസ്താന്‍, മാര്‍ച്ച് രണ്ടിന് ന്യൂസിലന്‍ഡ് എന്നിവരാണ് ഇന്ത്യയുടെ എതിരാളികള്‍. ഇന്ത്യ ജയിച്ചാല്‍ ഒരു സെമി ഫൈനലിനും, അതില്‍ ജയിച്ചാല്‍ ഫൈനലിനും ദുബായ് സ്റ്റേഡിയം തന്നെ വേദിയാകും.