fbwpx
സോക്കറിലെ 'ഒരേയൊരു രാജാവ്'; ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
logo

റോഷിന്‍ രാഘവ്

Last Updated : 19 Jul, 2024 05:37 PM

എതിരാളിയുടെ ബോക്സിനുള്ളിലേക്ക് ഇരച്ചു കയറുന്ന, ഡിഫന്റർമാരുടെ തലയ്ക്ക് മുകളിലൂടെ പറന്ന് പന്ത് കൈപ്പിടിയിലൊതുക്കുന്ന, ഒറ്റയ്ക്കൊരു ടീമായി നിന്ന് ജയിപ്പിക്കാൻ കെൽപ്പുള്ള ലോകത്തിലെ വളരെ കുറച്ച് കളിക്കാരിൽ ഒരാളാണയാൾ. അയാൾ കയറിയിറങ്ങിയ മുൾ കൂനകൾ എത്രയെന്ന് ചിന്തിച്ച് നോക്കാൻ പോലും നമുക്ക് ചിലപ്പോൾ സാധിച്ചെന്ന് വരില്ല

CRISTIANO RONALDO

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

യൂറോ കപ്പിലെ പ്രീ ക്വാർട്ടർ മത്സരത്തിൽ, ജർമ്മനിയിലെ ഫ്രാങ്ക്ഫുട്ട് അരീനയിൽ, സ്ലൊവേനിയക്കെതിരെ നൂറ്റിയഞ്ചാം മിനുറ്റിൽ ലഭിച്ച പെനാൽട്ടി പാഴാക്കിയ വേദനയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ നിസഹായനായി നിൽക്കുന്ന കാഴ്ച്ചയാണിത്. ഷൂട്ട് ഔട്ടിലേക്ക് നടന്ന മത്സരം പോർച്ചു​ഗൽ കൈപ്പിടിയിലൊതുക്കിയെങ്കിലും താൻ നഷ്ടപ്പെടുത്തിയ ആ അവസരത്തെ ഓർത്ത് റോണോ പൊട്ടിക്കരയുന്ന ദൃശ്യങ്ങൾ കുറച്ചൊന്നുമല്ല ഫുട്ബോൾ ലോകത്തെ പിടിച്ചുലച്ചത്. കണ്ണീരണിഞ്ഞ് നിൽക്കുന്ന ആ ഇതിഹാസ താരം കടന്നുപോകുന്ന മാനസിക സംഘർഷങ്ങൾ ഓർത്ത് അദ്ദേഹത്തിന്റെ അമ്മ മരിയ ഡൊലോറസും വിതുമ്പി. പറങ്കി കപ്പലിന്റെ വിശ്വസ്ഥനായ ആ കപ്പിത്താന് ഈ സീസണിലുടനീളം പല തവണ കാലിടറിയിരുന്നു. ​ടൂർണമെന്റിലുടനീളം തൊടുത്തുവിട്ട 23 ഷോട്ടുകളിൽ ഒന്നെങ്കിലും എതിർ ​ഗോൾവല കുലുക്കിയിരുന്നെങ്കിൽ ആ വേദനയുടെ അളവുകോലിന് മാറ്റം വരുമായിരുന്നിരിക്കാം. മുമ്പൊരിക്കലും ഇതുപോലെ റോണോയെ ഫുട്ബോൾ ലോകം കണ്ടിട്ടില്ല. ക്വാർട്ടറിൽ പരാജയപ്പെട്ട് അയാൾ യൂറോയോട് എന്നെന്നേക്കുമായി വിട പറയുമ്പോൾ ആ നിരാശ, അത് മുഴുവൻ ഫുട്ബോൾ ലോകത്തിന്റേതുമായിരുന്നു. 2022 ലോകകപ്പിലും മറ്റൊന്നായിരുന്നില്ല അയാളെ തേടിയെത്തിയത്. വിമർശനങ്ങളാൽ വലച്ച്, ബെഞ്ചിൽ ഇരിക്കേണ്ടി വന്ന്, ടീമും കോച്ചുമെല്ലാം ക്രൂശിച്ച ശേഷമാണ് പരാജിതനായി റോണോ ഖത്തറിൽ നിന്നും മടങ്ങിയതെന്നതും ഓർമ്മയിലുള്ളതാണല്ലോ.

അറിയാം, ഈ റോണോയെയല്ല ആരും കാണാൻ ആ​ഗ്രഹിക്കുന്നത്. ലോകത്തിലെത്തന്നെ ഏറ്റവും കൂടുതൽ ​ഗോളുകൾ നേടിയ സൂപ്പർ താരമാണ് അയാൾ. യുസേബിയോയ്ക്കും ലൂയീസ് ഫീ​ഗോയ്ക്കും പെയ്റോട്ടിയോയ്ക്കുമൊന്നും സാധിക്കാത്ത പലതും പറങ്കിപ്പടയ്ക്ക് നേടിക്കൊടുത്തയാൾ. 2016 യൂറോ ഫൈനലിൽ പരുക്ക് പറ്റി പുറത്തിരിക്കുമ്പോഴും അവിടെയിരുന്ന് കളിക്കളത്തെ സ്വാധീനിച്ച മഹാ മാന്ത്രികൻ. ​ഗർഭ പാത്രത്തിൽ നിന്നുതന്നെ മരണത്തെ അതിജീവിച്ചവൻ. പലതും കടന്നുവന്ന ശേഷമാണ് അയാൾ ഇതിഹാസമായത്. ഫുട്ബോൾ മൈതാനത്ത് അയാൾ കാഴ്ച്ചവെച്ച വേ​ഗതയും ചടുലതയും എനർജിയുമെല്ലാം നാം ജീവിച്ചിരിക്കുന്ന ഈ കാലത്തിന്റെ കൂടി പ്രതീകമാണ്. അയാളെ ഇനിയും മനസിലാക്കാത്തവർ, അറിയാൻ ആ​ഗ്രഹിക്കാത്തത് ഫുട്ബോളിനെത്തന്നെയാണ് എന്നതാണ് സത്യം. ഒരു കെട്ടകാലം വരുമ്പോൾ ആ പ്രതിഭയെഴുതിയ ചരിത്രങ്ങളത്രയും മറന്നുകളയുന്നവർ ഓർക്കുക. ഒന്നും ഒരിക്കലും എവിടെയും അവസാനിക്കുന്നില്ല. അതെ, അയാളുടെ പേര് ക്രിസ്റ്റ്യാനോ റൊണാൾഡോ ദോസ് സാൻതോസ് അവേരിയോ എന്നാകുന്നു.



2004 ഡിസംബർ 26. അന്നേദിവസം ലോകത്ത് ഒരാളും മറക്കാനിടയില്ല. ലോകത്തെത്തന്നെ തുടച്ചുനീക്കാൻ മാത്രം പ്രഹരശേഷിയുള്ള സുനാമി എന്ന ദുരന്തം മാലോകരുടെ ജീവിതത്തിലേക്ക് തിരമാലകളായി ഇരച്ചു കയറിയത് അന്നായിരുന്നു. അന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് സൈൻ ചെയ്തിരുന്ന ഒരു പത്തൊമ്പതുകാരൻ ആ ദുരന്ത വാർത്തകൾ ടിവിയിൽ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. അതിനിടെ ഒരു ദൃശ്യം അയാളുടെ കണ്ണുകളിൽ ഉടക്കി. ഒരു കൊച്ചു പയ്യൻ, പോർച്ചു​ഗലിന്റെ ഏഴാം നമ്പർ ജേഴ്സിയുമണിഞ്ഞ്, സുനാമിയിൽ എല്ലാം നഷ്ടപ്പെട്ട് നിൽക്കുന്നു. ആ ജേഴ്സി നമ്പറിന് താഴെ ക്രിസ്റ്റ്യാനോ എന്നെഴുതിയിരുന്നു. ഉണ്ടായിരുന്നതെല്ലാം നഷ്ടപ്പെട്ട് നിൽക്കുന്ന ആ പയ്യന് ഇനി കയ്യിലുള്ളത് ആ ജേഴ്സി മാത്രമായിരുന്നു. ഈ ദൃശ്യങ്ങൾ ടിവിയിൽ കണ്ട ആ മാഞ്ചസ്റ്റർ താരം, എല്ലാം നഷ്ടപ്പെട്ട ആ കുഞ്ഞിനെ ലൊക്കേറ്റ് ചെയ്യുകയും വേണ്ട സംരക്ഷണം ഉറപ്പ് വരുത്തുകയും ചെയ്തു. അതാണ് സി.ആർ സെവൻ.

ആ കൊച്ചു ബാലനെപ്പോലെത്തന്നെയായിരുന്നു റോണോയും തന്റെ ജീവിതം തുടങ്ങിയത്. ഒന്നുമില്ലായ്മയിൽ നിന്നാണ്. ​​മരിയ ഡൊലോറസിനും ജോസ് അവേരിയോയ്ക്കും അന്ന് മൂന്ന് മക്കളായിരുന്നു ഉണ്ടായിരുന്നത്. അപ്പോഴായിരുന്നു മരിയ വീണ്ടും ​ഗർഭിണിയാകുന്നത്. അത് അവരെ വലിയ സമ്മർദത്തിലാക്കി. ഒരു കുഞ്ഞ് കൂടി വന്നാൽ, ആ ഒറ്റമുറി വീട്ടിൽ അവരെല്ലാം എങ്ങിനെ കഴിച്ചു കൂട്ടും? വരാൻ പോകുന്ന കുഞ്ഞിനെ എങ്ങനെ നന്നായി വളർത്തും? ഭർത്താവിന്റെ മദ്യപാനത്തിലും ദാരിദ്ര്യത്തിനും ഇടയിൽ ചോദ്യങ്ങൾ ഒരുപാടായി, ഒടുവിൽ മരിയ ഡൊലോറസ് തീരുമാനമെടുത്തു, അബോർഷൻ ചെയ്ത് കളയാമെന്ന്. അതിനായി പല ശ്രമങ്ങളും നടത്തിയെങ്കിലും ഡോക്ടറുടെ നിർബന്ധപ്രകാരം മരിയ ഡൊലോറസ് അതിൽ നിന്നും പിന്മാറുന്നു. അങ്ങനെ അവർ തന്റെ നാലാമത്തെ കുഞ്ഞിന് ജന്മം നൽകി. ഭർത്താവ് ജോസ് അവേരിയോയ്ക്ക് മുൻ അമേരിക്കൻ പ്രസിഡൻഡ് റൊണാൾഡ് റീ​ഗനോടുണ്ടായിരുന്ന ആരാധനയും കടുത്ത ദൈവ വിശ്വാസവും ആ കുഞ്ഞിന്റെ പേര് തെരഞ്ഞെടുക്കുന്നതിൽ സ്വാധീനം ചെലുത്തി. ക്രിസ്റ്റ്യാനോ റൊണാൾഡോ.




ദാരിദ്ര്യത്തിലൂടെ കടന്നുചെല്ലുന്നതിനാൽ തന്നെ തന്റെ അമ്മയോടൊപ്പം പല പല ജോലികൾക്കും അവൻ ഒപ്പം പോയി. പബ്ലിക് റോഡ് ക്ലീൻ ചെയ്യാൻ താൻ പോകുമ്പോൾ പിന്നാലെ കൂടിയിരുന്ന കുഞ്ഞ് റോണോയുടെ മുഖം ഒരിക്കലും കണ്ണിൽ നിന്നും പോയിട്ടില്ല എന്ന് അദ്ദേഹത്തിന്റെ അമ്മ മരിയ ഡൊലോറസ് തന്റെ പുസ്തകത്തിൽ പിന്നീട് പറയുന്നുണ്ട്. ഇത്രയും ബുദ്ധിമുട്ടുകളിലൂടെ കടന്നുപോയിരുന്നെങ്കിലും ഫുട്ബോൾ അവന്റെ ജീവശ്വാസത്തിൽ അലിഞ്ഞു ചേർന്നിരുന്നു. അത് അവനെ സഹായിച്ചു എന്ന് വേണം പറയാൻ. തന്റെ പന്ത്രണ്ടാം വയസിൽ, ലിസ്ബൺ ക്ലബായ സ്പോർടിങ് സിപി റോണോയെ സൈൻ ചെയ്യുന്നു. 1500 യൂറോയ്ക്ക്. ആ തുക റോണോയുടെ കുടുംബത്തിന് വലിയൊരു ബോണസായിരുന്നു. അന്ന് റോണോ തന്റെ അമ്മയോട് തമാശയ്ക്ക് പറയുമായിരുന്നു, ​ഗർഭപാത്രത്തിലിരിക്കുമ്പോൾ തന്നെ എന്നെ കൊല്ലാൻ നോക്കിയതല്ലേ, ഇപ്പോൾ കുടുംബത്തെ നോക്കാൻ ഞാൻ തന്നെ വേണ്ടി വന്നു എന്ന്.

ലിസ്ബണിലെത്തിയപ്പോഴും റോണോയ്ക്ക് തിരിച്ചടികൾ നേരിടേണ്ടി വന്നിരുന്നു. ​ഗ്രൗണ്ടിനകത്തല്ല, അതിന് പുറത്ത്. സ്കൂളിലും ക്യാമ്പിലും ക്രൈയിങ് ബേബി എന്ന പേരുവിളിച്ച് കളിയാക്കലുകൾ നേരിട്ടു. പതിനാലാം വയസിൽ തന്റെ കുടുംബത്തെക്കുറിച്ച് മോശം പറഞ്ഞ അധ്യാപികയ്ക്ക് നേരെ ചെയർ വലിച്ചെറിഞ്ഞതിന് സ്കൂളിൽ നിന്നും പുറത്തായി. എനിക്ക് പഠനത്തിലൊന്നും വലിയ താൽപര്യമില്ല, ഒരു മത്സ്യ തൊഴിലാളിയാകണം, എന്നായിരുന്നു റോണോ അന്ന് പറഞ്ഞിരുന്നത്. പക്ഷെ, മറുവശത്ത് ഭൂമിയെന്നോണം ഫുട്ബോൾ അയാൾക്ക് ചുറ്റും വട്ടം വച്ചുകൊണ്ടിരുന്നു. അങ്ങനെ റോണോ തന്റെ ജീവിതത്തിന്റെ ഭ്രമണപഥം ആ തുകൽപന്തിലേക്ക് ചുരുക്കി. അല്ല, ഫുട്ബോൾ റോണോയിലേക്ക് ചുരുങ്ങാൻ തുടങ്ങി.



2003 ഓ​ഗസ്റ്റ് മാസം. സ്പോർടിങ് സിപിയ്ക്കെതിരെ ഒരു ഫ്രണ്ട്ലി മത്സരം കളിക്കാൻ ലിസ്ബണിലെത്തിയതാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ടീം. യുണൈറ്റഡിനെയും ഫെർ​ഗൂസനെയും സംബന്ധിച്ചെടുത്തോളം ഈ ഫ്രണ്ട്ലി ഒരു വിഷയമേ അല്ലായിരുന്നു. പക്ഷെ, അവർ ഉറ്റുനോക്കിയ ഒരു കാര്യമുണ്ടായിരുന്നു. മത്സരത്തിന് മുന്നോടിയായി കമന്റേറ്റർമാരോട് സർ അലക്സ് അക്കാര്യം പറയുകയും ചെയ്തിരുന്നു. സ്പോർടിങ് സിപിയ്ക്ക് അതി​ഗംഭീരമായി കളിക്കുന്ന ഒരു വിങ്ങറുണ്ട്. അവനെ സൂക്ഷിക്കണം എന്ന്. ആ വിങ്ങർ മത്സരത്തിൽ യുണൈറ്റഡിന്റെ സകല കണക്കുകൂട്ടലുകളും തെറ്റിച്ചു എന്ന് പറഞ്ഞാൽ മതിയല്ലോ. ലിസ്ബണിലെ ആ ചെറിയ ടീം ചുവന്ന ചെകുത്താന്മാരെ എതിരില്ലാത്ത മൂന്ന് ​ഗോളുകൾക്ക് തോൽപ്പിച്ചു. ഫെർ​ഗൂസൻ സൂക്ഷിക്കണമെന്ന് പറഞ്ഞ ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന 28ആം നമ്പറുകാരൻ സ്പോർടിങ്ങിന്റെ ​ഗോൾ നേട്ടങ്ങളിൽ തലയുയർത്തി നിന്നു. മത്സരശേഷം ഡ്രസ്സിങ് റൂമിലെത്തിയ യുണൈറ്റഡ് താരങ്ങൾ കോച്ച് ഫെർ​ഗൂസനോട് ഒരേയൊരു കാര്യം മാത്രമാണ് പറഞ്ഞത്. എന്ത് വില കൊടുത്തും ആ പയ്യനെ നമുക്ക് സ്വന്തമാക്കണം. അത് സാധ്യമായി. അങ്ങനെ റൊണാൾഡോ ചുവപ്പ് ജേഴ്സിയണിഞ്ഞ് ഓൾഡ് ട്രാഫോഡിൽ കാലെടുത്ത് വച്ചു. പ്രതാപകാലത്തെ ഓർമിപ്പിക്കും വിധം ചുവന്ന ചെകുത്താന്മാർ പന്തുതട്ടിയ കാലമായിരുന്നു അത്. റോണോയുടെ ചിറകിലേറി വർഷങ്ങൾക്ക് ശേഷം അവർ പ്രീമിയർ ലീ​ഗ് കിരീടത്തിൽ മുത്തമിട്ടു. ചാമ്പ്യൻസ് ലീ​ഗ് നേടി. അങ്ങനെ 2003 മുതൽ 2009 വരെയുള്ള കാലഘട്ടത്തിൽ ആ ഏഴാം നമ്പർ ജേഴ്സിക്കാരൻ ചുവന്ന ചെകുത്താന്മാർക്ക് വേണ്ടി നേട്ടങ്ങൾ നിരവധി സ്വന്തമാക്കി. വിശ്വം കീഴടക്കാൻ മഡേരിയയിൽ നിന്നും വണ്ടി കയറിയതാണ് അയാൾ. ആ മനുഷ്യൻ അതിനെല്ലാം തുടക്കമിടുന്നതും അവിടെ നിന്നായിരുന്നു, ഓൾഡ് ട്രാഫോഡിലെ മണ്ണിൽ നിന്ന്. അതെ, യുണൈറ്റഡ് ആരാധകരോട് അന്ന് ഫെർ​ഗൂസൻ പറഞ്ഞത് ശരിയായിരുന്നു. അയാൾ യുണൈറ്റഡിന്റെ ഹീറോയായിരുന്നു.

യുണൈറ്റഡിലെ പട്ടാഭിഷേകവും റയലിലെ രാജവാഴ്ച്ചയും കഴിഞ്ഞ് യുവന്റസിലെത്തി, അവിടെ നിന്നും ഹോം കമിങ് എന്നോണം തിരിച്ച് ഓൾഡ് ട്രാഫോഡിലേക്ക് അയാൾ ഒരു റീ എൻട്രി നടത്തിയപ്പോൾ അത് തന്റെ ​ഗുരുതുല്യനായ സർ അലക്സ് ഫെർ​ഗൂസന് വേണ്ടിയാണ് എന്ന് റോണോ കുറിച്ചു. ആ വാക്കുകൾ ഇങ്ങനെയായിരുന്നു. ചരിത്രം ഒരിക്കൽ സംഭവിച്ചു, അത് ഇനിയും ആവർത്തിക്കപ്പെടും. സർ അലക്സ്, ഇത് നിങ്ങൾക്ക് വേണ്ടിയാണ്...



റയൽ മാഡ്രിഡായിരുന്നു റോണോയുടെ കരിയർ ഷെയ്പ്പ് ചെയ്യുന്നതിൽ തന്നെ വലിയ പങ്കുവഹിച്ചത്. ഡെപോർടീവോ ലാ കൊറൂണയ്ക്കെതിരെ ബെർണബ്യൂവിൽ അയാൾ റയലിനായി ആദ്യമായി ബൂട്ടണിഞ്ഞപ്പോൾ ആ ജേഴ്സി നമ്പർ ഒമ്പതായിരുന്നു. ഇതിഹാസ താരം റൗളായിരുന്നു അന്ന് റയലിന്റെ ഏഴാം നമ്പറുകാരൻ. പിന്നീട് ഒമ്പത് സുവർണ വർഷങ്ങൾ റയലിന് സമ്മാനിച്ച് റോണോ ഇറ്റലിയിലേക്ക് ചേക്കേറുമ്പോൾ, അയാൾ സ്പാനിഷ് ക്ലബ് ഫുട്ബോൾ ചരിത്രത്തിൽ വിസ്മയങ്ങൾ തീർത്തിരുന്നു. രണ്ട് ലാ ലീ​ഗ കിരീടങ്ങൾ. നാല് ചാമ്പ്യൻസ് ലീ​ഗുകൾ, ബാലൻ ഡി'യോറുകൾ ഉൾപ്പടെ നിരവധിയനവധി ഇന്റിവിജ്വൽ മൈൽ സ്റ്റോണുകൾ. ബെയിലിനും ബെൻസേമയ്ക്കുമൊപ്പം ക്രിസ്റ്റ്യാനോ നടത്തിയ അതിമനോഹര പ്രകടനങ്ങൾ ചരിത്രത്തിൽ എഴുതപ്പെട്ടതായിരുന്നു. എന്നാൽ, സിരി എ ക്ലബായ യുവന്റസിലേക്ക് ചേക്കേറിയത് റോണോയുടെ കരിയറിലെ മോശം തീരുമാനങ്ങളിൽ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്. അവിടെ, റൊണാൾഡോയ്ക്ക് അധികമൊന്നും ഷൈൻ ചെയ്യാൻ സാധിച്ചില്ല എന്നത് സത്യം. പിന്നെ വീണ്ടും യുണൈറ്റഡിലേക്ക്. അവിടന്ന് അൽ നാസറിലേക്ക്. എല്ലാ ട്രാൻസ്ഫറുകളും ഫുട്ബോൾ ലോകത്ത് തീർത്തത് റെക്കോർഡുകളുടെ പെരുമഴ.

2016 യൂറോ കപ്പ് ഫൈനൽ. പോർച്ചു​ഗൽ ഫ്രാൻസിനെ നേരിടുന്നു. സ്റ്റാഡേ ഡേ ഫ്രാൻസിൽ അന്നത്തെ അറ്റൻഡൻസ് എഴുപത്തി അയ്യായിരമായിരുന്നു. പോർച്ചു​ഗലായിരുന്നു ഫസ്റ്റ് കിക്ക് എടുത്തത്. തീ പാറുന്ന ഫൈനൽ പോരാട്ടം. എന്നാൽ, മത്സരത്തിന്റെ ഇരുപത്തിയഞ്ചാം മിനിറ്റ് പോർച്ചു​ഗീസ് ആരാധകർ അത്രയും നിരാശരായി തലയിൽ കൈവച്ച് നിന്ന നിമിഷമായിരുന്നു. തങ്ങളുടെ യൂറോ സ്വപ്നങ്ങൾ ഇന്നിവിടെ അവസാനിച്ചിരിക്കുന്നുവോ എന്നവർ ചിന്തിച്ച് കാണണം. അതെ, നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കളത്തിൽ വീണ് കിടക്കുന്നു. അദ്ദേഹത്തിന്റെ തുടയ്ക്ക് പരുക്ക് പറ്റിയിരിക്കുന്നു. ഇനി ആ ഫൈനലിൽ റോണോയുടെ സാന്നിധ്യമുണ്ടാകില്ല. മൈതാനത്തേക്ക് ഒരു സ്ട്രക്ച്ചർ വന്ന് അയാളെ പുറത്തേക്ക് എടുത്തുകൊണ്ടുപോകുന്നു. പക്ഷെ, ആ വെള്ള വരയ്ക്കപ്പുറത്തേക്ക് മാത്രമല്ലേ അയാൾ പോയത്, മൈതാനത്തിന് പുറത്തേക്കല്ലല്ലോ. അലറി വിളിച്ചും പ്രോത്സാഹനം നൽകിയും അയാൾ കളിക്കളത്തിന് പുറത്തിരുന്ന് ടീമിനെ സ്വാധീനിച്ചു. ഒടുക്കം നൂറ്റിയൊമ്പതാം മിനുറ്റിൽ ഏഡറിന്റെ ഷോട്ട് ഫഞ്ച് ​ഗോൾകീപ്പർ ഹ്യൂ​ഗോ ലൂറിസിനെയും വെട്ടിച്ച് ​ഗോൾ വല കുലുങ്ങി. പോർച്ചു​ഗലിന്റെ, റൊണാൾഡോ എന്ന ഇതിഹാസത്തിന്റെ, ചരിത്രത്തിലടയാളപ്പെടുത്തിയ നിമിഷം. ഇതിഹാസങ്ങൾ ഒരുപാടുണ്ടായിട്ടുണ്ട്, പക്ഷെ, അവരൊന്നും പോർച്ചു​ഗൽ ജേഴ്സിയിൽ റോണോയോളം നേട്ടങ്ങൾ കൊയ്തിട്ടില്ല. ഇനി ആരെങ്കിലും നേടുമോ എന്നത് കണ്ടു തന്നെ കാണേണ്ട കാര്യമാണ്. യൂറോ കപ്പ് തന്റെ കൈകളിലേന്തിയതിന് ശേഷം റോണോ പറഞ്ഞത് ഇത്ര മാത്രമായിരുന്നു. ഞങ്ങൾ ഓടി, കിതച്ചു, കീഴടക്കി.



മഡേരിയയിൽ നിന്നും ലോകം കീഴടക്കാൻ കെട്ടുകെട്ടി ഇറങ്ങിയ ഒരു കൊച്ചു പയ്യന്റെ കഥ ഇന്ന് നിൽക്കുന്നത് അവൻ കീഴടക്കിയ ഉയരങ്ങളുടെ കൊടുമുടികളിലാണ്. അയാളുടെ ഡ്രിബ്ലിങ് സ്പീഡ്, ഫ്ലൂവന്റായ ഹെഡ്ഡറുകൾ, മനോഹരമായ ഫ്രീ കിക്കുകൾ. എല്ലാം, എല്ലാം ഒരു അത്ഭുതമായിരുന്നു. എതിരാളിയുടെ ബോക്സിനുള്ളിലേക്ക് ഇരച്ചു കയറുന്ന, ഡിഫന്റർമാരുടെ തലയ്ക്ക് മുകളിലൂടെ പറന്ന് പന്ത് കൈപ്പിടിയിലൊതുക്കുന്ന, ഒറ്റയ്ക്കൊരു ടീമായി നിന്ന് ജയിപ്പിക്കാൻ കെൽപ്പുള്ള ലോകത്തിലെ വളരെ കുറച്ച് കളിക്കാരിൽ ഒരാളാണയാൾ. അയാൾ കയറിയിറങ്ങിയ മുൾ കൂനകൾ എത്രയെന്ന് ചിന്തിച്ച് നോക്കാൻ പോലും നമുക്ക് ചിലപ്പോൾ സാധിച്ചെന്ന് വരില്ല. അതെ, വിയർപ്പ് തുന്നിയിട്ട കുപ്പായമാണ് ആ ഏഴാം നമ്പർ ജേഴ്സി... കട്ടായം, അതിലെ നിറങ്ങൾ ഒരിക്കലും മങ്ങുകില്ല. SIUUU... CR7.


NATIONAL
കുടുംബസമേതം വോട്ട് ചെയ്യാനെത്തി കെജ്‌രിവാൾ, അമ്മയും അച്ഛനും എത്തിയത് വീൽ ചെയറിൽ | VIDEO
Also Read
user
Share This

Popular

KERALA
NATIONAL
Kerala Bumper Lottery Results: അടിച്ചു മോനേ... !! ക്രിസ്മസ്-ന്യൂഇയർ ബംപർ വിജയികളെ പ്രഖ്യാപിച്ചു, 20 കോടി കണ്ണൂരിലേക്ക്?