ലോങ് ഓണിനു പകരം മിഡ് ഓണിലായിരുന്നു ഫീല്‍ഡെങ്കില്‍, കപിലിന്റെ പന്ത് ക്യാച്ച് ചെയ്യാമായിരുന്നു എന്ന് പിന്നീട് സച്ചിന്‍ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു.
സച്ചിന്‍
സച്ചിന്‍...സച്ചിന്‍... സച്ചിന്‍ എന്ന് സ്റ്റേഡിയമാകെ ആര്‍പ്പിടാനും, ഔട്ടാകുമ്പോള്‍ ടിവി ഓഫ് ചെയ്യാനുമൊക്കെ ഒരു ജനതയെ പ്രേരിപ്പിച്ച 'ക്രിക്കറ്റ് ദൈവ'ത്തിന് 52 വയസ്. ക്ലാസും മാസും നിറഞ്ഞ ബാറ്റിങ്ങിലൂടെ രാജ്യാതിര്‍ത്തികള്‍ ഭേദിച്ച് ആരാധകരെ സൃഷ്ടിച്ച മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ സച്ചിന്റെ അരങ്ങേറ്റം എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. 1989 നവംബറില്‍ പാക് പര്യടനത്തില്‍ പാകിസ്ഥാനെതിരെയായിരുന്നു സച്ചിന്‍ ആദ്യമായി കളിച്ചത്. 16-ാം വയസിലായിരുന്നു ടെസ്റ്റ്, ഏകദിന അരങ്ങേറ്റം. എന്നാല്‍ അതിനും രണ്ട് വര്‍ഷം മുമ്പേ സച്ചിന്‍ ഒരു അന്താരാഷ്ട്ര മത്സരത്തില്‍ കളിച്ചിരുന്നു, അതും പാകിസ്ഥാനുവേണ്ടി. അങ്ങനെയൊരു അപൂര്‍വ ചരിത്രവും സച്ചിന്റെ പേരിലുണ്ട്.
1987 ജനുവരി 20നായിരുന്നു പാക് ജേഴ്സിയില്‍ സച്ചിന്‍ കളത്തിലിറങ്ങിയത്. സച്ചിന് അന്ന് 14 വയസ് തികയുന്നതേ ഉള്ളൂ. പാകിസ്ഥാന്റെ ഇന്ത്യന്‍ പര്യടനത്തിന് മുന്നോടിയായി നടന്ന സന്നാഹ മത്സരത്തിലായിരുന്നു സച്ചിന്റെ ആ 'അരങ്ങേറ്റം'. ബോംബെയിലെ പ്രശസ്തമായ ബ്രാബോണ്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ 40 ഓവര്‍ ഏകദിന മത്സരം നടക്കുന്നു. ഉച്ച ഭക്ഷണത്തിനു പിന്നാലെ, ജാവേദ് മിയാന്‍ദാദും അബ്ദുല്‍ ഖാദിറും വിശ്രമത്തിനായി ഹോട്ടല്‍ മുറിയിലേക്ക് പോയി. അതോടെ, പാക് ടീമില്‍ ഒരംഗത്തിന്റെ കുറവ് വന്നു. വിഷമവൃത്തത്തിലായ പാക് ക്യാപ്റ്റന്‍ ഇമ്രാന്‍ ഖാന്‍ ഇന്ത്യന്‍ ടീമിനെ നയിച്ചുകൊണ്ടിരുന്ന ഹേമന്ദ് കെന്‍ക്രെയോട് സബ്സ്റ്റിറ്റ്യൂട്ടായി ഒരു കളിക്കാരനെ ഏര്‍പ്പെടുത്താനാകുമോ എന്ന് ചോദിച്ചു. ഇത് കേട്ടപാടെ സച്ചിന്‍ തയ്യാറായിക്കഴിഞ്ഞിരുന്നു. കെന്‍ക്രെ സമ്മതം മൂളിയയുടന്‍ സച്ചിന്‍ കളത്തിലിറങ്ങി.
പാക് ജേഴ്സിയണിഞ്ഞാണ് സച്ചിന്‍ ആതിഥേയര്‍ക്കായി ഫീല്‍ഡിങ്ങിനിറങ്ങിയത്. ലോങ് ഓണിലായിരുന്നു ഇമ്രാന്‍ സച്ചിനെ ഫീല്‍ഡിങ്ങിന് നിയോഗിച്ചത്. ഏറെ വൈകാതെ കപില്‍ ദേവ് അതേ ദിശയില്‍ പന്ത് ഉയര്‍ത്തി അടിക്കുകയും ചെയ്തു. 15 മീറ്ററോളം മുന്നോട്ടോടി പന്ത് പിടിക്കാനുള്ള സച്ചിന്റെ ശ്രമം പക്ഷേ പരാജയപ്പെട്ടു. 25 മിനിറ്റ് സച്ചിന്‍ പാകിസ്ഥാനുവേണ്ടി കളിച്ചു. ലോങ് ഓണിനു പകരം മിഡ് ഓണിലായിരുന്നു ഫീല്‍ഡെങ്കില്‍, കപിലിന്റെ പന്ത് ക്യാച്ച് ചെയ്യാമായിരുന്നു എന്ന് പിന്നീട് സച്ചിന്‍ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. ആത്മകഥയായ പ്ലേയിങ് ഇറ്റ് മൈ വേ-യിലും സച്ചിന്‍ ഇക്കാര്യം പറയുന്നുണ്ട്.
ഈ പ്രായത്തിലും ആ പ്രതിഭാതിളക്കത്തിന് ഒട്ടും മങ്ങലേറ്റിട്ടില്ല. അടുത്തിടെ സമാപിച്ച ഇന്റര്‍നാഷണല്‍ മാസ്റ്റേഴ്സ് ലീഗ് ടി20യിലെ പ്രകടനങ്ങള്‍ അതിന് ഉദാഹരണമാണ്. സച്ചിനെ കാണാന്‍, ആ മാസ്റ്റര്‍ സ്ട്രോക്കുകള്‍ കാണാന്‍ ഗാലറി വീണ്ടും നിറഞ്ഞു. 90 ഡിഗ്രിയില്‍ നിന്നൊട്ടു മാറാത്ത, ക്രീസില്‍നിന്ന് ബൗണ്ടറിയിലേക്ക് നേര്‍രേഖ പോലെ പായുന്ന സ്ട്രെയ്റ്റ് ഡ്രൈവും, ആ ക്ലാസിക് ബാക്ക്ഫൂട്ട് കവര്‍ഡ്രൈവും, ബൗണ്ടറിക്കപ്പുറത്തേക്ക് പറന്നെത്തുന്ന ലോഫ്റ്റഡ് സ്ക്വയര്‍ കട്ടും ഉള്‍പ്പെടെ മാസ്റ്റര്‍ ബ്ലാസ്റ്ററുടെ മാസ്റ്റര്‍പീസുകള്‍ നിറഞ്ഞുനിന്ന മത്സരത്തിലേക്ക് ആളുകള്‍ കൂട്ടമായെത്തി. സമൂഹമാധ്യമങ്ങളില്‍ ആ ദൃശ്യങ്ങള്‍ വൈറലായി. ഇന്ത്യ മാസ്റ്റേഴ്സിനെ നയിച്ച സച്ചിന്‍ ഇന്റര്‍നാഷണല്‍ മാസ്റ്റേഴ്സ് ലീഗ് കിരീടവും സ്വന്തമാക്കി. ക്രിക്കറ്റ് ജീവിതം അവസാനിപ്പിക്കാന്‍ സച്ചിന് കഴിയുമെന്ന് തോന്നുന്നില്ല. സച്ചിന്‍ ഏത് പ്രായത്തില്‍ കളിച്ചാലും, അത് കാണാതിരിക്കാന്‍ നമുക്കും കഴിഞ്ഞേക്കില്ല.