ടൈറ്റാനിക്കിൻ്റെ ഫസ്റ്റ് ക്ലാസ് ലോഞ്ചിൽ സ്ഥിതി ചെയ്തിരുന്ന ഡയാന ഓഫ് വെർസൈൽസിൻ്റെ തുരുമ്പെടുത്ത പ്രതിമയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്
കപ്പലിൻ്റെ അണിയം തകർന്ന നിലയിൽ
ജീർണിച്ചുകൊണ്ടിരിക്കുന്ന ടൈറ്റാനിക് കപ്പലിൻ്റെ പുതിയ ചിത്രങ്ങൾ പുറത്ത്. ടൈറ്റാനിക് പര്യവേഷണ കമ്പനിയായ ആർഎംഎസ് ടൈറ്റാനിക് ഇൻകോർപ്പറേഷൻ്റെ റൊബോട്ടിക് ക്യാമറ പകർത്തിയ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കപ്പലിലുണ്ടായിരുന്ന വെങ്കല പ്രതിമയുടെ ചിത്രവും സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. റൊബോട്ടിക് ഡൈവുകൾ എടുത്ത പുതിയ ഫോട്ടോകളിൽ കപ്പലിൻ്റെ ഇരുമ്പഴി(അണിയം) തകർന്നതായി കാണാം.
ALSO READ: യൂട്യൂബിൽ 55 മില്യണോളം ആരാധക പിന്തുണ; ക്രിസ്റ്റ്യാനോയ്ക്ക് ലഭിക്കുന്ന വരുമാനമെത്രയാണ്?
ടൈറ്റാനിക്കിൻ്റെ ഫസ്റ്റ് ക്ലാസ് ലോഞ്ചിൽ സ്ഥിതി ചെയ്തിരുന്ന ഡയാന ഓഫ് വെർസൈൽസിൻ്റെ തുരുമ്പെടുത്ത പ്രതിമയാണ് റൊബോട്ടിക് ക്യാമറ കണ്ണുകൾ പകർത്തിയത്. 1986ൽ ടൈറ്റാനിക് അവശിഷ്ടം കണ്ടെത്തിയ റോബേർട്ട് ബല്ലാർഡാണ് അവസാനമായി ഈ പ്രതിമ ചിത്രീകരിച്ചത്. 1997ൽ ടൈറ്റാനിക് ചിത്രത്തിലൂടെ ജാക്കും റോസും പ്രശസ്തമാക്കിയ കപ്പലിൻ്റെ അണിയത്തിന് കാര്യമായി കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
ഡയാന ഓഫ് വെർസൈൽസിൻ്റെ പ്രതിമ
"ടൈറ്റാനിക്കിൻ്റെ അണിയം ശരിക്കും ഐതിഹാസികമാണ്. പോപ് കൾച്ചറിൻ്റെ ഫലമായി ഒരു കപ്പൽ തകർച്ചയെന്ന് കേൾക്കുമ്പോൾ ആ ചിത്രമാണ് എല്ലാവരുടെയും മനസിലേക്ക് വരുന്നത്. ടൈറ്റാനിക് എത്രനാൾ ഉണ്ടാകുമെന്ന് ആളുകൾ പലപ്പോഴും ചോദിക്കാറുണ്ട്. ഞങ്ങൾക്ക് അറിയില്ല, പക്ഷേ അത് ദ്രവിച്ചുകൊണ്ടിരിക്കുന്നതിന് ഞങ്ങൾ തത്സമയം സാക്ഷ്യം വഹിക്കുകയാണ്," റൊബോട്ടിക് പര്യവേഷണത്തിന് പിന്നിൽ പ്രവർത്തിച്ച കമ്പനിയായ ആർഎംഎസ് ടൈറ്റാനിക് ഇൻകോർപ്പറേഷൻ്റെ ഡയറക്ടർ ടോമാസിന റേ ബിബിസിയോട് പറഞ്ഞു.
ടൈറ്റാനിക്കിലെ പ്രസിദ്ധമായ രംഗം
2022ൽ, ആഴക്കടൽ മാപ്പിംഗ് കമ്പനിയായ മഗല്ലനും ഡോക്യുമെൻ്ററി നിർമാതാക്കളായ അറ്റ്ലാൻ്റിക് പ്രൊഡക്ഷൻസും ചേർന്ന് കപ്പലിൻ്റെ അണിയത്തിൻ്റെ ഫോട്ടോകളും ഡിജിറ്റൽ സ്കാനുകളും എടുത്തിരുന്നു. ആ ചിത്രങ്ങളിൽ ഇതിന് കേടുപാടുകൾ സംഭവിച്ചിരുന്നില്ല. എന്നാൽ കപ്പലിൻ്റെ മുഴുവൻ ലോഹഘടനയും സൂക്ഷ്മാണുക്കൾ സാവധാനം നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
കപ്പലിൻ്റെ ഭാഗങ്ങൾ വീണ്ടെടുക്കാൻ അവകാശമുള്ള ഒരേയൊരു കമ്പനിയാണ് ആർഎംഎസ് ടൈറ്റാനിക് ഇൻകോർപ്പറേഷൻ. ഇവർ കടലിൽ നിന്ന് ആയിരക്കണക്കിന് വസ്തുക്കൾ വീണ്ടെടുക്കുകയും ലോകമെമ്പാടും പ്രദർശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഡയാന പ്രതിമ ഉൾപ്പെടെയുള്ള കൂടുതൽ പുരാവസ്തുക്കൾ വീണ്ടെടുക്കുന്നതിനായി അടുത്ത വർഷം കപ്പലിനടുത്തേക്ക് പോകാൻ ഇവർ പദ്ധതിയിടുന്നുണ്ട്. അതേസമയം വസ്തുക്കൾ വീണ്ടെടുക്കുന്ന കമ്പനിയുടെ നീക്കത്തെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.
ALSO READ: ഇനി വാട്‌സ്ആപ്പ് എഐയോടും സംസാരിക്കാം! വോയ്സ് മെസേജ് ഫീച്ചർ വരുന്നതായി റിപ്പോർട്ട്