ജാതി ചോദിക്കരുത്, പറയരുത് എന്നാണ് ശ്രീനാരായണ ഗുരുദേവന്‍ കേരളത്തോട് ഉപദേശിച്ചിട്ടുള്ളത്. ഇവിടെ പക്ഷേ ജാതി പറയാതെ ഒരടി മുന്നോട്ടു പോകാന്‍ കഴിയില്ല
ഇരിഞ്ഞാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലേക്കു മാലകെട്ടാന്‍ ഒരു യുവാവിന് നിയമനം ലഭിക്കുന്നു. അതോടെ ക്ഷേത്രത്തിലെ തന്ത്രിമാര്‍ തന്ത്രം ബഹിഷ്‌കരിക്കുന്നു. ഒടുവില്‍ ദേവസ്വം ബോര്‍ഡ് ആ യുവാവിനെ ഓഫിസിലേക്ക് മാറ്റുന്നു. തന്ത്രിമാര്‍ വന്ന് താന്ത്രികജോലികള്‍ പുനരാരംഭിക്കുന്നു. ജാതി ചോദിക്കരുത്, പറയരുത് എന്നാണ് ശ്രീനാരായണ ഗുരുദേവന്‍ കേരളത്തോട് ഉപദേശിച്ചിട്ടുള്ളത്. ഇവിടെ പക്ഷേ ജാതി പറയാതെ ഒരടി മുന്നോട്ടു പോകാന്‍ കഴിയില്ല. ആ യുവാവ് ഈഴവ ജാതിയില്‍ ഉള്‍പ്പെട്ടയാളായതിനാലാണ് ബ്രാഹ്‌മണ തന്ത്രിമാര്‍ 2025ല്‍ തന്ത്രം ബഹിഷ്‌കരിച്ചത്. ഏതാണ്ട് 100 വര്‍ഷം മുന്‍പ് പി. കൃഷ്ണപിള്ള കയറി മണിയടിച്ചപ്പോള്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെ തന്ത്രം ഇതുപോലെ ഇവരുടെ മുന്‍തലമുറ ബഹിഷ്‌കരിച്ചു.
നൂറ്റാണ്ടു കഴിഞ്ഞിട്ടും കേരളം മാറിയില്ലേ?
1919ലെ ശ്രീമൂലം പ്രജാസഭ. ടി.കെ. മാധവന്‍ ഒരു വിഷയം ഉന്നയിച്ചു. തിരുവനന്തപുരം കടയ്ക്കാവൂര്‍ ക്ഷേത്രത്തില്‍ പ്രവേശിച്ച നാല് ഈഴവ യുവാക്കളെ കോടതി ശിക്ഷിച്ചു. ആ കോടതി വിധിയിലെ വാചകവും ടി.കെ. മാധവന്‍ പ്രജാസഭയില്‍ വായിച്ചു. ഈഴവര്‍ വിശ്വാസത്തില്‍ ഹിന്ദുക്കളായിരുന്നാലും ബ്രാഹ്‌മണര്‍, നായന്മാര്‍ തുടങ്ങിയ സവര്‍ണ ഹിന്ദുക്കളുടെ മതബോധത്തിന് ക്ഷോഭ കാരണവും അവര്‍ക്കും ദേവനും അശുദ്ധകാരണവും ആണെന്ന ബ്രാഹ്‌മണ സിദ്ധാന്തം അംഗീകരിക്കണം. ഇതായിരുന്നു കോടതി വിധിയുടെ വാചകം. ഈഴവരുടെ സ്പര്‍ശനവും സാമിപ്യവും അശുദ്ധകാരണമാണെന്നുള്ള ബ്രാഹ്‌മണ ബോധത്തിന് എതിരേ പ്രമേയം പാസാക്കണം എന്ന് ടി.കെ. മാധവന്‍ ആവശ്യപ്പെട്ടു. ഒന്നും സംഭവിച്ചില്ലെന്നു മാത്രമല്ല പ്രജാസഭയിലെ മറ്റാരും ഇതേക്കുറിച്ചു മിണ്ടിയതും ഇല്ല.
ശ്രീമൂലം പ്രജാസഭയില്‍ ടി.കെ മാധവന്‍ വിഷയം ഉന്നയിച്ചതിനു ശേഷമാണ് വൈക്കം സത്യഗ്രഹത്തിനുള്ള ആലോചനകള്‍ തുടങ്ങുന്നത്. അവിടെ ശരിക്കും ക്ഷേത്രത്തിലേക്കുള്ള പ്രവേശനം പോലും ആയിരുന്നില്ല മുഖ്യ വിഷയം. ക്ഷേത്രത്തിന് അടുത്തുള്ള വഴിയിലൂടെ പോലും ഈഴവര്‍ക്ക് ഉള്‍പ്പെടെ പ്രവേശനം നിഷേധിച്ചതായിരുന്നു.
Also Read: തുത്മോസ് രണ്ടാമന്റെ കല്ലറയും ഉത്തരം കിട്ടാത്ത ചോദ്യങ്ങളും
1924 മാര്‍ച്ച് 30ന് ആണ് വൈക്കം സത്യഗ്രഹം ആരംഭിച്ചത്. പിന്നെയും ഏഴുവര്‍ഷം കഴിഞ്ഞ് 1931 നവംബര്‍ ഒന്നിനായിരുന്നു ഗുരുവായൂര്‍ സത്യഗ്രഹം ആരംഭിച്ചത്. വൈക്കം സത്യഗ്രഹം ക്ഷേത്രത്തിനു സമീപത്തുകൂടി വഴിനടക്കാന്‍ ആയിരുന്നെങ്കില്‍ ഗുരുവായൂര്‍ സത്യഗ്രഹം ഈഴവര്‍ക്കുള്‍പ്പെടെ ക്ഷേത്രത്തില്‍ പ്രവേശിക്കാനായിരുന്നു. ഗുരുവായൂരില്‍ നിന്ന് ഏറെ ദൂരമില്ല കൂടല്‍മാണിക്യം ക്ഷേത്രത്തിലേക്ക്. നൂറു വര്‍ഷത്തിനു ശേഷം ഭഗവാനുള്ള മാല കെട്ടാനായി ഒരു ഈഴവ യുവാവ് വന്നതാണ് അവിടെ പ്രശ്‌നമായത്. അതിനാണ് തന്ത്രിമാര്‍ ക്ഷേത്രം ബഹിഷ്‌കരിച്ചത്.
ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് നടത്തിയ പരീക്ഷ പാസായി വന്നതാണ് തിരുവനന്തപുരം സ്വദേശി. ഫെബ്രുവരി 24ന് കഴകം ജോലിക്ക് ചുമതലയേറ്റു. ഈഴവനെ കഴകം ജോലിക്ക് എടുക്കരുതെന്ന് തന്ത്രിമാരും വാര്യര്‍ സമാജവും ആവശ്യപ്പെട്ടു. ആറ് തന്ത്രികുടുംബങ്ങളിലേയും അംഗങ്ങള്‍ അന്നുമുതല്‍ ക്ഷേത്ര ചടങ്ങുകളില്‍ നിന്നു വിട്ടു നിന്നു. മാര്‍ച്ച് ഒന്‍പതിന് പ്രതിഷ്ഠാദിന ചടങ്ങുകള്‍ക്ക് തന്ത്രിമാര്‍ പങ്കെടുക്കണം. അവര്‍ ഇല്ലെങ്കില്‍ ചടങ്ങ് മുടങ്ങും. ഈ സാഹചര്യത്തില്‍ ഭരണസമിതി ചേര്‍ന്ന് യുവാവിനെ ഓഫിസ് ജോലിയിലേക്കു മാറ്റി നിയമിച്ചു. ഓഫിസിലാണെങ്കില്‍ തന്ത്രിമാര്‍ക്ക് പോകേണ്ടതുമില്ല.
Also Read: സന്യാസിമാര്‍ അക്രമാസക്തരാകുന്നത് എന്തുകൊണ്ട്? കുംഭമേളയുടെ സത്യമെന്ത്?
ജാതിയല്ലാതെ ആ യുവാവിന് മറ്റൊരു തടസ്സവും ഇല്ല എന്നതിനാലാണ് ഇവിടെ ജാതി പറയേണ്ടി വരുന്നത്. ഈഴവനായി ജനിച്ചു എന്നതിനാല്‍ മാത്രം ക്ഷേത്രത്തിലെ കഴകത്തില്‍ നിന്നു മാറ്റി നിര്‍ത്തുകയാണ്. പൂപറിക്കുകയും മാലകെട്ടുകയുമാണ് ആ തസ്തികയില്‍ ചെയ്യേണ്ട ഏക ജോലി. ശ്രീകോവിലില്‍ പ്രവേശിക്കുകയോ പൂജ ചെയ്യുകയോ വേണ്ട. ശമ്പളത്തിനു പുറമെ ക്ഷേത്രത്തില്‍ നിന്ന് പടച്ചോറിനും അവകാശമുണ്ടാകും. തസ്തികയുടെ വലിപ്പമോ ശമ്പളത്തിന്റെ വലിപ്പമില്ലായ്മയോ ഒന്നുമല്ല ഇവിടെ വിഷയമാകുന്നത്. ജാതി മാത്രമാണ്. എന്നിട്ടും നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ എന്തുകൊണ്ട് പ്രതികരിച്ചില്ല?
കമ്യൂണിസ്റ്റ് പാര്‍ട്ടിയൊക്കെ ഉണ്ടാകുന്നതിനു മുന്‍പ് ഇവിടെ എല്ലാവരും കോണ്‍ഗ്രസുകാരായിരുന്നു. ഗുരുവായൂര്‍ സത്യഗ്രഹത്തിന്റെ ജാഥാ ക്യാപ്റ്റനായിരുന്നു എകെജി. ക്ഷേത്രത്തില്‍ കയറി മണിയടിച്ചത് പി. കൃഷ്ണപിള്ളയായിരുന്നു. സത്യഗ്രഹ സമിതിയുടെ അധ്യക്ഷന്‍ മന്നത്ത് പത്മനാഭനായിരുന്നു. കെ. കേളപ്പനായിരുന്നു സമര നായകന്‍. കെ.പി. കേശവമേനോന്‍ ആയിരുന്ന മുഖ്യസംഘാടകന്‍. ഇവരെല്ലാവരും കോണ്‍ഗ്രസുകാരും ആയിരുന്നു.
1927 ഏപ്രില്‍ അഞ്ചിന് കോഴിക്കോട് ചേര്‍ന്ന കോണ്‍ഗ്രസിന്റെ സംസ്ഥാന സമ്മേളനം പാസാക്കിയ ഒരു പ്രമേയമുണ്ട്. അതെങ്കിലും ഓര്‍ത്തിരുന്നെങ്കില്‍ ഇരിഞ്ഞാലക്കുട വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെടുമായിരുന്നു. കോണ്‍ഗ്രസ് ഇപ്പോഴും തിരുത്തിയിട്ടില്ലാത്ത പതിനഞ്ചാമത്തെ പ്രമേയം ഇങ്ങനെയാണ്.
'അയിത്തോച്ഛാടനം ചെയ്യാന്‍ പൊതു ജനങ്ങളോട് അഭ്യര്‍ത്ഥിക്കുകയും റോഡുകള്‍, കിണറുകള്‍, കുളങ്ങള്‍, ക്ഷേത്രങ്ങള്‍ ഇവയെ ഉപയോഗിക്കുന്നതിനും പ്രവൃത്തി ചെയ്യുന്നതിനും ജാതിമതഭേദം തടസ്സമായി വരരുതെന്ന് ജാതി ഹിന്ദുക്കളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.' ഇങ്ങനെയായിരുന്നു ആ പ്രമേയം.
കോണ്‍ഗ്രസ് അന്ന് അഭ്യര്‍ത്ഥിച്ചത് ജാതി ഹിന്ദുക്കളോടാണ് എന്ന് മറക്കരുത്. ക്ഷേത്ര പ്രവേശനം മാത്രമല്ല, ക്ഷേത്രവുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ക്കും എല്ലാ ഹിന്ദുക്കള്‍ക്കും പ്രവേശനം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രമേയം പാസാക്കിയിട്ടുണ്ട്. 1931 മേയ് മൂന്നു മുതല്‍ അഞ്ചുവരെ വടകരയില്‍ നടന്ന സമ്മേളനത്തിലായിരുന്നു അത്. തൊണ്ണൂറു വര്‍ഷം മുന്‍പ് അങ്ങനെ ഒരു നിലപാട് സ്വീകരിച്ച കോണ്‍ഗ്രസിന് ഇന്ന് ഇക്കാര്യം പരസ്യമായി ആവശ്യപ്പെടാന്‍ കഴിയുമോ. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിക്കും ഒരേ നിലപാട് സ്വീകരിക്കാന്‍ കഴിയുമോ. ബിജെപി സംസ്ഥാന നേതൃത്വത്തിനും കേന്ദ്ര നേതൃത്വത്തിനും ഈ വിഷയത്തില്‍ എന്തു നിലപാട് സ്വീകരിക്കാന്‍ കഴിയും. ശബരിമല ക്ഷേത്ര പ്രവേശനം പോലെ ആചാരപരമല്ല ഇത്. ഗുരുതരമായ ജാതി വിവേചനമാണ് നടക്കുന്നത് എന്നതാണ് ഈ വിഷയത്തിന്റെ സത്യം എന്നെങ്കിലും ഇവരൊക്കെ അംഗീകരിക്കുമോ?