വിദ്യാർഥികൾ കൂട്ടമായി നിസ്കാരിക്കുന്നതിൻ്റെ വീഡിയോ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത ഖാലിദ് പ്രധാൻ എന്ന വിദ്യാർഥിയാണ് അറസ്റ്റിലായത്
ഉത്തർപ്രദേശിലെ മീററ്റിൽ സ്വകാര്യ സർവകലാശാല ഗ്രൗണ്ടിൽ നിസ്കരിച്ചതിന് വിദ്യാർഥിയെ അറസ്റ്റ് ചെയ്ത് യുപി പൊലീസ്. സർവകലാശാല ക്യാമ്പസിൽ വിദ്യാർഥികൾ നിസ്കരിക്കുന്ന വീഡിയോ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത യുവാവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രദേശത്തെ ഹിന്ദു ഗ്രൂപ്പുകൾ നൽകിയ പരാതിയിലാണ് അറസ്റ്റ് നടന്നതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
മീററ്റിലെ ഐഐഎംടി യൂണിവേഴ്സിറ്റി ക്യാമ്പസിലാണ് സംഭവം. വിദ്യാർഥികൾ നിസ്കാരിക്കുന്നതിൻ്റെ വീഡിയോ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത ഖാലിദ് പ്രധാൻ എന്ന വിദ്യാർഥിയാണ് അറസ്റ്റിലായത്. സംഭവത്തിൽ ഖാലിദ് പ്രധാനെയും മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരെയും സർവകലാശാല അധികൃതർ സസ്പെൻഡ് ചെയ്തിരുന്നു. പിന്നാലെയാണ് ഖാലിദ് പ്രധാനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
ALSO READ: കർണാടക ചരിത്രത്തിലെ ഏറ്റവും വലിയ ലഹരി വേട്ട; 75 കോടി രൂപയുടെ MDMAയുമായി ദക്ഷിണാഫ്രിക്കൻ വനിതകൾ പിടിയിൽ
കാർത്തിക് ഹിന്ദു എന്നയാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് ഗംഗാ നഗർ പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ അനൂപ് സിങ് വ്യക്തമാക്കി. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 299 (ഏതെങ്കിലും വിഭാഗത്തിന്റെ മതവികാരങ്ങളെയോ മതവിശ്വാസങ്ങളെയോ അപമാനിച്ചുകൊണ്ട്, അവരുടെ മതവികാരങ്ങളെ പ്രകോപിപ്പിക്കാൻ ഉദ്ദേശിച്ചുള്ള മനഃപൂർവവും ക്ഷുദ്രകരവുമായ പ്രവൃത്തികൾ), ഐടി ആക്ടിലെ വകുപ്പുകൾ എന്നിവ ചുമത്തിയാണ് കേസ് ഫയൽ ചെയ്തതെന്നും പൊലീസ് വ്യക്തമാക്കി.
തുറസ്സായ സ്ഥലത്ത് നിസ്കാരിച്ചതും, അതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതും സാമുദായിക ഐക്യം തകർക്കാൻ വേണ്ടിയാണെന്നാണ് ഐഐഎംടി സർവകലാശാല വക്താവിൻ്റെ പക്ഷം. ഹോളി സമയത്താണ് വീഡിയോ പ്രചരിച്ചതെന്നതും പ്രസക്തമാണെന്നും ഹിന്ദുസംഘടനകൾ വാദിച്ചു. അതേസമയം സോഷ്യൽ മീഡിയയിലുൾപ്പെടെ അറസ്റ്റിനെതിരെ വലിയ രീതിയിലുള്ള വിമർശനം ഉയരുന്നുണ്ട്.