50 പന്തിൽ 74 റൺസ് നേടി അമ്പാട്ടി റായിഡുവാണ് ഇന്ത്യ മാസ്റ്റേഴ്‌സിന് അനായാസ വിജയം നേടിത്തന്നത്
ഇൻ്റർനാഷണൽ മാസ്റ്റേഴ്സ് ലീഗ് കിരീടം ഇന്ത്യക്ക്. ആറ് വിക്കറ്റിനാണ് ഫൈനലിൽ ഇതിഹാസ താരമായ ബ്രയൻ ലാറയുടെ വെസ്റ്റ് ഇൻഡീസിനെ ക്രിക്കറ്റ് ദൈവം സച്ചിൻ ടെണ്ടുൽക്കറുടെ ഇന്ത്യ മാസ്റ്റേഴ്സ് തകർത്തത്. 50 പന്തിൽ 74 റൺസ് നേടി അമ്പാട്ടി റായിഡുവാണ് ഇന്ത്യ മാസ്റ്റേഴ്‌സിന് അനായാസ വിജയം നേടിത്തന്നത്. 17.1 ഓവറിലാണ് ഇന്ത്യ വിജയലക്ഷ്യം മറികടന്നത്. 50 ബോളുകളിൽ നിന്ന് മൂന്ന് സിക്സും ഒൻപത് ഫോറും അടങ്ങുന്നതാണ് റായിഡുവിൻ്റെ സ്കോർ.
ടോസ് നഷ്ടപ്പെട്ടാണ് ഇന്ത്യ ബോളിങിന് ഇറങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് ഡെയ്ൽ സ്മിത്തിൻ്റെയും ലിൻഡൺ സിമൺസിൻ്റെയും മികച്ച പ്രകടനത്തിലാണ് 148 എന്ന സ്കോറിലേക്ക് എത്തുന്നത്. ബോൾ ചെയ്ത ഇന്ത്യക്ക് വേണ്ടി വിനയ് കുമാറും (3) ഷഹബാസ് നദീമും (2) ചേർന്ന് അഞ്ച് വിക്കറ്റുകൾ വീതം നേടിയിരുന്നു. ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് വേണ്ടി 18 ബോളിൽ നിന്നും 25 റണ്ണാണ് സച്ചിൽ ടെണ്ടുൽക്കർ നേടിയത്. രണ്ട് ഫോറും ഒരു സിക്സുമടങ്ങുന്നതാണ് സച്ചിൻ്റെ സ്കോർ.
നേരത്തെ ഗ്രൂപ്പ് ഘട്ടത്തിലും വെസ്റ്റ് ഇൻഡീസിനെ ഇന്ത്യ അനായാസം തോൽപ്പിച്ചിരുന്നു. നേരത്തെ ഗ്രൂപ്പ് ഘട്ടത്തിൽ അഞ്ചിൽ നാല് മത്സരവും ജയിച്ചാണ് ഇന്ത്യ സെമിയിലെത്തിയത്. ഗ്രൂപ്പ് ഘട്ടത്തിൽ അഞ്ചിൽ മൂന്ന് മത്സരം ജയിച്ചാണ് വെസ്റ്റ് ഇൻഡീസ് വരുന്നത്.
ആദ്യമായാണ് പൂർണമായ ഫോർമാറ്റിൽ ഇൻ്റർനാഷണൽ മാസ്റ്റേഴ്സ് ലീഗ് ടൂർണമെൻ്റ് നടക്കുന്നത്. ആറ് ടീമുകളാണ് മത്സരത്തിൽ ആകെ പങ്കെടുത്തത്.