രക്ഷാപ്രവര്‍ത്തനത്തിന്റെ ഘട്ടം പൂര്‍ത്തിയാക്കി സംസ്ഥാനം പുനരധിവാസത്തിലേക്ക് കടന്ന നാളുകള്‍ മുതല്‍ ദുരിതബാധിതര്‍ ഉന്നയിക്കുന്ന പല പ്രശ്‌നങ്ങളും ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ല
ചൂരല്‍മല-മുണ്ടക്കൈ ദുരിതബാധിതര്‍ക്കായുള്ള ടൗണ്‍ഷിപ്പ് നിര്‍മാണം ആരംഭിക്കാനിരിക്കെ ദുരിതക്കയം നീന്തിക്കയറിയ മനുഷ്യരുടെ ആശങ്കകള്‍ക്ക് അറുതിയില്ല. ദുരിതബാധിത പ്രദേശത്തുള്ള മുഴുവന്‍ പേരും ലിസ്റ്റില്‍ ഉള്‍പ്പെട്ടില്ല എന്ന പരാതി ശക്തമാണ്. സകലതും നഷ്ടപ്പെട്ടവര്‍ക്കുള്ള 300 രൂപ ധനസഹായം പുനഃസ്ഥാപിക്കുമെന്ന ഉത്തരവും നടപ്പായില്ല. നിര്‍ദിഷ്ട ടൗണ്‍ഷിപ്പിനെ കുറിച്ചും പരാതികള്‍ അനവധിയാണ്.
രാജ്യം വിറങ്ങലിച്ചുപ്പോയ ദുരന്തമുഖം, കേരളം കരഞ്ഞുതീര്‍ത്ത ദിനരാത്രങ്ങള്‍. സംസ്ഥാനത്തെ ഏറ്റവും വലിയ പ്രകൃതിദുരന്തം. ജീവന്‍ നഷ്ടപ്പെട്ടത് 300ഓളം പേര്‍ക്ക്. ഇനിയും കണ്ടെത്താനുള്ളത് 32 പേരെ. ജീവിക്കുന്ന രക്തസാക്ഷിയായി ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട് ആയിരങ്ങള്‍. രക്ഷാപ്രവര്‍ത്തനത്തിന്റെ ഘട്ടം പൂര്‍ത്തിയാക്കി സംസ്ഥാനം പുനരധിവാസത്തിലേക്ക് കടന്ന നാളുകള്‍ മുതല്‍ ദുരിതബാധിതര്‍ ഉന്നയിക്കുന്ന പല പ്രശ്‌നങ്ങളും ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ല. നാട് നടുങ്ങിയിട്ട് എട്ട് മാസം. നടുക്കം മാറാതെ സമരമിരിക്കേണ്ടിവന്ന നിസഹായരായ മനുഷ്യര്‍.
പുനരധിവാസത്തിനുള്ള പട്ടിക സംബന്ധിച്ച പരാതിക്ക് നാളുകളുടെ പഴക്കമുണ്ട്. മേപ്പാടി പഞ്ചായത്ത് തയാറാക്കിയ പട്ടികയില്‍ 640 പേര്‍ ഇടംപിടിച്ചപ്പോള്‍, സബ് കലക്ടര്‍ തയാറാക്കിയ ലിസ്റ്റില്‍ വിവിധ മാനദണ്ഡപ്രകാരം ഉള്‍പ്പെട്ടത് ആകെ 393 പേര്‍ മാത്രം. ദുരന്തത്തില്‍ പൂര്‍ണമായോ ഭാഗികമായോ വീട് തകര്‍ന്നവരെ ഉള്‍പ്പെടുത്തിയുള്ള ഒന്നാംഘട്ട ലിസ്റ്റ്, ദുരന്ത മേഖലയില്‍ വാസയോഗ്യമല്ലാത്ത സ്ഥലത്തെ വീടുകളെ ഉള്‍പ്പെടുത്തിയുള്ള രണ്ടാം ഘട്ട എ ലിസ്റ്റ്, വാസയോഗ്യമല്ലാത്ത സ്ഥലത്ത് നിന്ന് 50 മീറ്ററിനുള്ളില്‍ ഒറ്റപ്പെട്ട വീടുകള്‍ ഉള്‍പ്പെടുത്തിയുള്ള രണ്ടാം ഘട്ട ബി ലിസ്റ്റ് എന്നിവയാണ് മൂന്ന് ലിസ്റ്റുകള്‍ അപ്പോഴും മേപ്പാടി മലയുടെ നിശബ്ദതയെ പേടിച്ച് ജീവിക്കുന്ന സമീപപ്രദേശത്തുള്ളവര്‍ ഒരു പട്ടികയിലുമില്ല. പൂര്‍ണമായി ഒറ്റപ്പെട്ട മുണ്ടക്കൈ സ്‌കൂള്‍ റോഡരികിലായി പടവെട്ടിക്കുന്നില്‍ താമസിക്കുന്ന 27 കുടുംബങ്ങള്‍, ഉരുള്‍പൊട്ടല്‍ പ്രഭവ കേന്ദ്രമായ പുഞ്ചിരി മറ്റത്തെ 6 കുടുംബങ്ങള്‍, റാട്ട-മുണ്ടക്കൈ പാടികള്‍, അട്ടമല പ്രദേശത്തുകാര്‍ തുടങ്ങിയവര്‍ പ്രതിഷേധവുമായി തെരുവിലാണ്. മറ്റൊരുദുരന്തം വേണ്ടിവരുമോ തങ്ങളെയും പരിഗണിക്കാന്‍ എന്നാണ് ഇവരുടെ ചോദ്യം.
തൊഴില്‍ നഷ്ടപ്പെട്ട ദുരിതബാധിതര്‍ക്കായി സര്‍ക്കാര്‍ പ്രതിദിനം 300 രൂപ നല്‍കിയിരുന്നത് നിലച്ചിരുന്നു. ഇത് പുനഃസ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഉത്തരവായെങ്കിലും അതും നടപ്പായില്ല. ടൗണ്‍ഷിപ്പ് നിര്‍മാണത്തിനായി തെരഞ്ഞെടുത്ത രണ്ട് എസ്റ്റേറ്റുകള്‍ നിയമപ്രശ്‌നത്തില്‍ കുടുങ്ങിയപ്പോള്‍ നടപടികള്‍ വീണ്ടും നീണ്ടു. തല്‍ക്കാലം ഒരു ടൗണ്‍ഷിപ്പെന്ന സര്‍ക്കാര്‍ തീരുമാനത്തിലും ആക്ഷേപമുണ്ട്. അതോടൊപ്പമാണ് 27ന് തറക്കലിടുന്ന എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ ഓരോ കുടുംബത്തിനും നല്‍കുന്ന ഭൂമി അപര്യാപ്തമാണെന്ന പരാതി. 7 സെന്റില്‍ 1000 ചതുരശ്ര അടിയില്‍ വീട് നിര്‍മ്മിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ 10 സെന്റില്‍ വീട് വേണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് ദുരന്ത ബാധിതര്‍. നഷ്ടപരിഹാരം 40 ലക്ഷമാക്കണമെന്ന ആവശ്യവും സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല. 15 ലക്ഷമാണ് സര്‍ക്കാര്‍ നിശ്ചയിച്ച നഷ്ടപരിഹാരം.
ഇതിനാല്‍ തന്നെ ടൗണ്‍ഷിപ്പില്‍ വീടിനായുള്ള ആദ്യഘട്ട ഗുണഭോകൃത ലിസ്റ്റില്‍ ഉള്‍പ്പെട്ട 196 പേരില്‍ 30 പേര്‍ മാത്രമാണ് സമ്മതപത്രം നല്‍കിയത്. നിലവില്‍ വാടക വീട്ടില്‍ കഴിയുന്ന ദുരന്തബാധിതരും നിരവധി പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. അതില്‍ പ്രധാനം വാടക കൃത്യമായി ലഭിക്കുന്നില്ല എന്നതാണ്. വാടക വൈകുന്നത് മൂലം വീട് മാറേണ്ടിവന്നു പലര്‍ക്കും. ആദ്യഘട്ടത്തില്‍ സൗജന്യമായിരുന്ന കറന്റ് ബില്‍, വാട്ടര്‍ ബില്‍, തുടര്‍ ചികിത്സ തുടങ്ങിയവയെല്ലാം മുടങ്ങി. തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് ദിവസം 300 രൂപ മൂന്ന് മാസം നല്‍കിയെങ്കിലും പിന്നീട് നിര്‍ത്തി. ഫെബ്രുവരിയില്‍ പുനഃസ്ഥാപിച്ചെങ്കിലും ഇതുവരെ വിതരണം ചെയ്യാന്‍ ആയിട്ടില്ല. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് ലോണ്‍ എടുത്തവര്‍ക്ക് ഭീഷണി സന്ദേശവും ലഭിച്ചു തുടങ്ങി.
ദുരന്തത്തിന് പിന്നാലെ സന്നദ്ധ സംഘനകള്‍ സര്‍ക്കാരിനെ സമീപിച്ചു വീട് നിര്‍മാണത്തിന് താത്പര്യം അറിയിച്ചിരുന്നു. ഭൂമി സര്‍ക്കാര്‍ ഏറ്റടുത്തു തരണമെന്നതായിരുന്നു ഏക ആവശ്യം. സന്നദ്ധ സംഘടനകളുടെ യോഗം പോലും സര്‍ക്കാര്‍ വിളിക്കാതായതോടെ സ്വന്തം നിലയില്‍ പലരും വീട് നിര്‍മാണം ആരംഭിച്ചു. സര്‍ക്കാരിന്റെ ചില നടപടികള്‍ അനിശ്ചിതത്തിന് വഴിയൊരുക്കി എന്ന് പലകോണില്‍ നിന്ന് ആരോപണങ്ങളുയര്‍ന്നു. ദുരിതബാധിതരുടെ പരാതിയിലടക്കം സര്‍ക്കാരിന്റെ പ്രതികരണം ഇങ്ങനെ.