സംസ്ഥാനത്തെ മറ്റു മെഡിക്കൽ കോളേജുകളിലെല്ലാം പിജി ഡോക്ടർമാർക്കുള്ള സ്റ്റൈപ്പൻഡ് ലഭിച്ചെങ്കിലും കോഴിക്കോട് മെഡിക്കൽ കോളേജിൽ മാത്രമാണ് ലഭിക്കാത്തത് എന്ന് ഇവർ പറയുന്നു
സ്റ്റൈപ്പൻഡ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിലെ പിജി ഡോക്ടർമാർ സമരത്തിലേക്ക്. ആദ്യഘട്ടമായി സൂചന പണിമുടക്ക് സമരം നടത്തി. ചൊവ്വാഴ്ച മുതൽ ഒപി ഉൾപ്പെടെ ബഹിഷ്കരിച്ച് സമരം ശക്തമാക്കാനാണ് പിജി ഡോക്ടർമാരുടെ തീരുമാനം.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പിജി ഡോക്ടർമാർ ഉള്ളത് കോഴിക്കോട് മെഡിക്കൽ കോളേജിലാണ്. എല്ലാ മാസവും ആദ്യ ആഴ്ച തന്നെ സ്റ്റൈപ്പൻഡ് ലഭ്യമാക്കും എന്നായിരുന്നു ഇവർക്ക് ലഭിച്ച ഉറപ്പ്. എന്നാൽ ഈ മാസം ഇതുവരെയും ഇവർക്ക് സ്റ്റൈപ്പൻഡ് ലഭിച്ചിട്ടില്ല. സംസ്ഥാനത്തെ മറ്റു മെഡിക്കൽ കോളേജുകളിലെല്ലാം പിജി ഡോക്ടർമാർക്കുള്ള സ്റ്റൈപ്പൻഡ് ലഭിച്ചെങ്കിലും കോഴിക്കോട് മെഡിക്കൽ കോളേജിൽ മാത്രമാണ് ലഭിക്കാത്തത് എന്ന് ഇവർ പറയുന്നു. ഈ അവഗണനയിൽ പ്രതിഷേധിച്ച് അനിശ്ചിതകാല സമരത്തിലേക്ക് കടക്കാൻ ഒരുങ്ങുകയാണ് പിജി ഡോക്ടർമാർ.
സമരത്തിന്റെ ആദ്യപടിയായി സൂചന പണിമുടക്ക് നടത്തി പിജി ഡോക്ടർമാർ പ്രതിഷേധിച്ചിരുന്നു. ചൊവ്വാഴ്ച മുതൽ ഒപി ഉൾപ്പെടെ ബഹിഷ്കരിച്ച് സമരം ശക്തമാക്കാനാണ് തീരുമാനം. നിലവിൽ ഡോക്ടർമാരുടെ ക്ഷാമം നേരിടുന്ന കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പിജി ഡോക്ടർമാരും സമരത്തിലേക്ക് കടക്കുമ്പോൾ അത് ആശുപത്രി പ്രവർത്തനത്തെയും, രോഗികളെയും കൂടുതൽ പ്രതിസന്ധിയിലാക്കും.