fbwpx
ട്യൂണ്‍ കൊള്ളില്ലെന്ന് മ്യൂസിക് ഡയറക്ടര്‍ പറഞ്ഞു; ഒറ്റ ടേക്കില്‍ ചിത്ര പാടി, പൈതലാം യേശുവേ...
logo

എസ് ഷാനവാസ്

Last Updated : 23 Dec, 2024 02:12 PM

നാല്‍പ്പത് വര്‍ഷമായി ആ ക്രിസ്മസ് ഗാനം മലയാളികളൊന്നാകെ ഏറ്റുപാടുന്നു

CHRISTMAS 2024



മാതാവിന്റെ മടിയില്‍ കിടക്കുന്ന ഉണ്ണീശോയ്ക്കൊരു താരാട്ടുപാട്ട്. മലയാളത്തിന്റെ പ്രിയപ്പെട്ട ഗായിക കെ.എസ്. ചിത്രയുടെ ആദ്യകാല ശബ്ദം. കഴിഞ്ഞ നാല്‍പ്പത് വര്‍ഷമായി ആ ക്രിസ്മസ് ഗാനം മലയാളികളൊന്നാകെ ഏറ്റുപാടുന്നു, പൈതലാം യേശുവേ ഉമ്മവെച്ചുമ്മവെച്ചുറക്കിയ... ക്രിസ്മസിന്റെ ആഘോഷരാവുകളെ ഭക്തിസാന്ദ്രമാക്കുന്ന ആ പാട്ടിന്റെ പിറവിക്കുമുണ്ട് ചില സവിശേഷതകള്‍.

1983 ഡിസംബറില്‍ പുറത്തിറങ്ങിയ സ്നേഹപ്രവാഹം എന്ന ക്രിസ്ത്യന്‍ ആല്‍ബത്തിലേതാണ് ഗാനം. സിസ്റ്റർ മേരി ആഗ്‌നസ്, ബ്രദർ ജോൺ കൊച്ചുതുണ്ടിൽ, ഫാദർ മാത്യു മൂത്തേടം, ബ്രദർ ജോസഫ് പാറാംകുഴി, ബ്രദർ മാത്യു ആശാരിപ്പറമ്പിൽ എന്നിവര്‍ വരികളെഴുതിയ ഗാനങ്ങള്‍ക്ക് ഫാദര്‍ ഡോ. ജസ്റ്റിന്‍ പനയ്ക്കലാണ് സംഗീതം പകര്‍ന്നത്. ഇതില്‍ സിസ്റ്റര്‍ മേരി ഒഴികെ എല്ലാവരും ആലുവ മംഗലപ്പുഴ സെമിനാരിയിലെ ഫാ. ജസ്റ്റിന്‍ പനയ്ക്കലിന്റെ ശിഷ്യരായിരുന്നു. തരംഗിണി ഓഡിയോസിനുവേണ്ടി ഗായകന്‍ കെ.ജെ. യേശുദാസ് നിര്‍മിച്ച ആല്‍ബത്തിലെ 11 ഗാനങ്ങളും പാടിയത് അദ്ദേഹം തന്നെയായിരുന്നു. പൈതലാം യേശുവേ മാത്രമാണ് ചിത്ര പാടിയത്. ബ്രദർ ജോസഫ് പാറാംകുഴിയുടേതായിരുന്നു വരികള്‍.

ആല്‍ബത്തിലെ 11 പാട്ടുകളുടെയും റെക്കോഡിങ് കഴിഞ്ഞശേഷമാണ്, ഒരു പാട്ടിന് ഫീമെയില്‍ ശബ്ദം വേണമെന്ന് ഫാ. പനയ്ക്കല്‍ യേശുദാസിനോട് പറയുന്നത്. ആല്‍ബത്തിന്റെ നിര്‍മാതാവ് കൂടിയായ യേശുദാസ് ചിത്രയുടെ പേര് നിര്‍ദേശിച്ചു. അന്ന് കോളേജില്‍ പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു ചിത്ര. ചലച്ചിത്ര പിന്നണി ഗാനരംഗത്ത് എത്തിയിട്ട് നാല് വര്‍ഷമായിരുന്നെങ്കിലും വിരലിലെണ്ണാവുന്ന ഗാനങ്ങള്‍ മാത്രമാണ് ചിത്ര അപ്പോള്‍ പാടിയിരുന്നത്. അടുത്ത ദിവസം ചിത്ര പാടാനെത്തി. വരികളും ഈണങ്ങളുമൊക്കെ ഫാ. പനയ്ക്കല്‍ പറഞ്ഞുകൊടുത്തു. 'വരികളുടെ പശ്ചാത്തലം' എന്താണെന്ന് ചിത്ര ചോദിച്ചു. 'മാതാവിന്റെ മടിയിലിരിക്കുന്ന ഉണ്ണീശോയ്ക്കായി ഒരു താരാട്ടുപാട്ട്' പാടിയാല്‍ മതിയെന്നായിരുന്നു ഫാ. പനയ്ക്കലിന്റെ മറുപടി. അതനുസരിച്ച് പാടിപ്പഠിച്ചശേഷം, ഒരു ട്രയല്‍ എടുത്തു. പിന്നീട് ടേക്കിന് പോയി. കേട്ടശേഷം വേണമെങ്കില്‍ വീണ്ടും പാടാമെന്നായി ചിത്ര. എന്നാല്‍, ഫാ. പനയ്ക്കല്‍ ആഗ്രഹിച്ചതിനപ്പുറമായിരുന്നു ചിത്രയുടെ ആലാപനം. അങ്ങനെ മലയാളത്തിലെ എക്കാലത്തെയും മികച്ച ക്രിസ്തീയ ഗാനങ്ങളിലൊന്ന് പിറവിയെടുത്തു.


ALSO READ: 'അഞ്ചു നിസ്‌കാരത്തിനും നോമ്പിനും നിത്യവൃത്തിക്കും ഊന്നല്‍ കൂടാതെ കാത്തുകൊള്ളാം'


പൈതലാം യേശുവേ എന്ന ഗാനത്തിന്റെ ഈണത്തെക്കുറിച്ചുമൊരു കഥയുണ്ട്. ഫാ. പനയ്ക്കല്‍ പാട്ടിന് ഈണം നല്‍കിക്കൊണ്ടിരിക്കെ, പ്രശസ്തനായൊരു സംഗീത സംവിധായകന്‍ അവിടെയെത്തി. ഫാദര്‍ ട്യൂണ്‍ അദ്ദേഹത്തെ കേള്‍പ്പിച്ചു, പക്ഷേ ഒട്ടും കൊള്ളില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇത് പനയ്ക്കലിനെ ഏറെ വിഷമിപ്പിച്ചു. തൊട്ടടുത്ത ദിവസം റെക്കോഡിങ് നടക്കേണ്ട പാട്ടാണ്. ആ സങ്കടവും പേറിയാണ് അദ്ദേഹം സെമിനാരിയില്‍ ക്ലാസെടുക്കാന്‍ എത്തിയത്. ഫാദര്‍ ആകെ സങ്കടത്തിലാണെന്ന് മനസിലാക്കിയ വൈദിക വിദ്യാര്‍ഥികള്‍ കാര്യം തിരക്കി. ഫാ. പനയ്ക്കല്‍ നടന്ന കാര്യങ്ങള്‍ പറഞ്ഞു. ഉടന്‍ തന്നെ ട്യൂണ്‍ കേള്‍ക്കണമെന്നായി അവര്‍. ആ ആല്‍ബത്തിലെ പാട്ടുകള്‍ക്ക് വരികളെഴുതിയ വൈദിക വിദ്യാര്‍ഥികള്‍ക്കു മുന്നില്‍ ഫാദര്‍ ഗാനം പാടി. അവര്‍ എല്ലാവരും ഒരേസ്വരത്തോടെ പറഞ്ഞു -ട്യൂണ്‍ അതിമനോഹരം. അതോടെ ഫാദറിന് ആശ്വാസമായി. പിന്നാലെ, സുഹൃത്തും വയലിനിസ്റ്റുമായ റെക്സ് ഐസക്കിനെയും ട്യൂണ്‍ പാടി കേള്‍പ്പിച്ചു. കേട്ടപാടെ റെക്സും പറഞ്ഞു - ഇത് സൂപ്പര്‍ ഹിറ്റാകും. അങ്ങനെ ഫാ. പനയ്ക്കല്‍ ആ ഈണം ഉറപ്പിച്ചു. ആല്‍ബത്തിലെ പാട്ടുകള്‍ക്കെല്ലാം ഓര്‍ക്കസ്ട്രേഷന്‍ ഒരുക്കി റെക്സ് കൂടെനിന്നു.

കര്‍ത്താവാം യേശുവേ മര്‍ത്യവിമോചകാ..., നായകാ ജീവദായകാ..., യേശുവെന്റെ പ്രാണനാഥന്‍..., ദൈവം പിറക്കുന്നു..., സ്നേഹസ്വരൂപാ തവദര്‍ശനം..., എന്‍ ജീവിതമാം ഈ മരക്കൊമ്പില്‍... എന്നിങ്ങനെ ആല്‍ബത്തിലെ പാട്ടുകളെല്ലാം ഒന്നിനൊന്ന് മികച്ചതായിരുന്നു. എങ്കിലും, പൈതലാം യേശുവേ... എന്ന ഗാനം എവര്‍ഗ്രീന്‍ ഹിറ്റായി. ചിത്രയുടെ സംഗീതവഴിയെ അടയാളപ്പെടുത്തുന്ന ഗാനമായും പൈതലാം യേശുവേ... മാറി. നാല് പതിറ്റാണ്ടിലേറെയായി മലയാള സംഗീതാസ്വാദകരുടെ മനസില്‍ ആ ഗാനം നിറഞ്ഞുനില്‍ക്കുന്നു. പൈതലായ യേശുവിനെ ഉമ്മവെച്ചുണര്‍ത്തിയ ആട്ടിടയരായ ഉന്നതരേ, നിങ്ങളുടെ ഹൃദയത്തില്‍ യേശുനാഥന്‍ പിറന്നു എന്നാണ് ഗാനത്തിന്റെ തുടക്കം. ഉണ്ണിയേശുവിന് താലപ്പൊലിയേകാനും, തംബുരു മീട്ടാനും, താരാട്ട് പാടിയുറക്കാനുമായി എത്തുന്ന നക്ഷത്രക്കൂട്ടത്തെയും, മലാഖമാരാകുന്ന ഗായകസംഘത്തെയും വര്‍ണിക്കുന്ന പാട്ട് അവസാനിക്കുന്നത് നാഥാധി നാഥനായ് വാഴുമെന്നീശനായ് ഉണര്‍വോടെ എന്റെ ഉള്‍ത്തടം ഏകുന്നു എന്നാണ്.


ALOS READ: ആസ്വാദകരെ 'ഞെരിപിരിപ്പനി'യിലാക്കി മു.രി ഇടവേളയെടുക്കുമ്പോള്‍


ഫാ. ജസ്റ്റിന്‍ പനയ്ക്കല്‍ - യേശുദാസ് കൂട്ടുകെട്ടില്‍ പിറവിയെടുത്ത രണ്ടാമത്തെ ആല്‍ബമായിരുന്നു സ്നേഹപ്രവാഹം. 1982ല്‍ പുറത്തിറങ്ങിയ തളിര്‍മാല്യം ആയിരുന്നു ഇരുവരും ഒന്നിച്ച ആദ്യ ആല്‍ബം. ആ കൂട്ടുകെട്ടിന്റെ പിറവിക്കു പിന്നിലും ഒരു അനുഭവകഥയുണ്ട്. 1978ല്‍, റോമിലെ പഠനം പൂര്‍ത്തീകരിച്ചെത്തിയ ഫാ. പനയ്ക്കലിന് കുവൈറ്റില്‍ നിന്നൊരു ക്ഷണം ലഭിച്ചു. ഫാ. പനയ്ക്കല്‍ മംഗലപ്പുഴ സെമിനാരിയില്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍, അവിടെ പ്രൊഫസറായിരുന്ന സ്‌പെയിന്‍കാരനായ ഫാ. വിക്ടര്‍ അന്ന് കുവൈറ്റിലെ മെത്രാനായിരുന്നു. കേരളത്തിലെ തന്റെ അനുഭവങ്ങള്‍ പുസ്തകമാക്കുന്നതിന് സഹായം തേടിയാണ് അദ്ദേഹം ഫാ. പനയ്ക്കലിനെ ക്ഷണിച്ചത്. അതിനിടെ ബൈബിള്‍ പ്രഭാഷണങ്ങളിലും ഫാ. പനയ്ക്കല്‍ പങ്കെടുത്തു. അങ്ങനെയൊരു വേദിയില്‍, യേശുദാസിന്റെയും ലതാ മങ്കേഷ്കറുടെയും ആലാപനത്തെയും സ്വരമാധുരിയെക്കുറിച്ചും ഫാദര്‍ സംസാരിച്ചു. കുവൈറ്റില്‍ പരിപാടിക്കെത്തിയ യേശുദാസിന്റെ സംഘത്തിലെ ഒരാള്‍ ആ സദസിലുണ്ടായിരുന്നു. അദ്ദേഹം ഇക്കാര്യം യേശുദാസിനെ അറിയിച്ചു. യേശുദാസിന്റെ ശബരിമല ദര്‍ശനത്തെ ക്രിസ്ത്യന്‍ സഭകള്‍ വിമര്‍ശിക്കുകയും, 'അയ്യപ്പദാസ്' എന്നൊക്കെ പരിഹാസവിളികള്‍ ഉയരുകയും ചെയ്തൊരു കാലമായിരുന്നു അത്. അതിനിടെ ഒരു പുരോഹിതന്‍ തന്റെ ആലാപനത്തെക്കുറിച്ച് സംസാരിച്ചത് അറിഞ്ഞപ്പോള്‍ യേശുദാസ് ഏറെ സന്തോഷിച്ചു.

അതിനടുത്ത ദിവസങ്ങളിലൊന്നില്‍, കുവൈറ്റ് മലയാളി അസോസിയേഷന്‍ യേശുദാസിന് നല്‍കിയ സ്വീകരണ പരിപാടിയില്‍ പങ്കെടുക്കാന്‍ ഫാ. പനയ്ക്കലും പോയി. ഫാദറിനെ കണ്ട യേശുദാസ് അദ്ദേഹത്തെ വേദിയിലേക്ക് ക്ഷണിച്ചു, ഒപ്പമിരുത്തി. പരിപാടിയുടെ ഇടവേളയില്‍, തനിക്കെതിരെ ക്രിസ്ത്യന്‍ സഭകള്‍ നടത്തുന്ന വിമര്‍ശനങ്ങളിലുള്ള ദുഃഖം യേശുദാസ് ഫാദറിനെ അറിയിച്ചു. ഫാദര്‍ ആശ്വാസവാക്കുകള്‍ പറഞ്ഞു. പിരിയാന്‍ നേരം ഫാദര്‍ ചോദിച്ചു - ഞാന്‍ സംഗീതം ചെയ്താല്‍ യേശുദാസ് പാടുമോ? ഫാദര്‍ എപ്പോള്‍ വിളിച്ചാലും വരാമെന്നായിരുന്നു യേശുദാസിന്റെ മറുപടി. ആ സമയത്ത് മാനസത്തിന്‍ മണിവാതില്‍ തുറന്നു ... എന്നൊരു ഗാനം മാത്രമായിരുന്നു ഫാ. പനയ്ക്കല്‍ ചെയ്തിരുന്നുള്ളൂ. 1982ല്‍, ഫാദര്‍ വിളിച്ചു, യേശുദാസ് വന്നു. അങ്ങനെ ഫാ. മാത്യൂ മൂത്തേടം എഴുതി ഫാ. പനയ്ക്കല്‍ ഈണമിട്ട നാല് ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയ തളിര്‍മാല്യം തരംഗിണിയിലൂടെ പുറത്തുവന്നു. പിന്നീട് സ്നേഹപ്രവാഹം, സ്നേഹസന്ദേശം എന്നീ ആൽബങ്ങളില്‍ കൂടി ഇരുവരും സഹകരിച്ചു. ഫാ. പനയ്ക്കല്‍ ഈണമിട്ട 29 പാട്ടുകളില്‍ 25ഉം പാടിയത് യേശുദാസായിരുന്നു. പൌരോഹിത്യത്തില്‍ പൂര്‍ണസമയം മുഴുകുന്നതിനായി സംഗീതമെന്ന ഹോബി ഫാ. പനയ്ക്കല്‍ ഉപേക്ഷിച്ചതോടെ ആ കൂട്ടുകെട്ട് ഇല്ലാതായെങ്കിലും, അദ്ദേഹം ഈണിട്ട ഗാനങ്ങള്‍ ഇന്നും ഹിറ്റാണ്.


WORLD
"ഷെയ്ഖ് ഹസീനയെ ധാക്കയിലേക്ക് തിരിച്ചയക്കണം"; ഇന്ത്യക്ക് നയതന്ത്ര കുറിപ്പ് അയച്ച് ബംഗ്ലാദേശ്
Also Read
user
Share This

Popular

KERALA
CRICKET
തത്തമംഗലം സ്‌കൂളിലെ ക്രിസ്മസ് പുൽക്കൂട് തകർത്ത സംഭവം; എഫ്ഐആർ രജിസ്റ്റർ ചെയ്‌ത് പൊലീസ്