വീട് ജപ്‌തി ചെയ്ത് ഉദ്യോഗസ്ഥർ മടങ്ങിയതോടെ പോകാൻ വേറെ ഇടമില്ലാത്ത അമ്മിണി വിറക് പുരയിലാണ് താമസിച്ചത്
തൃശൂരിൽ നോട്ടീസ് നൽകാതെ പട്ടികജാതി കുടുംബത്തെ ജപ്തി ചെയ്ത് കുടിയിറക്കിയതായി പരാതി. പുന്നയൂർകുളം ചെറായി സ്വദേശി അമ്മിണിയാണ് കേരള ബാങ്ക് വടക്കേക്കാട് ബ്രാഞ്ചിനും ഉദ്യോഗസ്ഥർക്കുമെതിരെ പരാതി ഉന്നിയിക്കുന്നത്. വീട് ജപ്‌തി ചെയ്ത് ഉദ്യോഗസ്ഥർ മടങ്ങിയതോടെ പോകാൻ വേറെ ഇടമില്ലാത്ത അമ്മിണി വിറക് പുരയിലാണ് താമസിച്ചത്. യാതൊരു മുന്നറിയിപ്പും നൽകാതെ ഉണ്ടായ നടപടിയായതിനാൽ മുറിക്കുള്ളിലുണ്ടായ മരുന്നോ, ഭക്ഷണമോ എടുക്കാനുള്ള സാവകാശം പോലും അധികൃതർ നൽകിയില്ലെന്നും കുടുംബം ആരോപിക്കുന്നു.
ALSO READ: "പ്രതിപക്ഷ നേതാവ് അഹങ്കാരത്തിൻ്റെ ആൾ രൂപം"; വി.ഡി. സതീശനെതിരെ വീണ്ടും വെള്ളാപ്പള്ളി
ജപ്‌തി ചെയ്‌ത വിവരം ഒരു ദിവസത്തിന് ശേഷമാണ് പഞ്ചായത്ത് അധികാരികളെ അറിയിക്കുന്നത്. വിവരമറിഞ്ഞെത്തിയ പഞ്ചായത്ത് മെമ്പർ ഗോകുലും നാട്ടുകാരും ചേർന്ന് സ്ഥലം സന്ദർശിക്കുകയും, വീട് തുറന്ന് മരുന്നും ഭക്ഷണവും എടുത്ത് നൽകുകയും ചെയ്തിരുന്നു. ഇതറിഞ്ഞ് എത്തിയ ബാങ്ക് ഉദ്യോഗസ്ഥർ വാതിൽ, പട്ടിക കഷ്ണങ്ങൾ ഉപയോഗിച്ച് ആണിയടിച്ച് തുറക്കാനാവാത്ത വിധമാക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്‌തതായി കുടുംബം ആരോപിച്ചു. നിർധനരായ കുടുംബത്തെ സഹായിക്കാൻ നാട്ടുകാർ ചേർന്ന് പണം സ്വരൂപിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. കടം വീട്ടാൻ നാട്ടുകാർ സഹായിക്കാമെന്ന് ഉറപ്പ് നൽകിയിട്ടും ബാങ്ക് ഉദ്യോഗസ്ഥർ വഴങ്ങുന്നില്ലെന്ന ആരോപണവും ഉയരുന്നുണ്ട്.