വിമതർ ഭരണം പിടിച്ചെടുത്തതിന് പിന്നാലെയാണ് ബാഷർ അൽ അസദ് റഷ്യയിൽ അഭയം തേടിയത്
വിമതർ ഭരണം പിടിച്ചെടുത്തതോടെ അധികാരം നഷ്ടപ്പെട്ട സിറിയൻ പ്രസിഡൻ്റ് ബഷാർ അൽ അസദിൻ്റെ ഭാര്യ അസ്‍മ അൽ അസദ് വിവാഹമോചനത്തിന് അപേക്ഷിച്ചതായി റിപ്പോർട്ട്. മോസ്കോയിലെ ജീവിതം തൃപ്തികരമല്ലെന്നും, അതിനാൽ യുകെയിൽ ജനിച്ചു വളർന്ന അസ്മ തിരികെ പോകാൻ ആഗ്രഹിക്കുന്നെന്നുമാണ് അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വിമതർ ഭരണം പിടിച്ചെടുത്തതിന് പിന്നാലെയാണ് ബഷാർ അൽ അസദ് റഷ്യയിൽ അഭയം തേടിയത്.
റഷ്യൻ കോടതിയിൽ അസ്മ വിവാഹമോചന അപേക്ഷ സമർപ്പിച്ചതായാണ് റിപ്പോർട്ട്. ഇതിനൊപ്പം മോസ്കോ വിടാനുള്ള പ്രത്യേക അനുമതിക്കും ഇവർ അപേക്ഷിച്ചിട്ടുണ്ട്. ലണ്ടനിൽ ജനിച്ചു വളർന്ന അസ്മയ്ക്ക് ബ്രിട്ടീഷ്-സിറിയൻ പൗരത്വമുണ്ട്. 2000ത്തിൽ, തൻ്റെ 25ാം വയസിൽ മാതാപിതാക്കൾക്കൊപ്പം സിറിയയിലേക്ക് താമസം മാറിയ അസ്മ, അതേ വർഷം തന്നെ ബഷാർ അൽ അസദിനെ വിവാഹം ചെയ്തു.
അസദ് റഷ്യൻ സർക്കാരിന്റെ കടുത്ത നിയന്ത്രണങ്ങൾക്കു വിധേയനായാണു നിലവിൽ കഴിയുന്നത്. അഭയം തേടിയുള്ള അപേക്ഷ റഷ്യ സ്വീകരിച്ചെങ്കിലും, അസദിന് രാജ്യം വിടാനോ രാഷ്ട്രീയ പ്രവർത്തനങ്ങൾ നടത്താനോ അനുവാദമില്ല. ഇതുകൂടാതെ 70 കിലോ സ്വർണം, 2 ബില്യൺ യുഎസ് ഡോളർ തുടങ്ങി അസദിൻ്റെ സ്വത്തുക്കളെല്ലാം റഷ്യ മരവിപ്പിക്കുകയും ചെയ്തു.
അസദ് ഭരണകൂടവുമായുള്ള ബന്ധം കാരണം, യൂറോപ്യൻ യൂണിയൻ അസ്മയ്ക്കുള്ള സാമ്പത്തിക സഹായ നിരോധനം, യാത്ര നിയന്ത്രണം എന്നിവ ഏർപ്പെടുത്തിയിരുന്നു. പീഡനത്തെയും അസദിൻ്റെ രാസായുധ പ്രയോഗത്തെയും പിന്തുണച്ചുവെന്ന ആരോപണമുൾപ്പെടെ ഇവർക്ക് നേരെ ഉയർന്നിരുന്നു.
സിറിയയിൽ തെഹ്രീർ അൽ ഷാം നടത്തിയ മുന്നേറ്റങ്ങൾ ദിവസങ്ങൾക്കുള്ളിൽ ലക്ഷ്യം കണ്ടതോടെയാണ് പ്രസിഡൻ്റ് ബഷാർ അൽ അസദ് സിറിയ വിട്ട് മോസ്കോയിലേക്ക് കടന്നത്. ഇതിന് പിന്നാലെ അസദ് ഭരണത്തിനുകീഴില്‍ നടന്ന കൂട്ടക്കൊലയുടെ തെളിവായി കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തിയിരുന്നു. ദമാസ്കസിലടക്കം മറവു ചെയ്യപ്പെട്ട ഒരു ലക്ഷത്തിലധികം മൃതദേഹാവശിഷ്ടങ്ങളാണ് കണ്ടെടുത്തത്. യുഎന്‍-യുഎസ് സന്നദ്ധ പ്രവർത്തകരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിൽ കൂട്ടക്കുഴിമാടങ്ങൾ കണ്ടെടുക്കുകയായിരുന്നു. അസദ് ഭരണകൂടത്തിനെതിരായ യുദ്ധ കുറ്റകൃത്യങ്ങൾക്ക് നിർണായക തെളിവാകും ഇവയെന്നാണ് വിലയിരുത്തൽ.
ALSO READ: അസദ് ഭരണകൂടത്തിൻ്റെ കൊടും ക്രൂരതകൾ പുറത്ത്; കൂട്ടക്കുഴിമാടങ്ങൾ കണ്ടെത്തി
അസദ് ഭരണത്തിന്‍റെ പതനത്തിനുശേഷം, സിറിയൻ എമർജൻസി ടാസ്‌ക് ഫോഴ്‌സ് നടത്തിയ അന്വേഷണങ്ങളില്‍ നിന്നാണ് ഈ കൂട്ടക്കുഴിമാടങ്ങളുടെ വിവരം പുറത്തുവന്നത്.
ദമാസ്കസിന് 40 കിലോമീറ്റർ വടക്ക് ഖുതുഫ പ്രവിശ്യയില്‍ നിന്നും അഞ്ച് കൂട്ടകുഴിമാടങ്ങളാണ് കണ്ടെടുത്തത്. തെക്കൻ സിറിയയിലെ ടാഡമന്‍ അടക്കം മേഖലകളില്‍ നിന്ന് 12ഓളം കുഴിമാടങ്ങളും. സ്ത്രീകളുടെയും കുട്ടികളുടെയും അടക്കം മനുഷ്യാവശിഷ്ടങ്ങളായി ഇതുവരെ കണ്ടെത്തിയത് ഒരു ലക്ഷത്തിനുമുകളില്‍ മൃതദേഹങ്ങളാണ്.