ജമ്മു കശ്മീരിലെ റിയാസി ജില്ലയിലെ ചെനാബ് റെയിൽ ആർച്ച് പാലം ജനുവരി 26ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിക്കും
ജമ്മുകശ്മീരിലെ ചെനാബ് റെയിൽ പാലമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ വാർത്താ താരം. നീളത്തിലും ഉയരത്തിലുമെല്ലാം ലോകത്തെ പല നിർമിതികളെയും വെല്ലുന്ന ചെനാബ് ആർച്ച് ബ്രിഡ്ജ് ഉദ്ഘാടനത്തിന് ഒരുങ്ങുകയാണ്. കശ്മീരിനെ ഇന്ത്യയുടെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ചെനാബ് പാലം ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയില്‍പ്പാലമാണ്. ജമ്മു കശ്മീരിലെ റിയാസി ജില്ലയിലെ ചെനാബ് റെയിൽ ആർച്ച് പാലം ജനുവരി 26ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിക്കും.
ജമ്മു കശ്മീരിലെ റിയാസി ജില്ലയില്‍ ബക്കലിനും കൗരിക്കും ഇടയില്‍ ചെനാബ് നദിക്കു കുറുകെയാണ് ചെനാബ് ആര്‍ച്ച് ബ്രിഡ്ജ് നിര്‍മിച്ചിരിക്കുന്നത്. കശ്മീരിനെ ഇന്ത്യയുടെ റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന റെയിൽ പാലത്തിന് പ്രത്യേകതകൾ ഏറെയാണ്. 1315 മീറ്റർ നീളം, നദീനിരപ്പിൽ നിന്ന് 359 മീറ്ററും സമുദ്രനിരപ്പിൽ നിന്ന് 331 മീറ്റർ ഉയരം. ഈഫൽ ടവറിനേക്കാൾ 35 മീറ്ററും കുത്തബ് മിനാറിനേക്കാൾ 5 ഇരട്ടി കൂടുതൽ ഉയരവുമുണ്ട് ഈ പാലത്തിന്.
ജമ്മു ഡിവിഷനിലെ ബക്കൽ, ദുഗ്ഗ റെയില്‍വേ സ്റ്റേഷനുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലത്തിന് മണിക്കൂറിൽ 260 കിലോമീറ്ററിൽ പാഞ്ഞെത്തുന്ന കാറ്റിനെ അതിജീവിക്കാൻ സാധിക്കും. ഉധംപുര്‍-ശ്രീനഗര്‍-ബാരാമുള്ള സെക്ഷന്റെ ഭാഗമായ കത്രയ്ക്കും ബനിഹാലിനും ഇടയിലെ 111 കിലോമീറ്ററിനെ ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയാണ് ചെനാബ് പാലം. മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ഇടയ്ക്കിടെ അടച്ചുപൂട്ടുന്ന ജമ്മു-ശ്രീനഗര്‍ ദേശീയ പാതയ്ക്കുള്ള ബദല്‍പാതയായും ഇതിനെ ഉപയോഗിക്കാം.
2002 ലാണ് ചെനാബ് ആർച്ച് ബ്രിഡ്ജ് പ്രൊജക്ടിന് അംഗീകാരം ലഭിക്കുന്നത്. ഏകദേശം 37,000 കോടി രൂപയാണ് റെയിൽവേ ഈ ഭീമാകാരന് വേണ്ടി ചെലവഴിച്ചിരിക്കുന്നത്. ജനുവരി 26 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പാലം രാജ്യത്തിന് സമർപ്പിക്കുന്നതോടെ രാജ്യത്തിൻ്റെ ടൂറിസം മേഖലയുടെ വളർച്ചയിൽ വിപ്ലവം സൃഷ്ടിക്കപ്പെടുമെന്നാണ് വിലയിരുത്തൽ.