സിഎംആര്‍എല്ലിന്റെ ഹർജി ഡൽഹി ഹൈക്കോടതി വിധി പറയാന്‍ മാറ്റി
എക്‌സാലോജിക്കിന് സിഎംആര്‍എല്‍ പണം നല്‍കിയത് അഴിമതി തന്നെയെന്ന് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. തടസമില്ലാത്ത പ്രവര്‍ത്തനത്തിനാണ് സിഎംആര്‍എല്‍ എക്‌സാലോജികിന് പണം നല്‍കിയതെന്നും എസ്എഫ്‌ഐഒ കോടതിയിൽ വ്യക്തമാക്കി. നികുതി രേഖകള്‍ എസ്എഫ്‌ഐഒയ്ക്ക് കൈമാറിയത് നിയമപരമെന്ന് ആദായ നികുതി വകുപ്പും അറിയിച്ചു. സിഎംആര്‍എല്ലിന്റെ ഹർജി ഡൽഹി ഹൈക്കോടതി വിധി പറയാന്‍ മാറ്റി.
സിഎംആർഎൽ ഭീകര പ്രവര്‍ത്തനങ്ങളെ അനുകൂലിക്കുന്നവര്‍ക്ക് പണം നല്‍കിയതായി സംശയമുണ്ടെന്ന് എസ്എഫ്ഐഒ കഴിഞ്ഞ തവണ വാദിച്ചിരുന്നു. എക്സാലോജിക്കിന് പണം നല്‍കിയത് രാഷ്ട്രീയ നേതാവിനെ സ്വാധീനിക്കാനെന്ന് സംശയമുണ്ടെന്നും എസ്എഫ്ഐഒ ആരോപിച്ചിരുന്നു. ഇക്കാര്യങ്ങളിലും, ഹര്‍ജിയില്‍ കക്ഷിചേരാനുള്ള ഷോണ്‍ ജോര്‍ജിന്‍റെ അപേക്ഷയിലുമാണ് കോടതി ഇന്ന് വാദം കേട്ടത്.
ALSO READ: വനനിയമ ഭേദഗതിയില്‍ അതൃപ്തി; കേരള കോണ്‍ഗ്രസ് (എം) നേതാക്കള്‍ ഇന്ന് മുഖ്യമന്ത്രിയെ കാണും
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ എക്സാലോജിക് കമ്പനിയുമായുമായി ബന്ധപ്പെട്ട മാസപ്പടിക്കേസിലാണ് കേന്ദ്ര ഏജൻസി എസ്എഫ്ഐഒ അന്വേഷണം നടത്തുന്നത്. ഇതിനെതിരെയാണ് സിഎംആർഎൽ ഡൽഹി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.
കേസുമായി ബന്ധപ്പെട്ട എസ്എഫ്‌ഐഒ അന്വേഷണം ചട്ടവിരുദ്ധമെന്ന് സിഎംആര്‍എല്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. എസ്എഫ്‌ഐഒ അന്വേഷണം ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയിലാണ് സിഎംആര്‍എല്‍ നിലപാട് അറിയിച്ചത്. ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡ് തീര്‍പ്പാക്കിയ കേസിൽ എസ്എഫ്‌ഐഒ അന്വേഷണം നടത്തുന്നത് നിയമ വിരുദ്ധമാണെന്നും സിഎംആർഎൽ അറിയിച്ചിരുന്നു.