2024 അവസാനിക്കുമ്പോള്‍ ഈ വര്‍ഷം തീര്‍ച്ചയായും ഓര്‍ക്കപ്പെടുന്ന ഒരു കാരണം പെണ്‍കഥകളായിരിക്കുമെന്നതില്‍ സംശയമില്ല.
2024ല്‍ പുറത്തിറങ്ങിയ സിനിമകളില്‍ കൂടുതലും സ്ത്രീ കേന്ദ്രീകൃതമായിരുന്നു. ഈ സിനിമകളിലൂടെ നമ്മള്‍ ശക്തമായ സ്ത്രീ കഥാപാത്രങ്ങളെയാണ് കണ്ടത്. അതോടൊപ്പം തന്നെ ലിംഗസമത്വത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും ഈ സിനിമകള്‍ കാരണമാവുകയായിരുന്നു. വ്യത്യസ്ത തരത്തിലുള്ള നിരവധി സ്ത്രീ കഥാപാത്രങ്ങളെ നമുക്ക് മുന്നിലേക്ക് ഈ സിനിമകള്‍ എത്തിച്ചു. സ്വതന്ത്രമായി ചിന്തിക്കുന്ന, സംഘര്‍ഷ ഭരിതമായ ജീവിത സാഹചര്യത്തിലൂടെ പോകുന്ന, തന്റെ സ്വാതന്ത്ര്യത്തിന് വേണ്ടിയും സ്‌നേഹിക്കുന്നവര്‍ക്ക് വേണ്ടിയും പൊരുതുന്ന ഒരു പിടി പെണ്ണുങ്ങളെയാണ് 2024 നമുക്ക് മുന്നിലേക്ക് എത്തിച്ചത്. ഈ സിനിമകളിലൂടെ കൃത്യമായി തന്നെ എന്താണ് സ്ത്രീ ശാക്തീകരണമെന്ന് പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ ഓരോ സംവിധായകര്‍ക്കും സാധിച്ചിട്ടുണ്ട്.
സ്വതന്ത്ര സംവിധായകരുടെ സിനിമകളും കൊമേഷ്യല്‍ സിനിമകളും ഒരു പോലെ സ്ത്രീകളുടെ കഥ പറഞ്ഞ വര്‍ഷമായിരുന്നു 2024. മലയാള സിനിമയിലേക്ക് വരുമ്പോള്‍ തുടക്കം തന്നെ ശക്തമായ സന്ദേശം നല്‍കുന്ന ആട്ടത്തിലൂടെയാണ് വര്‍ഷം ആരംഭിച്ചത്. തുടര്‍ന്ന് സ്ത്രീകള്‍ കേന്ദ്ര കഥാപാത്രങ്ങളായ സിനിമകള്‍ ഇല്ലാതിരുന്നെങ്കിലും 2024 പകുതിയോടെ അതിന് മാറ്റം സംഭവിച്ചു. ഉള്ളൊഴുക്ക്, സൂക്ഷ്മദര്‍ശിനി, ഹെര്‍ എന്നീ സിനിമകള്‍ മലയാളി പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. ബോളിവുഡില്‍ 2024ല്‍ വലിയ ബോക്‌സ് ഓഫീസ് ഹിറ്റുകളായ സി്‌നിമകളില്‍ സ്ത്രീകളുടെ കഥ പറഞ്ഞ സിനിമകളും ഉണ്ട്. ക്രൂ, സ്ത്രീ 2 എന്നീ ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായിരുന്നു. ലാപത്താ ലേഡീസ്, ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്, ഗേള്‍സ് വില്‍ ബി ഗേള്‍സ് എന്നീ ചിത്രങ്ങള്‍ ആഗോള തലത്തില്‍ ചലനം സൃഷ്ടിച്ചു.
സ്വന്തമായി വ്യക്തിത്വമുള്ള ശക്തമായ കഥാപാത്രങ്ങളെയാണ് ഈ വര്‍ഷം പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് സിനിമ മേഖല എത്തിച്ചത്. സ്ത്രീ എന്നാല്‍ സര്‍വം ത്യജിച്ചും സഹിച്ചും ജീവിക്കണ്ടവളാണെന്ന സ്ഥിരം പറച്ചിലിനെ ഈ സിനിമികളെല്ലാം തന്നെ പൊളിച്ചെഴുതിയിരിക്കുകയാണ്. സ്ത്രീകള്‍ക്കും അവരുടേതായ അവകാശങ്ങളും സ്വപ്‌നങ്ങളും ഉണ്ടെന്ന് ഒരിക്കല്‍ കൂടി ഊന്നി പറഞ്ഞിരിക്കുകയാണ് ഈ സംവിധായകര്‍. ആനന്ദ് ഏകര്‍ഷി മുതല്‍ സുചി തലാട്ടി വരെ നീണ്ടു നില്‍ക്കുന്ന സംവിധായകര്‍ ശക്തമായ സന്ദേശമാണ് അവരുടെ സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിച്ചിരിക്കുന്നത്. കോമഡിയിലൂടെയും സീരിയസായുമെല്ലാം സ്ത്രീകളുടെ കഥ പറയാനാണ് ഈ സംവിധായകര്‍ ശ്രമിച്ചത്. 2024 പെണ്‍കഥകളുടെ വര്‍ഷമായി മാറ്റിയ സിനിമകളിലൂടെ...
ആട്ടം
ആനന്ദ് ഏകര്‍ഷി സംവിധാനം ചെയ്ത ആട്ടം 2024 ജനുവരി 5നാണ് തിയേറ്ററിലെത്തുന്നത്. സ്ത്രീ ശാക്തീകരണത്തിന്റെ ശക്തമായ സന്ദേശം പ്രേക്ഷകരിലേക്ക് എത്തിച്ച സിനിമയായിരുന്നു ആട്ടം. അഞ്ജലി എന്ന പെണ്‍കുട്ടി, പീഡിപ്പിക്കപ്പെടുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് സിനിമയില്‍ പറഞ്ഞു പോകുന്നത്. അഞ്ജലി എന്ന പെണ്‍കുട്ടി പീഡനത്തിന് ഇരയായതിന് ശേഷം അവളുടെ സഹപ്രവര്‍ത്തകരായ പുരുഷന്‍മാരില്‍ നിന്ന് അനുഭവിക്കുന്ന കാര്യങ്ങളും ആ പെണ്‍കുട്ടിയുടെ യാത്രയുമാണ് സിനിമ പറഞ്ഞുവെക്കുന്നത്. ആരാണ് തന്നെ പീഡിപ്പിച്ചതെന്ന് അഞ്ജലിക്ക് അറിയില്ല. ആ നാടക സംഘത്തിലെ ഏക പെണ്‍കുട്ടിയായ തനിക്ക് ഇങ്ങനെയൊരു ദുരനുഭവം ആരില്‍ നിന്നാണ് സംഭവിച്ചതെന്ന് അറിയാന്‍ അവള്‍ പരമാവധി ശ്രമിക്കുന്നുണ്ട്. എന്നാല്‍ സഹപ്രവര്‍ത്തകയെ ഉപദ്രവിച്ച വ്യക്തിയെ കണ്ട് പിടിക്കുവാന്‍ ചര്‍ച്ച ചെയ്യുന്നതിനിടയില്‍ ഓരോ പുരുഷന്‍മാരുടെയും മുഖം മൂടികള്‍ അഴിഞ്ഞുവീഴുകയാണ് ചെയ്യുന്നത്.
അവള്‍ക്കൊപ്പമാണ് എന്ന് വാക്കാല്‍ പറഞ്ഞെങ്കിലും പ്രവര്‍ത്തിയിലേക്ക് വരുമ്പോള്‍ ആരും അഞ്ജലിക്കൊപ്പം നില്‍ക്കുന്നില്ല. അതുകൊണ്ട് തന്നെ അവള്‍ അവസാനം തന്നെ ഉപദ്രവിച്ചതാരാണെന്ന് അറിയേണ്ട എന്ന് തീരുമാനിക്കുകയാണ് ചെയ്യുന്നത്. അവസാനം അവള്‍ക്ക് ആ പുരുഷന്‍മാരെല്ലാം ഒരുപോലെയാണെന്ന് മനസിലാവുകയാണ്. ആ കൂട്ടത്തില്‍ തന്നെ ഉപദ്രവിച്ച വ്യക്തിയുണ്ടെങ്കിലും മറ്റുള്ളവരും അയാളില്‍ നിന്ന് വ്യത്യസ്തനല്ലെന്ന തിരിച്ചറിവ് അഞ്ജലിക്ക് ഉണ്ടാകുന്നു. അവള്‍ ആ ഇടത്തുനിന്ന് നടന്നു പോവുകയാണ് ചെയ്യുന്നത്. സിനിമയുടെ അവസാനത്തില്‍ അഞ്ജലി തന്റെ ജീവിതം മറ്റുള്ളവര്‍ക്ക് തീരുമാനിക്കാന്‍ കൊടുക്കാതെ സ്വന്തമായി തീരുമാനമെടുത്ത് മുന്നോട്ട് പോവുകയാണ് ചെയ്യുന്നത്. സറിന്‍ ഷിഹാബ്, വിനയ് ഫോര്‍ട്ട്, കലാഭവന്‍ ഷാജോണ്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍.
ഉള്ളൊഴുക്ക്
ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉര്‍വശി, പാര്‍വതി തിരുവോത്ത് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രമാണ് ഉള്ളൊഴുക്ക്. ലീലാമ്മയുടെയും മരുമകളായ അഞ്ജുവിന്റെയും കഥയാണ് ചിത്രം പറയുന്നത്. ഈ രണ്ട് സ്ത്രീകളും വ്യത്യസ്തരാണ് എന്നാല്‍ അവര്‍ക്ക് അവരുടേതായ സാമ്യവുമുണ്ട്. കേരളത്തിലെ ഒരു ഗ്രാമത്തിലുള്ള രണ്ട് സ്ത്രീകള്‍. മകന്റെ മരണ ശേഷം ആ വീട്ടില്‍ ഉണ്ടാകുന്ന സംഭവ വികാസങ്ങളും ഈ രണ്ട് സ്ത്രീകളുടെ മാനസിക സംഘര്‍ഷങ്ങളുമാണ് സിനിമയിലൂടെ ക്രിസ്റ്റോ പറഞ്ഞുവെക്കുന്നത്. സാധാരണ കണ്ടുവരുന്ന അമ്മായിഅമ്മമാരില്‍ നിന്ന് വ്യത്യസ്തയാണ് ലീലാമ്മ. എന്നിരുന്നാലും അവര്‍ക്ക് വലുത് അവരുടെ മകന്‍ തന്നെയാണ്. മകന് ഒരു ജീവിതം ഉണ്ടായിക്കാണാന്‍ അവന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍ പോലും മറച്ചുവെച്ച് വിവാഹം കഴിപ്പിച്ചു. പക്ഷെ അഞ്ജുവിനെ ഒരിക്കലും ലീലാമ്മ സ്‌നേഹിക്കാതിരുന്നിട്ടില്ല. ഒരു പക്ഷെ കുറ്റബോധം കൊണ്ടായിരിക്കാം. അഞ്ജു ആണെങ്കില്‍ ഇഷ്ടപ്പെട്ട വ്യക്തിക്കൊപ്പം ജീവിക്കാനുള്ള ശ്രമത്തിലാണ്.
ശക്തയാണ് ലീലാമ്മയും അഞ്ജുവും എന്നാല്‍ അതുപോലെ തന്നെ ദുര്‍ബലരുമാണ്. സിനിമയുടെ അവസാനം സ്വന്തം വീട്ടുകാരല്ല മറിച്ച് ലീലാമ്മയാണ് അഞ്ജുവിനൊപ്പം നില്‍ക്കുന്നത്. സ്‌നേഹിച്ച വ്യക്തിക്കൊപ്പം പോകാന്‍ ലീലാമ്മ അഞ്ജുവിനെ പ്രേരിപ്പിക്കുന്നുണ്ട്. എന്നാല്‍ സ്‌നേഹിച്ച വ്യക്തിയില്‍ നിന്നും മോശം പെരുമാറ്റം ഏറ്റുവാങ്ങേണ്ടി വന്നതോടെ തന്റെ ജീവിതം ലീലാമ്മയ്‌ക്കൊപ്പം ജീവിച്ച് തീര്‍ക്കാന്‍ തീരുമാനിക്കുകയാണ് അഞ്ജു. സിനിമയുടെ അവസാനം ആ രണ്ട് സ്ത്രീകളും തോണിയിലിരുന്ന് വീട്ടിലേക്ക് മടങ്ങുമ്പോള്‍ അവിടെ തുടങ്ങുന്നത് പുതിയൊരു യാത്രയാണ്. ശക്തരായ സ്ത്രീകളുടെ സ്വയം കണ്ടെത്തലിന്റെ യാത്ര.
സൂക്ഷ്മദര്‍ശിനി
എംസി ജിതിന്‍ സംവിധാനം ചെയ്ത സൂക്ഷ്മദര്‍ശിനി 2024 നവംബര്‍ 22നാണ് തിയേറ്ററിലെത്തിയത്. നസ്രിയ, ബേസില്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. ഒരു മിസ്റ്റ്രി ത്രില്ലര്‍ സ്വഭാവത്തില്‍ പെടുന്ന ചിത്രം നമുക്ക് മുന്നിലെത്തിച്ചത് വ്യത്യസ്തമായൊരു സ്ത്രീ കഥാപാത്രത്തെയാണ്. നസ്രിയയുടെ പ്രിയദര്‍ശിനി. ഷെര്‍ലക് ഹോംസ് വൈബാണ് പ്രിയദര്‍ശിനിക്കുള്ളത്. മാന്വല്‍ എന്ന തന്റെ അയല്‍വാസിയില്‍ എന്തോ പന്തികേട് കണ്ടതിനെ തുടര്‍ന്ന് അവള്‍ അവളുടെ അന്വേഷണം തുടങ്ങുകയാണ്. മാന്വലിലും അവന്റെ അമ്മയിലും പ്രയദര്‍ശിനി ചില അസ്വഭാവികതകള്‍ കാണുന്നു. അതെ തുടര്‍ന്ന് പ്രിയദര്‍ശിനി നടത്തുന്ന അന്വേഷണത്തില്‍ അവള്‍ ചില സത്യങ്ങള്‍ മനസിലാക്കുകയാണ്.
സിനിമ പറയുന്നത് പ്രിയദര്‍ശിനി എന്ന സ്ത്രീയുടെ മാത്രം കഥയല്ല. മാന്വലിന്റെ സഹോദരി ഡയാനയെ കുറിച്ചും സിനിമ പറഞ്ഞുവെക്കുന്നുണ്ട്. തന്റെ സെക്ഷ്വാലിറ്റിയുടെ പേരില്‍ മരിക്കേണ്ടി വന്ന സ്ത്രീയാണ് ഡയാന. ആ സത്യങ്ങളിലേക്കാണ് പ്രിയദര്‍ശിനി എന്ന ധൈര്യശാലിയായ സ്ത്രീ കടന്നു ചെല്ലുന്നത്. സിനിമയുടെ അവസാനം ഡയാനയുടെ പാര്‍ട്ട്ണര്‍ അദിതിയെ പ്രിയദര്‍ശിനി മാന്വലലില്‍ നിന്നും രക്ഷിക്കുകയാണ് ചെയ്യുന്നത്. ഒരു സാധാരണ വീട്ടമ്മയാണ് പ്രിയദര്‍ശിനി. എന്നാല്‍ അവര്‍ക്ക് അവരില്‍ നല്ല വിശ്വാസമുണ്ട്. അവരുടെ ഇന്റ്യൂഷന്‍ എല്ലാം ശരിയായിരുന്നു. അവര്‍ അതില്‍ ഉറച്ച് വിശ്വസിക്കുകയും മുന്നോട്ട് പോവുകയും ചെയ്തു. ഒരിക്കല്‍ പോലും തന്നെ അവിശ്വസിക്കുന്നില്ല പ്രിയദര്‍ശിനി. കോണ്‍ഫിഡന്റായാണ് അവര്‍ ഓരോ കാര്യങ്ങളും ചെയ്യുന്നത്. അത് അവസാനം അവരെ വിജയത്തിലേക്ക് നയിക്കുന്നു.
ഹെര്‍
ലിജിന്‍ ജോസ് സംവിധാനം ചെയ്ത ഹെര്‍ എന്ന ആന്തോളജി നവംബര്‍ 29ന് മനോരമ മാക്‌സിലാണ് റിലീസ് ചെയ്തത്. പാര്‍വതി തിരുവോത്ത്, ഉര്‍വശി, ഐശ്വര്യ രാജേഷ്, ലിജോമോള്‍ ജോസ്, രമ്യാ നമ്പീശന്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. അഞ്ച് സ്ത്രീകളുടെ ജീവിതത്തിലൂടെയുള്ള ഒരു കടന്നുപോക്കാണ് ഹെര്‍. അഞ്ച് സ്ത്രീകളുടെയും അവര്‍ക്ക് ചുറ്റുമുള്ളവരുടെയും കഥയാണ് സിനിമ. സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ചും സ്ത്രീപക്ഷ രാഷ്ട്രീയത്തെ കുറിച്ചും ചര്‍ച്ച ചെയ്യുന്ന സിനിമയാണ് ഹെര്‍. പുരുഷ കേന്ദ്രീകൃത സമൂഹത്തില്‍ തങ്ങളെ പിന്നിലേക്ക് വലിക്കുന്ന കാര്യങ്ങളെ തരണം ചെയ്ത് സ്വന്തം സ്വപ്‌നങ്ങള്‍ക്കും അവകാശങ്ങള്‍ക്കും പ്രാധാന്യം നല്‍കണം എന്നൊരു സന്ദേശവും ലിജിന്‍ ജോസ് സിനിമയിലൂടെ മുന്നോട്ട് വെക്കുന്നുണ്ട്.
ലാപത്താ ലേഡീസ്
കിരണ്‍ റാവു സംവിധാനം ചെയ്ത 'ലാപത്താ ലേഡീസ്' 2024 മാര്‍ച്ച് ഒന്നിനാണ് തിയേറ്ററില്‍ റിലീസ് ചെയ്തത്. ഈ വര്‍ഷത്തെ ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ടതും 'ലാപത്താ ലേഡീസ്' ആയിരുന്നു. ഫൈനല്‍ റണ്ണില്‍ ചിത്രം ഓസ്‌കാറില്‍ നിന്നും പുറത്തായിയെങ്കിലും ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ എന്നും 'ലാപത്താ ലേഡീസ്' ഈ പേരില്‍ രേഖപ്പെടുത്തപ്പെടും എന്നതില്‍ സംശയമില്ല.
2001 കാലഘട്ടത്തിലെ ഇന്ത്യന്‍ ഗ്രാമീണ ജീവിതത്തെ കുറിച്ചാണ് ചിത്രം പറഞ്ഞുവെക്കുന്നത്. ഇന്ത്യയിലെ ഗ്രാമങ്ങളിലെ സ്ത്രീകളുടെ ജീവിതം വരച്ചുകാട്ടിയ ചിത്രമാണിത്. ദീപക് എന്ന കര്‍ഷകന്‍ വിവാഹ ശേഷം തന്റെ ഭാര്യ ഫൂലുമായി ഗ്രാമത്തിലേക്ക് ട്രെയിനില്‍ മടങ്ങി പോവുകയായിരുന്നു. ട്രെയിനില്‍ വെച്ച് അറിയാതെ ദീപക്ക് മറ്റൊരു നവ വധുവിനെ തന്റെ ഭാര്യയാണെന്ന് കരുതി വീട്ടിലേക്ക് കൂട്ടികൊണ്ടു പോരുകയാണ് ചെയ്യുന്നത്. ഫൂലിന്റെയും ജയയുടെയും മുഖം വിവാഹം കഴിഞ്ഞതിനാല്‍ ഷോളുകൊണ്ട് മൂടിയിരിക്കുകയാണ്. അങ്ങനെയാണ് ദീപക്കിന് തന്റെ ഭാര്യയെ മാറി പോകുന്നത്. ഇവിടെ നിന്നാണ് സിനിമ തുടങ്ങുന്നത്.
സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ചും സ്വപ്നങ്ങളെ കുറിച്ചുമെല്ലാം തുറന്ന് സംസാരിച്ച സിനിമയാണ് 'ലാപത്താ ലേഡീസ്'. സിനിമയില്‍ വിവിധ തരത്തിലുള്ള സ്ത്രീകളെ നമുക്ക് കാണാന്‍ സാധിക്കും. ഫൂല്‍ മുതല്‍ മഞ്ജു മായി വരെ നീണ്ടു നില്‍ക്കുന്നു ലാപത്താ ലേഡീസിലെ സ്ത്രീ കഥാപാത്രങ്ങള്‍. ഓരോരുത്തര്‍ക്കും അവരുടെതായ ജീവിത യാത്രയും പ്രശ്നങ്ങളും കഥയും ഉണ്ട്. സ്ത്രീ എന്നാല്‍ എല്ലാം ത്യജിച്ചും സഹിച്ചും ജീവിക്കേണ്ടവളാണെന്ന സമൂഹത്തിന്റെ പൊതുവായ ധാരണയെ കിരണ്‍ റാവു ലാപത്താ ലേഡീസിലൂടെ പൊളിച്ചെഴുതുകയാണ്. അവള്‍ക്കും സ്വപ്നങ്ങളും ആഗ്രഹങ്ങളും ഉണ്ടെന്നും അത് നടപ്പിലാക്കാന്‍ ഏതറ്റം വരെയും പോകാന്‍ അവര്‍ തയ്യാറാണെന്നും ലാപത്താ ലേഡീസ് പറഞ്ഞു വെക്കുന്നു.
ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്
പായല്‍ കപാഡിയ സംവിധാനം ചെയ്ത് കനി കുസൃതി, ദിവ്യ പ്രഭ, ഛായ കദം എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രമാണ് 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്'. 2024 മെയ് 23ന് ചിത്രം ആദ്യമായി കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചു. പിന്നീട് ഉണ്ടായതെല്ലാം ചരിത്രമാണ്. ചിത്രം കാനില്‍ നിന്നും ഗ്രാന്‍ പ്രീ പുരസ്‌കാരം നേടി. അതിന് ശേഷം ചിത്രം ഇന്ത്യയില്‍ സെപ്റ്റംബറില്‍ ആണ് റിലീസ് ചെയ്തത്. രണ്ട് മലയാളി നഴ്സുമാരുടെ കഥ പറഞ്ഞ ചിത്രം മലയാളം, ഹിന്ദി, മറാഠി എന്നീ ഭാഷകളിലാണ് ചിത്രീകരിച്ചിരിക്കുന്നത്.
മുംബൈ നഗരവും സ്വപ്നങ്ങളും സൗഹൃദങ്ങളുമാണ് സിനിമയുടെ പ്രധാന പ്രമേയം. ഒരിക്കലും ഉറങ്ങാത്ത നഗരം എന്ന് അറിയപ്പെടുന്ന മുംബൈയില്‍ ഒരു പിടി സ്വപ്നങ്ങളുമായി വന്നെത്തിയ മൂന്ന് സ്ത്രീകളുടെ കഥയാണ് ചിത്രം പറയുന്നത്. പ്രഭ, അനു എന്നിവരുടെ സൗഹൃദവും അവരുടെ ജീവിതവുമെല്ലാം 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' നമുക്ക് മുന്നിലേക്ക് എത്തിക്കുന്നുണ്ട്. മുംബൈ നഗരത്തിനുള്ള ഒരു കവിത പോലെയാണ് പായല്‍ ഈ സിനിമ ചെയ്തിരിക്കുന്നത്.
മുംബൈയിലെത്തിയതിന് ശേഷം ഉണ്ടാകുന്ന സംഘര്‍ഷങ്ങളും സ്വാതന്ത്ര്യം കണ്ടെത്തുന്നതും എല്ലാം 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റി'ല്‍ പറഞ്ഞുവെച്ചിട്ടുണ്ട്. എങ്ങനെയാണ് സിനിമയിലെ മൂന്ന് സ്ത്രീ കഥാപാത്രങ്ങള്‍ അവരുടെ പ്രതീക്ഷകളിലൂടെയും സ്വപ്നങ്ങളിലൂടെയും പ്രശ്നങ്ങളിലൂടെയും വിശ്വാസങ്ങളലൂടെയും സഞ്ചരിക്കുന്നത് എന്നതാണ് 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്'.
പ്രണയത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തെ തിരിച്ചറിയാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് കനിയുടെ പ്രഭയെന്ന കഥാപാത്രം. എന്നാല്‍ അനു മുംബൈ നഗരം അവള്‍ക്ക് നല്‍കിയ സ്വാതന്ത്ര്യം ആഘോഷിച്ച് നടക്കുകയാണ്. പാര്‍വതി മുംബൈയിലെ അവളുടെ വീട് സംരക്ഷിക്കാനുള്ള പോരാട്ടത്തിലാണ്. മൂന്ന് സ്ത്രീകള്‍ക്കും അവരുടേതായ ജീവിതവും യാത്രയും ഉണ്ട്. അത് കൃത്യമായി തന്നെ പായല്‍ സിനിമയിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നുമുണ്ട്.
ജിഗ്ര
വസന്‍ ബാല സംവിധാനം ചെയ്ത് ആലിയ ഭട്ട് കേന്ദ്ര കഥാപാത്രമായി എത്തിയ ജിഗ്ര ഒക്ടോബര്‍ 11നാണ് തിയേറ്ററിലെത്തിയത്. സത്യ എന്ന സ്ത്രീയുടെ കഥയാണ് ചിത്രം പറയുന്നത്. അവളുടെ പോരാട്ടവും യാത്രയുമാണ് ജിഗ്ര. വേദാങ്ക് റൈനയാണ് ചിത്രത്തില്‍ ആലിയ ഭട്ടിന്റെ അനിയനായി എത്തുന്നത്. തന്റെ സഹോദരനെ ജയിലില്‍ നിന്നും രക്ഷിക്കാനായി മറ്റൊരു രാജ്യത്തേക്ക് പോകുന്ന സഹേദരിയായാണ് ആലിയ ചിത്രത്തിലുള്ളത്.
തന്റെ അനിയനെ രക്ഷിക്കാന്‍ ഏതറ്റം വരെയും പോകാന്‍ സത്യ തയ്യാറാണ്. അവളുടെ ലക്ഷ്യം അത് മാത്രമാണ്. അവള്‍ ജീവിച്ചതും അവനു വേണ്ടിയാണ്. ചെറുപ്പം മുതലെ ജീവിതത്തില്‍ ദുരിതങ്ങള്‍ അനുഭവിക്കേണ്ടി വന്ന സ്ത്രീയാണ് സത്യ. അത് അവളെ തളര്‍ത്തുകയല്ല മറിച്ച് ശക്തയാക്കുകയാണ് ചെയ്തത്. എന്തിനെയും നേരിടാനുള്ള കരുത്ത് അവള്‍ക്ക് ജീവിതാനുഭവങ്ങളില്‍ നിന്നും ലഭിച്ചിട്ടുണ്ട്. പോരാളിയാണ് സത്യ എന്ന ആലിയ ഭട്ടിന്റെ കഥാപാത്രം. എന്തിനെയും നേരിടാന്‍ സജ്ജയായവള്‍. ബോളിവുഡ് കണ്ട ശക്തയായ സ്ത്രീ കഥാപാത്രങ്ങളില്‍ ഒന്നാണ് ആലിയ ഭട്ടിന്റെ സത്യ.
ക്രൂ
2024 മാര്‍ച്ച് 29നാണ് ബോളിവുഡ് ചിത്രം ക്രൂ തിയേറ്ററിലെത്തുന്നത്. രാജേഷ് എ കൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ തബു, കരീന കപൂര്‍, കൃതി സനോണ്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങള്‍. ഗീത, ജാസ്മിന്‍, ദിവ്യ എന്നീ മൂന്ന് സ്ത്രീകളുടെ കഥയാണ് ചിത്രം പറഞ്ഞിരിക്കുന്നത്. ഫ്‌ലൈറ്റ് അറ്റന്റന്‍സ് ആയ ഇവരുടെ ജീവിതത്തില്‍ നടക്കുന്ന സംഭവ വികാസങ്ങളാണ് സിനിമ. സ്ത്രീ ശാക്തീകരണത്തെ ഉയര്‍ത്തിപ്പിടിക്കുന്ന സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ച് ഉറക്കെ വിളിച്ചു പറയുന്ന ഒരു സിനിമയല്ല ക്രൂ. മറിച്ച് ഇതൊരു ഫണ്‍ റൈഡാണ്. ലൈറ്റ് ഹാര്‍ട്ടഡ് ആയ കോമഡി സിനിമ. മൂന്ന് സുഹൃത്തുക്കളുടെ കഥ പറഞ്ഞ സിനിമ.
ഈ മൂന്ന് സ്ത്രീകളും സ്ത്രീ ശാക്തീകരണത്തിന്റെ വക്താക്കളല്ല. നിങ്ങളെ പുരുഷാധിപത്യത്തെ കുറിച്ചും സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ കുറിച്ചും അവകാശങ്ങളെ കുറിച്ചും പഠിപ്പിക്കാനുമല്ല അവര്‍ വന്നിരിക്കുന്നത്. മറിച്ച് സ്ത്രീകള്‍ എന്ത് ചെയ്യരുതെന്ന് സമൂഹം പറഞ്ഞിട്ടുണ്ടോ അതിനെ എല്ലാം കോമഡിയിലൂടെ ചെയ്തുവെക്കുകയാണ് ക്രൂ ചെയ്യുന്നത്. ആഗോള തലത്തില്‍ 150 കോടിയാണ് ചിത്രം ബോക്‌സ് ഓഫീസില്‍ കളക്ട് ചെയ്തത്.
സ്ത്രീ 2
അമര്‍ കൗഷിക് സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം സ്ത്രീ 2 ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായിരുന്നു. ചിത്രം ആഗോള തലത്തില്‍ 800 കോടിക്ക് മുകളിലാണ് നേടിയത്. ശ്രദ്ധാ കപൂര്‍, രാജ്കുമാര്‍ റാവു എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രം ഓഗസ്റ്റ് 15നാണ് തിയേറ്ററിലെത്തിയത്. 2018ല്‍ പുറത്തിറങ്ങിയ സ്ത്രീ എന്ന ഹൊറര്‍ കോമഡിയുടെ രണ്ടാം ഭാഗമാണ് സ്ത്രീ 2.
കോമഡിയിലൂടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന പുരുഷാധിപത്യത്തിനെതിരെ ഉറക്കെ ശബ്ദമുയര്‍ത്തുകയാണ് ചിത്രം ചെയ്യുന്നത്. സര്‍ക്കാട്ട എന്ന പ്രേതം പുരുഷന്‍മാരെ സ്വാധീനിച്ച് അവരുടെ മനസില്‍ പാട്ട്രിയാര്‍ക്കിയുടെ വൃത്തിക്കെട്ട മൂല്യങ്ങളെ നിറയ്ക്കുന്നു. അതുകാരണം പുരുഷന്‍മാര്‍ സ്ത്രീകളെ പഠിക്കുന്നതില്‍ നിന്നും ജോലി ചെയ്യുന്നതില്‍ നിന്നുമെല്ലാം പിന്‍തിരിപ്പിക്കുന്ന സാഹചര്യം ഉണ്ടാകുന്നു. വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും സ്ത്രീകളെ പുരുഷന്‍മാര്‍ സമ്മതിക്കാത്ത അവസ്ഥയാണ് സര്‍ക്കാട്ട എന്ന പ്രേതം കാരണം ഉണ്ടാകുന്നത്. നമ്മള്‍ സര്‍ക്കാട്ടയെ തടഞ്ഞില്ലെങ്കില്‍ ചന്ദേരി എന്ന ഗ്രാമം 200 വര്‍ഷം പുറകിലേക്ക് പോകും എന്നൊരു ഡയലോഗുണ്ട് സിനിമയില്‍. സമൂഹത്തെ പിന്നോട്ട് വലിക്കുന്ന തരത്തിലുള്ള ചിന്താഗതികള്‍ നമ്മള്‍ മാറ്റിവെക്കേണ്ടതുണ്ട് എന്ന സന്ദേശമാണ് സിനിമ അതിലൂടെ മുന്നോട്ട് വെക്കുന്നത്.
ഗേള്‍സ് വില്‍ ബി ഗേള്‍സ്
സുചി തലാട്ടി സംവിധാനം ചെയ്ത് 'ഗേള്‍സ് വില്‍ ബി ഗേള്‍സ്' സംസാരിക്കുന്നത് ഒരു കൗമാരക്കാരിയായ പെണ്‍കുട്ടിയെ കുറിച്ചാണ്. സുചി തലാട്ടി തന്റെ തന്നെ കൗമാരക്കാലത്തെ അനുഭവങ്ങള്‍ വെച്ചാണ് ഈ കഥ രചിച്ചിട്ടുള്ളത്. ഒരു കമിംഗ് ഓഫ് എയ്ജ് ഡ്രാമയായ ഈ ചിത്രം സുചി തലാട്ടിയുടെ ആദ്യത്തെ ഫീച്ചര്‍ സിനിമയാണ്. 2024 ജനുവരിയിലാണ് ചിത്രം ആദ്യമായി സണ്‍ഡാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുന്നത്. അതിന് ശേഷം ഡിസംബര്‍ 18ന് ചിത്രം ആമസോണ്‍ പ്രൈമില്‍ സ്ട്രീമിംഗ് ആരംഭിച്ചു. ഈ സിനിമയുടെ നിര്‍മാതാക്കളും അണിയറ പ്രവര്‍ത്തകരുമെല്ലാം സ്ത്രീകളാണെന്ന പ്രത്യേകതയും ഉണ്ട്. 45 ദിവസം കൊണ്ടാണ് 'ഗേള്‍സ് വില്‍ ബി ഗേള്‍സ്' ചിത്രീകരിച്ചത്. ചിത്രം ഡെഹ്റാഡൂണിലായിരുന്നു ഷൂട്ട് ചെയ്തത്. കനി കുസൃതി, പ്രീതി പനിഗ്രാഹി എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍.
16 വയസുകാരിയായ മീരയുടെ കഥയാണ് ചിത്രം പറയുന്നത്. കൗമാരക്കാരിയായ അവളുടെ പ്രണയവും ലൈംഗിക ഉണര്‍വിനെയമാണ് സിനിമയിലൂടെ സുചി പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. മീരയ്ക്ക് എല്ലാത്തിലും മികച്ചതായിരിക്കണം എന്നാണ് ആഗ്രഹം. അത് ലൈംഗിക ബന്ധത്തിലും അങ്ങനെ തന്നെയാണ്. മീരയുടെ ആദ്യ പ്രണയം മുതല്‍ സ്വയം കണ്ടെത്തുന്ന യാത്ര വരെയാണ് ചിത്രം പറഞ്ഞുവെക്കുന്നത്. മീരയെ പോലെ തന്നെ അവളുടെ അമ്മയും സിനിമയില്‍ പ്രധാനപ്പെട്ടതാണ്. അമ്മയും മകളും തമ്മിലുള്ള ബന്ധത്തെ കുറിച്ചും ചിത്രം സംസാരിക്കുന്നുണ്ട്.
ALSO READ : ഇന്ത്യന്‍ സിനിമയെ ആഗോളതലത്തില്‍ ഉയര്‍ത്തിയ പെണ്‍കഥകള്‍
2024 പൂര്‍ണ്ണമായും പെണ്‍കഥകളുടെ വര്‍ഷമാണെന്ന് തെളിയിക്കുന്നതായിരുന്നു ഈ വര്‍ഷത്തെ ഐഎഫ്എഫ്‌കെയും. ഫെമിനിച്ചി ഫാത്തിമ, അപ്പുറം, വിക്ടോറിയ എന്നീ ചിത്രങ്ങള്‍ 29-ാമത് ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇവ മൂന്ന് സ്ത്രീകളുടെ കഥ പറഞ്ഞ സിനിമകളായിരുന്നു. സ്ത്രീ ശാക്തീകരണത്തെ കുറിച്ചും സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ചുമെല്ലാം തുറന്ന് പറഞ്ഞ സിനിമകള്‍. ഫാസില്‍ മുഹമ്മദിന്റെ ഫെമിനിച്ചി ഫാത്തിമ സംസാരിച്ചത് മുസ്ലീം സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ചാണ്. സമൂഹത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്ന അനാചാരങ്ങളും അത് സ്ത്രീകളുടെ ജീവിതത്തെ ഏതു തരത്തിലാണ് ബാധിക്കുന്നതുമെന്നാണ് ഇന്ദു ലക്ഷ്മിയുടെ അപ്പുറം പറഞ്ഞുവെച്ചത്. വിക്ടോറിയ എന്ന ഒരു സാധാരണ ബ്യൂട്ടീഷന്റെ ജീവതവും അവരുടെ തിരിച്ചറിവുകളുമാണ് ശിവരഞ്ജിനിയുടെ വിക്ടോറിയ എന്ന സിനിമ പറയുന്നത്. ഈ വര്‍ഷം അവസാനിക്കുമ്പോള്‍ ഒരു പിടി പെണ്‍സിനിമകളാണ് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിച്ചിരിക്കുന്നത്. അതില്‍ അവസാനം റിലീസ് ചെയ്ത റൈഫിള്‍ ക്ലബ്ബ് കൂടി പറയാതിരിക്കാനാവില്ല. ശക്തവും വ്യത്യസ്തവുമായ നാല് സ്ത്രീ കഥാപാത്രങ്ങളെയാണ് റൈഫിള്‍ ക്ലബ്ബ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. വാണി വിശ്വനാഥ്, സുരഭി ലക്ഷ്മി, ഉണ്ണിമായ പ്രസാദ്, ദര്‍ശന രാജേന്ദ്രന്‍ എന്നിവര്‍ തകര്‍ത്ത് അഭിനയിച്ചിരിക്കുകയാണ് റൈഫിള്‍ ക്ലബ്ബില്‍. 2024 അവസാനിക്കുമ്പോള്‍ ഈ വര്‍ഷം തീര്‍ച്ചയായും ഓര്‍ക്കപ്പെടുന്ന ഒരു കാരണം പെണ്‍കഥകളായിരിക്കുമെന്നതില്‍ സംശയമില്ല.