വിക്രമാദിത്യ മോട്‌വാനെ ഷോ റണ്ണറായ ഈ നെറ്റ്ഫ്ലിക്സ് സീരിസ് ഏഷ്യയിലെ ഏറ്റവും വലിയ ജയിലിന്റെ ഉള്ളറകളിലേക്കാണ് പ്രേക്ഷകരെ ക്ഷണിക്കുന്നത്
"നിനക്ക് ഇവിടെ അതിജീവിക്കാൻ കഴിയില്ല. ഇവര് നിന്നെ ഇല്ലാതാക്കും."
ഈ മുന്നറിയിപ്പാണ് സുനിൽ കുമാർ ഗുപ്തയ്ക്ക് തിഹാർ ജയിലിലിൽ അസിസ്റ്റന്റ് ജയിലറായി ചേരാൻ വരുമ്പോൾ ലഭിക്കുന്നത്. അയാൾ അതിമാനുഷനോ വലിയ ശരീരവും അപാര ധൈര്യവും ഉള്ള വ്യക്തിയോ അല്ല. അയാൾ ഒരു സാധാരണക്കാരനാണ്. ഏതൊരു മധ്യവർഗ ഇന്ത്യക്കാരനെയും പോലെ ഏതെങ്കിലും ഒരു ജോലി എന്ന ഗണത്തിൽ ഈ തൊഴിൽ തെരഞ്ഞെടുത്തവൻ. പക്ഷേ അയാൾ എത്തിപ്പെട്ടത് തിഹാർ ജയിലിലായിപ്പോയി. അവിടെ ഒരോ നിമിഷവും അയാളിലെ മനുഷ്യത്വം ചോദ്യം ചെയ്യപ്പെട്ടു. തടവറയുടെ ഇരുട്ട് അത്രമേൽ അവിടുത്തെ സംവിധാനങ്ങളിലേക്കും പരന്നിരുന്നു.
വിക്രമാദിത്യ മോട്‌വാനെ ഷോ റണ്ണറായ ബ്ലാക്ക് വാറന്റ് എന്ന ഏഴ് എപ്പിസോഡുകളുള്ള ഈ നെറ്റ്ഫ്ലിക്സ് സീരിസ് ഏഷ്യയിലെ ഏറ്റവും വലിയ ജയിലിന്റെ ഉള്ളറകളിലേക്കാണ് പ്രേക്ഷകരെ ക്ഷണിക്കുന്നത്. തിഹാറിലെ ജയിലറായിരുന്നു സുനിൽ കുമാർ ഗുപ്ത മാധ്യമ പ്രവർത്തകയായ സുനേത്ര ചൗധരിയുമായി ചേർന്നെഴുതിയ ബ്ലാക്ക് വാറൻ്റ്: കൺഫെഷൻസ് ഓഫ് എ തിഹാർ ജയിലർ എന്ന പുസ്തകമാണ് സീരിസിന്റെ ആധാരം. താൻ കണ്ട, അനുഭവിച്ച തിഹാറിനെ ആവിഷ്ക്കരിക്കാനാണ് സുനിൽ പുസ്തകത്തിൽ ശ്രമിച്ചതെങ്കിൽ അതിന് നാടകീയമായദൃശ്യഭാഷ നൽകാനാണ് മോട്‌വാനെ ശ്രമിച്ചത്. അതിൽ അദ്ദേഹം വിജയിക്കുകയും ചെയ്തിട്ടുണ്ട്. സീരിസ് നാടകീയത കൊണ്ട് സമ്പന്നമാണ്.
തിഹാറിൽ കുടുങ്ങിയവർ
സുനിൽ കുമാർ അപ്പോയിന്റ്മെന്റ് ലെറ്ററുമായി തിഹാറിലെത്തുന്ന ആദ്യ ദിനം തന്നെ അയാൾ തിഹാർ എങ്ങനെ പ്രവർത്തിക്കുന്നു എന്ന മനസിലാക്കുന്നു. ആ ജയിലിന്റെ അധികാര കസേരകളെ നിയന്ത്രിക്കുന്നത് 80കളിലെ കോളിളക്കമായിരുന്ന ബിക്കിനി കില്ലർ ചാൾസ് ശോഭരാജ് ആണെന്നത് അയാളെ ഞെട്ടിക്കുന്നു. സാഹചര്യങ്ങൾ സുനിൽ കുമാറിന് ശോഭരാജിനെ ആശ്രയിക്കേണ്ട പല സന്ദർഭങ്ങളും സൃഷ്ടിക്കുന്നു. അല്ലെങ്കിൽ ശോഭരാജ് വിദഗ്ധമായി തന്റെ വലയിലേക്ക് സുനിൽ കുമാറിനെ ആകർഷിക്കുന്നു. ബിക്കിനി കില്ലർ മാത്രമല്ല, രംഗ-ബില്ല, മക്ബുൽ ഭട്ട് എന്നിങ്ങനെ ആ കാലഘട്ടത്തിലെ പല 'കുപ്രസിദ്ധരും' സീരിസിൽ കടന്നു വരുന്നുണ്ട്. എന്നാൽ അവരുടെ അവസാന നിമിഷം എങ്ങനെയായിരുന്നു എന്നതിന്റെ നുറുങ്ങുകൾ മാത്രമാണ് പ്രേക്ഷകന് ലഭിക്കുന്നത്. പേര് ബ്ലാക്ക് വാറന്റ് എന്നാണെങ്കിലും, പുസ്തകത്തിൽ വിശദമായി പ്രതിപാദിക്കുന്ന ഇവരുടെ തൂക്കിക്കൊലകൾ സീരിസിൽ അത്ര പ്രധാന്യത്തോടെ കാണിക്കുന്നില്ല. പ്രത്യേകിച്ച് കശ്മീർ വിഘടനവാദി നേതാവായ മക്ബുൽ ഭട്ടിന്റെ തൂക്കിക്കൊല. ഇന്ദിര പറഞ്ഞു, തൂക്കിലേറ്റി. തീർത്തും സ്വാഭാവികമെന്ന് മട്ടിൽ ഒരു തൂക്കിക്കൊല.
ഇത്തരം ഓടിപ്പോകലുകൾ സീരിസിൽ കുറേയുണ്ട്. കാരണം സീരിസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തിഹാറിലെ പൊലീസിന്റെ ജീവിതവും അഴിമതിയും തടവറയ്ക്കുള്ളിലെ ഗ്യാങ് വാറിലുമാണ്. ബ്ലാക്ക് വാറന്റും കാത്ത് കിടക്കുന്നവരെപ്പോലതന്നെയാണ് അവിടുത്തെ ജയിലർമാരുമെന്ന രൂപകം കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. സുനിൽ, ഡിസിപി രാജേഷ് തോമർ എന്നിവരുടെ വ്യക്തിപരമായ ജീവിതത്തിലൂടെയാണ് ഇതിനുള്ള ശ്രമം നടക്കുന്നത്. എന്നാൽ അതിൽ പൂർണമായി വിജയിച്ചുവെന്ന് പറയാൻ സാധിക്കില്ല. തോമർ പരുക്കനെങ്കിലും ജയിലിനുളളിലെ ക്വാർട്ടേഴ്സിലുള്ള ജീവിതം അയാളെ മടുപ്പിക്കുന്നുണ്ട്. ഒരു വീട്- അതാണ് അയാളുടെ ലക്ഷ്യം. അത് സാധിച്ചാൽ മാത്രമേ പിണങ്ങിപ്പോയ ഭാര്യ അയാളുടെ അടുത്തേക്ക് തിരികെ വരുകയുള്ളൂ. മകളെ എന്നും കൂടെ താമസിപ്പിക്കാൻ പറ്റുകയുള്ളൂ. തോമറിലെ അച്ഛന്റെ വീർപ്പുമുട്ടൽ ഞായറാഴ്ചകളിൽ മാത്രം കാണാൻ എത്തുന്ന മകളെ അയാൾ പരിചരിക്കുന്ന വിധത്തിൽ പ്രകടമാണ്. സുനിലിന്റെ കാര്യത്തിൽ അവൻ ജയിലറാണെന്ന യാഥാർഥ്യം അംഗീകരിക്കാൻ സാധിക്കാത്തത് അവന്റെ അമ്മയ്ക്കാണ്. അമ്മയുടെ മുന്നിൽ തന്റെ ജോലിക്ക് ഒരു വിലയുണ്ടാക്കിയെടുക്കാനാണ് അയാളുടെ മുഴുവൻ ശ്രമവും. എന്നാൽ അധികാരക്രമത്തിൽ ഏറെ താഴെയാണ് താൻ എന്ന് പതിയെ അയാൾ തിരിച്ചറിയുന്നു. ആ തിരച്ചറിവിലും തന്നാൽ ആവുന്നത് ചെയ്യാനാണ് സുനിൽ കുമാർ ഗുപ്ത ശ്രമിക്കുന്നത്. എന്നാൽ ഒന്ന് ഉറക്കെ സംസാരിച്ചാൽ, വൈകാരികമായി ഒന്ന് കൈവിട്ട് പോയാൽ അടുത്തുള്ളവർ ഇവരെ ഒരു ജയിലറായി മാത്രം കാണും. അവരിൽ ജയിൽ മണക്കുന്നതായി അവർക്ക് തോന്നും, അറയ്ക്കും. കാരണം, ജയിലിന്റെ സമീപ്യം ആരും ആഗ്രഹിക്കുന്നില്ല. ജയിലറിന്റെയും! കുറ്റവാളികളുടെ വാസന ജയിലിൽ ജോലി ചെയ്യുന്നവരിലേക്കും പടർന്നിരിക്കുന്നു എന്ന ചിന്തയാണ് ഇത്തരത്തിലൊരു കാഴ്ചപ്പാട് സൃഷ്ടിക്കുന്നത്. തോമറും സുനിലും അതിന്റെ ഇരകളാണ്.
അതേസമയം, ജയിലിനുളളിലെ ഗ്യാങ് വാറുകൾ കാണുമ്പോൾ തമിഴ് ചിത്രം വടചെന്നൈയുമായി ചില സാദൃശ്യങ്ങൾ തോന്നിയാൽ കുറ്റം പറയാൻ സാധിക്കില്ല. അങ്ങനെയൊരു തോന്നലിന് വെട്രിമാരനെ പ്രശംസിക്കേണ്ടിവരും. കാരണം വടചെന്നെ ഏതെങ്കിലും തരത്തിലുള്ള അനുഭവങ്ങളിൽ നിന്നുണ്ടായി വന്ന സൃഷ്ടിയല്ല. എന്നാൽ സുനിൽകുമാറിന്റെ അനുഭങ്ങളിൽ നിന്നാണ് ബ്ലാക്ക് വാറന്റ് ഉണ്ടായിരിക്കുന്നത്. അതിന്റെ ആധികാരികത സീരിസിന് അവകാശപ്പെടാം. ആ ആധികാരികതയോടാണ് വെട്രിമാരന്റെ ഭാവനയ്ക്ക് സാദൃശ്യം വന്നിരിക്കുന്നത്. കുദോസ്!
Also Read: രണ്‍ബീറിന്റെ ധൂം 4 ഷെഡ്യൂള്‍ പുറത്ത്; 2026ല്‍ ചിത്രീകരണം ആരംഭിക്കും
ത്രീ ഇഡിയറ്റ്സ്
അഭിനേതാക്കളാണ് ഇത്തരത്തിലൊരു സീരിസിന് ജീവൻ നൽകുന്നത്. അതുകൊണ്ടാകാം പല എപ്പിസോഡുകളും മരണക്കിടക്കയിലാണ്. സുനിൽകുമാർ ഗുപ്തയെ അവതരിപ്പിച്ച സഹൻ കപൂർ ശാരീരികമായി ആ കഥാപത്രത്തിന്റെ ദുർബലത പ്രതിഫലിപ്പിക്കുന്നുണ്ടെങ്കിലും ആന്തരികമായി സുനിലും സഹനും മൈലുകൾക്ക് അപ്പുറമാണ്. കേന്ദ്ര കഥാപാത്രം ഇങ്ങനെയാണെങ്കിലും സുനിലിനൊപ്പം ജോലിക്ക് കയറുന്ന അസിസ്റ്റന്റ് ജയിലർമാരായ വിപിൻ ദാഹിയ (അനുരാഗ് താക്കൂർ), ശിവരാജ് സിംഗ് മങ്കട്ട് (പരംവീർ സിംഗ് ചീമ) എന്നിവർക്ക് തങ്ങളുടെ റോൾ എന്താണ് എന്ന കൃത്യമായ ധാരണയുണ്ട്. ഇവർക്കായുള്ള എപ്പിസോഡുകളിൽ വൈകാരികത ചോരാതെ അവതരിപ്പിക്കാൻ ഇരുവർക്കും സാധിച്ചു. ഡിസിപി തോമറായി എത്തിയ രാഹുൽ ഭട്ട് തന്റെ സ്ഥിരം അഭിനയ ശൈലിയിൽ ഈ കഥാപാത്രത്തിനും അൽപ്പം സ്ഥലം നൽകാനാണ് ശ്രമിക്കുന്നത്. എന്നാൽ, നീതിമാനായ സുനിലിന്റെ തിഹാർ പ്രവേശനം മുതലുളള സീനുകളിൽ ആ കഥാപാത്രത്തിന്റെ വിള്ളലുകൾ അടയ്ക്കാനുള്ള പല ഗിമ്മിക്കുകളും കാണിക്കുന്നുത് ദാഹിയ, മങ്കട്ട്, തോമർ എന്നിവരാണ്. തിഹാർ ജയിലിനുള്ളിലെ ത്രീ ഇഡിയറ്റ്സാണ് ഇവർ എന്ന് പറയേണ്ടിവരും.
പിന്നെ സ്ക്രീനിലെത്തുന്നതിൽ പ്രധാനി ചാൾസ് ശോഭരാജ് (സിദ്ധാന്ത് ഗുപ്ത) ആണ്. സോണിലൈവ് വെബ് സീരീസായ ഫ്രീഡം അറ്റ് മിഡ്‌നൈറ്റിൽ ജവഹർലാൽ നെഹ്റുവായി അഭിനയിച്ച സിദ്ധാന്തിന് ആ ഹാങ് ഓവർ മാറിയ മട്ടില്ല. സുനിലിനെ നിയന്ത്രിക്കുന്ന ഹാനിബൾ ലെക്ടറാകാനാണ് ശ്രമം എങ്കിലും അവർ തമ്മിലുള്ള സീനുകൾ പരസ്പരം പരിചയമില്ലാത്ത നെഹ്രുവും മൗണ്ട്ബാറ്റൺ പ്രഭുവും തമ്മിലുള്ള വെറും വാചകങ്ങൾ മാത്രമാകുന്നു.
തിഹാർ സർക്കസ്
"ജയിൽ സമൂഹത്തിന്റെ ചവറ്റുകുട്ടയാണെന്നാണ് അവർ പറയുന്നത്... പക്ഷേ അത് യഥാർത്ഥത്തിൽ ഒരു സർക്കസ് മാത്രമാണ്"- എന്നാൽ ഈ ഡയോലോഗിന്റെ അപ്പുറവും ഇപ്പുറവും തമ്മിൽ ബന്ധിപ്പിക്കാൻ സാധിക്കുന്നില്ല എന്നതാണ് ഈ സീരിസിന്റെ വലിയ പോരായ്മ. എല്ലാ അണ്ടർ ഡോഗ് സ്റ്റോറിക്കും സംഭവിക്കുന്നതുപോലെ സുനിലിനും ചില റിവാർഡുകൾ ലഭിക്കുന്നുണ്ടെങ്കിലും പ്രേക്ഷകന് കാര്യമായി ഒന്നും സീരിസ് ബാക്കിവയ്ക്കുന്നില്ല. എന്നാൽ സീരിസിന് ആധാരമായ പുസ്തകത്തിന് ഏറെ പറയാനുണ്ട് താനും. കുറ്റവാളികൾ, അവരുടെ സാമൂഹിക സാഹചര്യങ്ങൾ, ജയിലിനുളളിലെ വേർതിരിവുകൾ, ഒരു പിആർ ആയി സുനിൽ കുമാർ തിഹാറിനെ ജനങ്ങളിലേക്ക് അവതരിപ്പിച്ച രീതി...അങ്ങനെ പലതും. പക്ഷേ സീരിസ് അഴിമതിയിലും ഗ്യാങ് വാറുകളിലും കുടുങ്ങിക്കിടക്കുന്നു. അതിനപ്പുറത്തേക്ക് കടക്കാൻ സാധിക്കുന്നില്ല. ഈ അപ്പുറത്താണ് കൊലക്കയറിനായി കാത്തിരിക്കുന്നവരുടെയും തിഹാറിന്റെയും അസ്തിത്വം