മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് വേണ്ടി ഇംപാക്ട് പ്ലെയറായി 14 കാരനായ വൈഭവ് സൂര്യവംശി ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ചു
ഐപിഎല്ലിലെ വാശിയേറിയ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ ലഖ്നൗ സൂപ്പർ ജയന്റ്സിന് വിജയം. രണ്ട് റണ്‍സിനായിരുന്നു ജയം. നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 178 റൺസെടുക്കാനെ രാജസ്ഥാന് സാധിച്ചുള്ളൂ.
ടോസ് നേടിയ ലഖ്നൗ സൂപ്പർ ജയന്റ്സ് ബാറ്റിങ്ങിനിറങ്ങുകയായിരുന്നു. 45 പന്തില്‍നിന്ന് മൂന്ന് സിക്‌സും അഞ്ച് ഫോറുമടക്കം 66 റണ്‍സെടുത്ത ഏയ്ഡന്‍ മാര്‍ക്രമാണ് ലഖ്നൗവിന്റെ ടോപ് സ്‌കോറര്‍. ഓപ്പണർ മിച്ചൽ മാർഷൽ (4) കാര്യമായ സംഭാവനകൾ നൽകാതെ മടങ്ങിയപ്പോൾ ആയുഷ് ബധോനി (50), അബ്ദുള്‍ സമദ് (30) എന്നിവർ ഇന്നിങ്‌സുകളാണ് ലഖ്‌നൗവിന് മികച്ച സ്‌കോറിലേക്ക് എത്തിച്ചത്. 34 പന്തിൽ 50 റൺസാണ് ആയുഷ് ബധോനി നേടിയത്. ഇന്നത്തെ കളിയിലും ക്യാപ്റ്റൻ റിഷഭ് പന്തിന് (3) ഫോമിലേക്ക് ഉയരാൻ സാധിച്ചില്ല. നിക്കോളാസ് പൂരനും (11) മികച്ച പ്രകടനം പുറത്തെടുത്തില്ല. വാണിന്ദു ഹസരംഗ രാജസ്ഥാന് വേണ്ടി 31 റൺസ് വഴങ്ങി രണ്ട് വിക്കറ്റുകൾ വീഴ്ത്തി. ജോഫ്ര ആർച്ചർ, സന്ദീപ് ശർമ്മ, തുഷാർ ദേശ്പാണ്ഡെ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Also Read: സഞ്ജുവിൻ്റെ നായകപദവി തെറിക്കും? പന്തിൻ്റെ ലഖ്നൗ സൂപ്പർ ജയൻ്റ്സിനെ നേരിടാനിരിക്കെ രാജസ്ഥാന് തിരിച്ചടി
മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് വേണ്ടി സഞ്ജു സാംസണ് പകരം ഇംപാക്ട് പ്ലെയറായി 14 കാരനായ വൈഭവ് സൂര്യവംശി ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ചു. സിക്സറടിച്ചായിരുന്നു വൈഭവിന്റെ തുടക്കം. 20 പന്തിൽ 34 റൺസാണ് രാജസ്ഥാന്റെ യുവതാരം നേടിയത്. മാർക്രത്തിന്റെ പന്തിൽ വിക്കറ്റിന് പിന്നിൽ റിഷഭ് പന്തിന് ക്യാച്ച് നല്‍കി മടങ്ങുമ്പോള്‍ 170.00 ആയിരുന്നു വൈഭവിന്റെ സ്ട്രൈക്ക് റേറ്റ്. 52 പന്തിൽ 72 റൺസെടുത്ത യശ്വസി ജയ്സ്വാളാണ് രാജസ്ഥാന്‍റെ ടോപ് സ്കോറർ.