എമര്‍ജന്‍സി എന്ന സിനിമയുടെ സഹനിര്‍മ്മാതാക്കളായ സീ എന്റര്‍ട്ടെയിന്‍മെന്റ് എന്റര്‍പ്രൈസസ് ചിത്രത്തിന്റെ റിലീസിനും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിനും വേണ്ടി ബോംബെ ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണിത്
ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്ത് സംവിധാനം ചെയ്യുകയും കേന്ദ്ര കഥാപാത്ത്രതെ അവതരിപ്പിക്കുകയും ചെയ്യുന്ന എമര്‍ജന്‍സി എന്ന ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കാതെ ബോംബെ ഹൈക്കോടതി. ജസ്റ്റിസുമാരായ ബിപി കൊളബാവല്ല, ഫിര്‍ദോഷ് പൂനിവാല എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനാകില്ലെന്ന് അറിയിച്ചത്. സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് മുമ്പ് സെന്‍സര്‍ ബോര്‍ഡിനോട് എതിര്‍പ്പുകള്‍ പരിഗണിക്കാന്‍ മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിട്ട സാഹചര്യത്തില്‍ ഇടപെടാനാകില്ലെന്നാണ് ബോംബെ ഹൈക്കോടതി അറിയിച്ചിരിക്കുന്നത്.
മധ്യപ്രദേശ് ഹൈക്കോടതി സെന്‍സര്‍ ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതില്‍ ഞങ്ങള്‍ എന്തെങ്കിലും ഇളവ് നല്‍കിയാല്‍ അത് ആ ഉത്തരവിന് വിരുദ്ധമായിരിക്കുമെന്നും ബെഞ്ച് വ്യക്തമാക്കി. ഇതിന് പിന്നില്‍ മറ്റെന്തോ നടക്കുന്നുണ്ട്. അതില്‍ അഭിപ്രായം പറയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. സെന്‍സര്‍ ബോര്‍ഡ് എതിര്‍പ്പുകള്‍ പരിഗണിച്ച് സെപ്റ്റംബര്‍ 18നകം തീരുമാനമെടുക്കണമെന്നും ഉത്തരവില്‍ പറയുന്നു. കേസില്‍ അടുത്ത വാദം സെപ്റ്റംബര്‍ 19ന് നടക്കും. എമര്‍ജന്‍സി എന്ന സിനിമയുടെ സഹനിര്‍മ്മാതാക്കളായ സീ എന്റര്‍ട്ടെയിന്‍മെന്റ് എന്റര്‍പ്രൈസസ് ചിത്രത്തിന്റെ റിലീസിനും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിനും വേണ്ടി ബോംബെ ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണിത്.
അതേസമയം ചിത്രത്തിലെ കൂടുതല്‍ സീനുകള്‍ കൂടി നീക്കം ചെയ്യണമെന്നാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. സമുദായങ്ങളുടെ വികാരം കണക്കിലെടുത്താണ് സീനുകള്‍ നീക്കം ചെയ്യാന്‍ ബോര്‍ഡ് ആവശ്യപ്പെട്ടത്.