രണ്ട് ഭാഗങ്ങളുടെ വലിയ വിജയം മൂന്നാം ഭാഗത്തിനുള്ള പ്രതീക്ഷയും കാത്തിരിപ്പും പ്രേക്ഷകര്‍ക്കിടയില്‍ വര്‍ധിച്ചിരിക്കുകയാണ്
ഹോളിവുഡ് ഫ്രാഞ്ചൈസുകളില്‍ ആരാധകര്‍ ഏറെയുള്ള ഫ്രാഞ്ചൈസാണ് ഡ്യൂണ്‍. 2021ല്‍ ആണ് ചിത്രത്തിന്റെ ആദ്യ ഭാഗം റിലീസ് ചെയ്യുന്നത്. തിമോത്തി ചാലമെറ്റ്, സെന്‍ഡയ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. രണ്ട് ഭാഗങ്ങളുടെ വലിയ വിജയം മൂന്നാം ഭാഗത്തിനുള്ള പ്രതീക്ഷയും കാത്തിരിപ്പും പ്രേക്ഷകര്‍ക്കിടയില്‍ വര്‍ധിച്ചിരിക്കുകയാണ്. ഫ്രാഞ്ചൈസില്‍ നിന്നും ഒരു ഇടവേളയെടു്ക്കുകയാണെന്ന് സംവിധായകന്‍ ഡെനിസ് വില്ലെന്യൂവ് പ്രഖ്യാപിച്ചിരുന്നു. അതിന് ശേഷം ചിത്രവുമായി ബന്ധപ്പെട്ട പുതിയ അപ്‌ഡേറ്റുകള്‍ ഒന്നും തന്നെ പുറത്തുവന്നിട്ടില്ലായിരുന്നു.
എന്നാല്‍ അടുത്തിടെ ഫ്രാഞ്ചൈസിലെ മൂന്നാം ഭാഗത്തിന്റെ ഇതിവൃത്തത്തെ കുറിച്ചും എപ്പോള്‍ ചിത്രീകരണം ആരംഭിക്കുമെന്നതിനെ കുറിച്ചും ഡെനിസ് സംസാരിച്ചു. ഡെഡ്‌ലൈനിനോട് സംസാരിക്കവെയായിരുന്നു സംവിധായകന്റെ വെളിപ്പെടുത്തല്‍.
'ഡ്യൂണ്‍ മിശിഹായുമായി ഹെര്‍ബര്‍ട്ട് ചെയ്തതുപോലെ, തികച്ചും വ്യത്യസ്തമായ എന്തെങ്കിലും ചെയ്യുന്നത് മികച്ച ആശയമായിരിക്കുമെന്ന് ഞാന്‍ കരുതുന്നു. പാര്‍ട്ട് 2ന്റെ അവസാന ഭഗത്തില്‍ നിന്ന് 12 വര്‍ഷം കഴിഞ്ഞാണ് മൂന്നാം ഭാഗം നടക്കുന്നത്. ഈ ഭാഗത്തില്‍ അവരുടെ യാത്രയും ജീവിതവും എല്ലാം വ്യത്യസ്തമാണ്. അതുകൊണ്ടാണ് ഞാന്‍ പറയുന്നത് ഇത് അതേ ലോകമാണെങ്കിലും പുതിയ സിനിമയും പുതിയ സാഹചര്യവുമാണ്', എന്നാണ് ഡെനിസ് പറഞ്ഞത്.
'ഞാന്‍ കരുതിയത് പാര്‍ട്ട് 2 ചെയ്തതിന് ശേഷം ഒരു ബ്രേക്ക് എടുത്ത് പ്രകൃതിയിലേക്ക് മടങ്ങാം എന്നായിരുന്നു. പക്ഷെ അത് എനിക്ക് ചേരുന്നില്ലെന്ന് മനസിലായി. ഞാന്‍ വിചാരിച്ചതിലും വേഗം ക്യാമറയ്ക്ക് പിന്നിലേക്ക് തിരിച്ചെത്തുമെന്ന് എനിക്ക് മനസിലായി. 2026ല്‍ ചിത്രീകരണം ആരംഭിക്കുമെന്നാണ് എനിക്ക് തോന്നുന്നത്', എന്നും ഡെനിസ് കൂട്ടിച്ചേര്‍ത്തു.