fbwpx
സ്ത്രീപോരാട്ടത്തില്‍ തകര്‍ന്നുവീണ AMMA-യുടെ ആണധികാരവാഴ്ച; മൂന്ന് പതിറ്റാണ്ടിനിടെ ആദ്യം
logo

അരുണ്‍ കൃഷ്ണ

Last Updated : 27 Aug, 2024 06:23 PM

ധാര്‍മികതയുടെ പേരിലാണ് കൂട്ടരാജി എന്ന് വിശദീകരിച്ചാല്‍ പോലും, സുനാമി പോലെ എത്തിയ ആരോപണങ്ങള്‍ സംഘടനക്കുള്ളില്‍ ഉണ്ടാക്കിയ കടുത്ത അരക്ഷിതാവസ്ഥ തന്നെയാണ് ഇതിന് കാരണം

MALAYALAM MOVIE


ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഉണ്ടായ ഏറ്റവും വലിയ നീക്കമായിരുന്നു, മലയാള സിനിമാ അഭിനേതാക്കളുടെ സംഘടന AMMA ഭരണസമിതിയുടെ കൂട്ടരാജി. ജനറല്‍ സെക്രട്ടറി സിദ്ദീഖ്, ജോയിന്‍റ് സെക്രട്ടറി ബാബുരാജ് അടക്കമുള്ള മുന്‍നിര അഭിനേതാക്കള്‍ക്ക് നേരെ ഉയര്‍ന്ന ലൈംഗികാരോപണ പരാതികള്‍ സൃഷ്ടിച്ച അലയൊലികളില്‍ തട്ടിയാണ്, മോഹന്‍ലാലിന്‍റെ നേതൃത്വത്തിലുള്ള AMMA എക്സിക്യൂട്ടീവ് കമ്മിറ്റി ചീട്ടുകൊട്ടാരം പോലെ തകര്‍ന്നുവീണത്. ധാര്‍മികതയുടെ പേരിലാണ് കൂട്ടരാജി എന്ന് വിശദീകരിച്ചാല്‍ പോലും സുനാമി പോലെ എത്തിയ ആരോപണങ്ങള്‍, സംഘടനയ്ക്കുള്ളില്‍ ഉണ്ടാക്കിയ കടുത്ത അരക്ഷിതാവസ്ഥ തന്നെയാണ് ഇതിലേക്ക് നയിച്ചത്.

പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി തെരഞ്ഞെടുക്കപ്പെട്ട്, വെറും രണ്ട് മാസത്തിന് ശേഷമുണ്ടായ ഈ കൂട്ടരാജിയില്‍ സംഘടനയുടെ ഭാവി ഇനി എന്താകുമെന്ന ചോദ്യം ബാക്കിയാണ്. 1994ലെ ട്രാവന്‍കൂര്‍ ട്രാവൻകൂർ കൊച്ചിൻ ലിറ്റററി, സയൻ്റിഫിക്, ചാരിറ്റബിൾ സൊസൈറ്റീസ് ആക്ട് പ്രകാരം 29 വര്‍‌ഷങ്ങള്‍ക്ക് മുന്‍പാണ് 'അസോസിയേഷന്‍ ഓഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റ്' അഥവാ AMMA സംഘടന രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്.

253 പുരുഷന്മാരും 245 സ്ത്രീകളും ഉൾപ്പെടെ 498 അംഗങ്ങളുള്ള സംഘടന ഒരു കാലത്ത് ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും കെട്ടുറപ്പുള്ള സിനിമ കൂട്ടായ്മയായിരുന്നു. സംഘടനയിൽ 117 ഓണററി അംഗങ്ങളും 381 ലൈഫ് അംഗങ്ങളും ഉൾപ്പെടുന്നു. മുതിര്‍ന്ന അംഗങ്ങള്‍ക്ക് പ്രതിമാസം 'കൈനീട്ടം' എന്ന പേരില്‍ പെന്‍ഷന്‍ നല്‍കിയും, താരനിശകള്‍ സംഘടിപ്പിച്ചും പ്രവര്‍ത്തനം മുന്നോട്ട് പോകുന്നതിനിടെയാണ് സംഘടനയില്‍ പ്രശ്നങ്ങള്‍ രൂപപ്പെടുന്നത്.

കൃത്യമായി പറഞ്ഞാല്‍‌ 2017ല്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷമുള്ള ഒരു എക്സിക്യൂട്ടീവ് കമ്മിറ്റിക്കും വിവാദങ്ങള്‍ നേരിടാതെ കാലാവധി പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല. അംഗങ്ങളായ വനിതകള്‍ നേരിടുന്ന പ്രശ്നങ്ങളെ വേണ്ട വിധത്തില്‍ പരിഗണിക്കാന്‍ കഴിയാതെ പോയതാണ് AMMAയുടെ ഏറ്റവും വലിയ വീഴ്ചയായി മാറിയത്.

ALSO READ : ഇത് ട്രെയ്‌ലര്‍ മാത്രം; ആണഹന്തകളുടെ മുട്ടുകാലൊടിക്കാന്‍ പ്രാപ്തിയുള്ളതാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഇരയ്ക്കും വേട്ടക്കാരനുമൊപ്പം നില്‍ക്കുന്ന സംഘടനയുടെ നിലപാട് AMMAയ്ക്ക് ഉള്ളില്‍ തന്നെ ചോദ്യം ചെയ്യപ്പെട്ടു. യുവ താരങ്ങളടക്കം ഉയര്‍ത്തിയ കലാപക്കൊടിയുടെ പരിണിതഫലമായി, ദിലീപിനെ സംഘടനയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കേണ്ടി വന്നു. നാലര വര്‍ഷം കോള്‍ഡ് സ്റ്റോറേജിലിരുന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ AMMA-യ്ക്ക് ഉള്ളില്‍ പുകച്ചിലുകള്‍ തുടങ്ങി.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംഘടനയെ ബാധിക്കുന്ന കാര്യമല്ലെന്ന് മുന്‍പ് പറഞ്ഞ ജനറല്‍ സെക്രട്ടറി സിദ്ദീഖിന് തന്നെ ആദ്യ പ്രഹരം ഏറ്റുവാങ്ങേണ്ടി വന്നു. റിപ്പോര്‍ട്ടിന്മേല്‍ സംഘടനയ്ക്കുള്ളില്‍ അഭിപ്രായ ഭിന്നതയുണ്ടെന്ന് വൈസ് പ്രസിഡന്‍റ് ജഗദീഷിന്‍റെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് വ്യക്തമാകുകയും ചെയ്തു. നടി ലൈംഗികാരോപണവുമായി രംഗത്തുവന്നതോടെ രാജിവയ്ക്കാന്‍ സിദ്ദീഖ് നിര്‍ബന്ധിതനായി. പിന്നാലെ ജോയിന്‍റ് സെക്രട്ടറി ബാബുരാജിനെതിരെ പരാതിയുമായി ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ഡിജിപിയെ സമീപിച്ചു.

ALSO READ : AMMA-യില്‍ കൂട്ടത്തകര്‍ച്ച: മോഹന്‍ലാല്‍ ഉള്‍പ്പെടെ രാജിവെച്ചു; എക്സിക്യൂട്ടീവ് പിരിച്ചുവിട്ടു

സംഘടനയുടെ തലപ്പത്ത് അനിവാര്യമായ അഴിച്ചുപണികള്‍ക്ക് നീക്കം നടക്കുന്ന കാഴ്ചയാണ് പിന്നീട് ഉണ്ടായത്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് വനിത അംഗത്തെ കണ്ടെത്താന്‍ ഡബ്ല്യൂസിസിയുമായി ചര്‍ച്ച നടത്താനുള്ള സാധ്യത പോലും തെളിഞ്ഞു. നാള്‍ക്കുനാള്‍ ആരോപണ ശരങ്ങള്‍ ഏറി വന്നതോടെ കൂട്ടരാജി എന്ന താല്‍ക്കാലിക പരിഹാരത്തിലേക്ക് നേതൃത്വം എത്തുകയായിരുന്നു.

രണ്ട് മാസത്തിനുള്ളില്‍ പൊതുയോഗം കൂടി പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കാനാണ് ഒടുവിലത്തെ തീരുമാനം. കൈനീട്ടം അടക്കമുള്ള പദ്ധതികള്‍ മുടങ്ങാതിരിക്കാന്‍ നിലവിലുള്ള ഭരണസമിതി താത്കാലികമായി തുടരും. അടിമുടി അഴിച്ചുപണിക്കുള്ള സമയമായെന്ന ബോധ്യത്തിലാണ് ഈ പിന്‍മാറ്റമെങ്കില്‍, സിനിമയെ വെല്ലുന്ന ട്വിസ്റ്റുകളാകും മലയാള സിനിമാ വ്യവസായത്തില്‍ ഇനി ഉണ്ടാകാന്‍ പോകുന്നത്.


NATIONAL
പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രൻ്റെ മൃതദേഹം ഇന്ന് രാത്രി കൊച്ചിയിലെത്തിക്കും
Also Read
user
Share This

Popular

KERALA
NATIONAL
കോവിഡ് ബാധിച്ച് മരിച്ച വീട്ടമ്മയുടെ വീട് ജപ്തി ചെയ്തു; മുഖ്യമന്ത്രിക്ക് പരാതി നൽകി കൊല്ലം സ്വദേശികൾ