ക്രിക്കറ്റ് ബാറ്റ് കൊണ്ടും സ്റ്റമ്പ് കൊണ്ടും പൊതിരെ തല്ലിയ ശേഷം യുവാവിനെ വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു
മംഗളൂരുവില്‍ ആള്‍ക്കൂട്ടം മര്‍ദിച്ചു കൊന്ന യുവാവ് മലയാളിയെന്ന് സംശയം. ഇക്കഴിഞ്ഞ ഞായറാഴ്ച മംഗളൂരുവിനു സമീപം കുഡുപ്പുവിലാണ് ആള്‍ക്കൂട്ടം യുവാവിനെ മര്‍ദിച്ചു കൊന്നത്. കുഡുപ്പുവിലെ ക്ഷേത്രത്തിനു സമീപം പ്രാദേശിക ക്രിക്കറ്റ് മത്സരം കാണാനെത്തിയ യുവാവ് തര്‍ക്കിക്കാന്‍ വന്നതും മത്സരം തടസപ്പെടുത്തിയതുമാണ് പ്രകോപനത്തിന് കാരണമെന്നാണ് പ്രതികളുടെ പ്രാഥമിക മൊഴി എന്നാണ് റിപ്പോര്‍ട്ടുകള്‍.
കൊല്ലപ്പെട്ട യുവാവ് മലയാളിയാണെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മൃതദേഹം തിരിച്ചറിയാനായി ബന്ധുക്കള്‍ മംഗളൂരിലേക്ക് തിരിച്ചിട്ടുണ്ട്. ക്രിക്കറ്റ് ബാറ്റ് കൊണ്ടും സ്റ്റമ്പ് കൊണ്ടും പൊതിരെ തല്ലിയ ശേഷം യുവാവിനെ വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. മര്‍ദനത്തെ തുടര്‍ന്നുണ്ടായ ആന്തരിക ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. യുവാവിന് 35നും 40നും ഇടയില്‍ പ്രായമുണ്ടെന്നാണ് സൂചന.
Also Read: ഏറ്റുമാനൂരിൽ പൊലീസ് ഉദ്യോഗസ്ഥനെ മർദിച്ചു കൊന്ന കേസ്: ഗുണ്ട ജിബിൻ ജോർജിനെതിരെ കുറ്റപത്രം സമർപ്പിച്ചു
സംഭവത്തില്‍ ഇതുവരെ 15 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഓട്ടോറിക്ഷ ഡ്രൈവറും കുഡുപ്പു നിവാസിയുമായ ടി.സച്ചിന്‍ (26) ആണ് ആക്രമണം തുടങ്ങിയതെന്നും 25 പേരെങ്കിലും പങ്കെടുത്തിട്ടുണ്ടാകാമെന്നുമാണ് പൊലീസ് പറയുന്നത്.