തിരുവനന്തപുരത്തെ വീട്ടിലും കലാഭവൻ തിയേറ്ററിലും ആയിരങ്ങളാണ് ഷാജി എൻ. കരുണിന് അന്ത്യാഞ്ജലി അർപ്പിച്ചത്.
മലയാള സിനിമയെ ലോകത്തിന്റെ നെറുകയിലെത്തിച്ച വിഖ്യാത ചലച്ചിത്രകാരൻ ഷാജി എൻ. കരുൺ ഇനി ഓർമ്മ. ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിച്ചു. തിരുവനന്തപുരത്തെ വീട്ടിലും കലാഭവൻ തിയേറ്ററിലും ആയിരങ്ങളാണ് ഷാജി എൻ. കരുണിന് അന്ത്യാഞ്ജലി അർപ്പിച്ചത്.
ഷാജി എൻ. കരുണിന് അന്ത്യാഞ്ജലി അർപ്പിക്കാൻ അദ്ദേഹത്തിന്റെ വീടായ പിറവിയിലും കലാഭവൻ തിയേറ്ററിലും സിനിമാ സാംസ്കാരിക മേഖലയിലെ പ്രമുഖരെത്തി. പത്തര മുതൽ പന്ത്രണ്ട് മുപ്പത് വരെയായിരുന്നു കലാഭവൻ തിയേറ്ററിലെ പൊതുദർശനം. സർക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി വി. ശിവൻകുട്ടി അന്ത്യാഞ്ജലി അർപ്പിച്ചു. പ്രിയ സംവിധായകന്റെ അസാന്നിധ്യം തീരാനഷ്ടമാണെന്ന് സിനിമാ മന്ത്രി സജി ചെറിയാൻ അനുസ്മരിച്ചു.
സംവിധായകരായ അടൂർ ഗോപാലകൃഷ്ണനും ബ്ലെസിലും കലാഭവനിലെത്തി അന്തിമോപചാരം അർപ്പിച്ചു. വൈകിട്ട് അഞ്ചു മണിക്കാണ് മൃതദേഹം ശാന്തികവാടത്തിൽ എത്തിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, ജില്ലാ കളക്ടർ അനുകുമാരി, ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, നടൻ മധുപാൽ തുടങ്ങിയവർ ശാന്തി കവാടത്തിൽ എത്തി.
രാജ്യം പത്മശ്രീ നൽകി ആദരിച്ച, സംസ്ഥാനം ജെ.സി. ഡാനിയേൽ പുരസ്‌കാരം നൽകി അംഗീകരിച്ച ചലച്ചിത്രകാരന് ഔദ്യോഗിക ബഹുമതികളോടെ മടക്കം.