പട്ടികജാതി വിഭാഗത്തിൽ നിന്ന് ചീഫ് ജസ്റ്റിസ് ആകുന്ന രണ്ടാമത്തെ വ്യക്തിയാണ് ജസ്റ്റിസ് ബി.ആർ. ഗവായ്
സുപ്രീം കോടതിയുടെ 52-ാമത് ചീഫ് ജസ്റ്റിസായി ബി.ആർ. ഗവായിയെ നിയമിച്ചു. നിയമനത്തിന് രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകാരം നൽകി. നിലവിലെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന മെയ് 13 നാണ് വിരമിക്കുക. മെയ് 14ന് ജസ്റ്റിസ് ഗവായ് ചുമതലയേൽക്കും. പട്ടികജാതി വിഭാഗത്തിൽ നിന്ന് ചീഫ് ജസ്റ്റിസ് ആകുന്ന രണ്ടാമത്തെ വ്യക്തിയാണ് ജസ്റ്റിസ് ബി.ആർ. ഗവായ്.
സുപ്രീം കോടതിയിലെ രണ്ടാമത്തെ മുതിർന്ന അഭിഭാഷകനാണ് ജസ്റ്റിസ് ബി.ആർ. ഗവായ്. ബോംബെ ഹൈക്കോടതിയിലെ മുൻ ജഡ്ജിയായ ഗവായ് നാഗ്പൂരിലെ മഹാരാഷ്ട്ര നാഷണൽ ലോ യൂണിവേഴ്സിറ്റി ചാൻസലറാണ്. നാഷണൽ ലീഗൽ സർവീസസ് അതോറിറ്റിയുടെ എക്സ് ഒഫീഷ്യോ എക്സിക്യൂട്ടീവ് ചെയർമാനുമാണ്.
1960 നവംബര്‍ 24ന് അമരവാതിയിലാണ് ഭൂഷണ്‍ രാമകൃഷ്ണ ഗവായ് എന്ന ബി.ആര്‍. ഗവായിയുടെ ജനനം. മുൻ കേരള ഗവർണർ ആർ.എസ്. ഗവായ് ആണ് പിതാവ്. 2003 നവംബർ 14ന് ബി.ആർ. ഗവായ് ഹൈക്കോടതി അഡീഷണൽ ജഡ്ജായി. 2019ൽ ഗവായിയെ സുപ്രീംകോടതി ജസ്റ്റിസായി നിയമിച്ചു. സുപ്രധാന വിധിന്യായങ്ങൾ പുറപ്പെടുവിച്ച സുപ്രീം കോടതിയുടെ നിരവധി ഭരണഘടനാ ബെഞ്ചുകളുടെ ഭാഗമായിരുന്നു അദ്ദേഹം. 2016ലെ കേന്ദ്ര സർക്കാരിന്റെ നോട്ട് അസാധുവാക്കൽ തീരുമാനം ശരിവെച്ച വിധിയും, ഇലക്ടറൽ ബോണ്ട് പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച സുപ്രീം കോടതി വിധിയും ഇതിൽ ഉൾപ്പെടുന്നു.