വിഴിഞ്ഞം തുറമുഖം കമ്മീഷനിങ്ങിൽ പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചില്ലെന്ന് ആരോപിച്ച് വലിയ തോതില്‍ വിമശനങ്ങള്‍ ഉയർന്നിരുന്നു
വി.ഡി. സതീശന്‍
വിവാദങ്ങൾക്ക് പിന്നാലെ വിഴിഞ്ഞം തുറമുഖത്തിൻ്റെ ഉദ്ഘാടന ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ക്ഷണം. വിവാദത്തെ തുടർന്നല്ല തീരുമാനമെന്ന് മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങിലേക്ക് അതിഥികളെ തീരുമാനിക്കുന്നത് എസ്‌പിജി ആണെന്നാണ് സർക്കാരിന്‍റെ വിശദീകരണം. എന്നാല്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ വി.ഡി. സതീശൻ പ്രതികരിച്ചില്ല.
വിഴിഞ്ഞം തുറമുഖം കമ്മീഷനിങ്ങിൽ പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചില്ലെന്ന് ആരോപിച്ച് വലിയ തോതില്‍ വിമശനങ്ങള്‍ ഉയർന്നിരുന്നു. വി.ഡി. സതീശനെ പങ്കെടുപ്പിക്കാത്തത് ഇടതുപക്ഷത്തിൻ്റെ സങ്കുചിത മനോഭാവം കൊണ്ടെന്നായിരുന്നു എം. വിൻസൻ്റ് എംഎൽഎയുടെ വിമർശനം. പ്രതിപക്ഷ നേതാവ് പങ്കെടുക്കുക എന്നാൽ പ്രതിപക്ഷത്തിൻ്റെ പൂർണ പങ്കാളിത്തം ഉണ്ടാകുക എന്നതാണ് അർഥം. വാർഷിക ആഘോഷമായതു കൊണ്ടാണ് പ്രതിപക്ഷ നേതാവിനെ പങ്കെടുപ്പിക്കാത്തതെന്നാണ് മന്ത്രി വാസവൻ പറഞ്ഞത്. വാർഷിക ആഘോഷത്തിൽ പങ്കെടുക്കാൻ ആണോ പ്രധാനമന്ത്രി വരുന്നതെന്നും എംഎൽഎ ചോദിച്ചു.
Also Read: ഗതാഗത മന്ത്രി ഗണേഷ് കുമാറിനെതിരെ വിമർശനവുമായി മുൻമന്ത്രി ആൻ്റണി രാജു
മെയ് രണ്ടിനാണ് വിഴിഞ്ഞം തുറമുഖത്തിന്റെ സമർപ്പണച്ചടങ്ങ്. 11 മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുറമുഖം രാജ്യത്തിനു സമർപ്പിക്കും. പ്രൗഢഗംഭീരമായ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനുൾപ്പെടെയുള്ളവർ പങ്കെടുക്കും. തുറമുഖത്ത് പ്രത്യേകം തയ്യാറാക്കിയ വേദിയിലാകും ചടങ്ങുകൾ നടക്കുക. വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡിനാണ് ചടങ്ങ് നടത്തിപ്പിന്‍റെ ചുമതല.
കഴിഞ്ഞ ജൂലൈയിൽ സാൻ ഫെർണാൺഡോ കപ്പലിനെ സ്വീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയനാണ് തുറമുഖത്തിന്‍റെ ട്രയൽ റൺ ഉദ്ഘാടനം ചെയ്തത്. ഡിസംബറിലാണ് തുറമുഖം പൂണതോതിൽ പ്രവർത്തനം ആരംഭിച്ചത്.