ഏറ്റുമാനൂർ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പ്രതി ജിബിൻ ജോർജിനെതിരെ കൊലക്കുറ്റം അടക്കമുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്
കോട്ടയം ഏറ്റുമാനൂരിൽ പൊലീസ് ഉദ്യോഗസ്ഥനെ മർദിച്ചു കൊന്ന കേസിൽ കുറ്റപത്രം സമർപ്പിച്ചു. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ സിപിഒ ശ്യാംപ്രസാദിനെ, ഗുണ്ട ജിബിൻ ജോർജ് കൊന്ന കേസിലാണ് കുറ്റപത്രം സമർപ്പിച്ചത്. നിരവധി സാക്ഷി മൊഴികളും ശാസ്ത്രീയ തെളിവുകളും അടങ്ങുന്നതാണ് കുറ്റപത്രം.
ഫെബ്രുവരി രണ്ടിന് രാത്രി ഏറ്റുമാനൂർ തെള്ളകത്ത് വച്ച് കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷൻ സിപിഒ ശ്യാംപ്രസാദിനെ മർദിച്ചു കൊലപ്പെടുത്തിയ കേസിലാണ് ഒന്നര മാസത്തിനുള്ളിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. ഏറ്റുമാനൂർ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പ്രതി ജിബിൻ ജോർജിനെതിരെ കൊലക്കുറ്റം അടക്കമുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. 64 സാക്ഷി മൊഴികളും നിരവധി ശാസ്ത്രീയ തെളിവുകളുമടങ്ങുന്നതാണ് പൊലീസിൻ്റെ കുറ്റപത്രം.
Also Read: "സുരേഷ് ഗോപിയുടെ കഴുത്തില്‍ പുലിപ്പല്ല് മാല"; പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്
ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ ശ്യാംപ്രസാദ് തട്ടുകടക്കാർ തമ്മിലുള്ള തർക്കം അവസാനിപ്പിക്കാൻ ഇടപെട്ടതാണ് കൊലപാതകത്തിന് കാരണം. പെരുമ്പായിക്കാട് സ്വദേശി ജിബിൻ ജോർജ് ശ്യാം പ്രസാദിനെ ക്രൂരമായി മർദിക്കുകയും നെഞ്ചിൽ ആഞ്ഞ് ചവിട്ടുകയും ചെയ്തു. ശ്വാസകോശത്തിൽ ഏറ്റ മുറിവും തുടർന്നുണ്ടായ ഹൃദയാഘാതവും ആണ് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയ മരണകാരണം. സംഭവ സമയം തന്നെ പ്രതിയെ പൊലീസ് പിടികൂടിയിരുന്നു.