മാര്‍ച്ച് മാസത്തില്‍ റിലീസിന് ഒരുങ്ങുന്ന രണ്ട് സിനിമകളുടെ പ്രമോഷനാണ് ഇനി സെയ്ഫിനെ കാത്തിരിക്കുന്നത്
ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ കഴിഞ്ഞ ദിവസമാണ് കുത്തേറ്റ് മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആറ് തവണ കുത്തേറ്റ താരത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. തുടര്‍ന്ന് സെയ്ഫിന്റെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. നിലവില്‍ ആരോഗ്യ സ്ഥിതി പുരോഗമിച്ചുകൊണ്ടിരിക്കുന്ന സെയ്ഫ് അലി ഖാനെ 2025 കാത്തിരിക്കുന്നത് ഒരുപിടി സിനിമകളാണ്. മാര്‍ച്ച് മാസത്തില്‍ റിലീസിന് ഒരുങ്ങുന്ന രണ്ട് സിനിമകളുടെ പ്രമോഷനാണ് ഇനി സെയ്ഫിനെ കാത്തിരിക്കുന്നത്. ജുവല്‍ തീഫ്-ദി റെഡ് സണ്‍ ചാപ്റ്റര്‍, കര്‍ത്തവ്യ എന്നീ സിനിമകളാണ് വരും മാസങ്ങളിലായി റിലീസിന് ഒരുങ്ങുന്ന സിനിമകള്‍.
ജയദീപ് അഹലാവതും കേന്ദ്ര കഥാപാത്രമായ ജുവല്‍ തീഫ് മാര്‍ച്ചിലായിരിക്കും റിലീസ് ചെയ്യുക എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 'റോബി ഗെരെവാള്‍ സംവിധാനം ചെയ്യുന്ന ഹെയ്‌സ്റ്റ് ത്രില്ലര്‍ കഴിഞ്ഞ വര്‍ഷമാണ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. അവസാന പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളിലാണ് ചിത്രം ഇപ്പോള്‍. 2024 നവംബറില്‍ സെയ്ഫ് ചിത്രത്തിന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയെങ്കിലും രണ്ട് ദിവസത്തെ ഡബ്ബിംഗ് കൂടി താരത്തിന് ബാക്കിയുണ്ട്. മാര്‍ച്ച് പകുതിയോടെ ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികള്‍ ആരംഭിക്കും. ചിത്രം മാര്‍ച്ച് 27നാണ് റിലീസ് ചെയ്യുന്നത്', എന്നാണ് മിഡ് ഡേ ചിത്രത്തെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അതേസമയം കര്‍ത്തവ്യ ഒരു ഒടിടി സിനിമയാണ്. ഭാക്ഷാക് എന്ന ചിത്രത്തിന്റെ സംവിധായകനായ പുല്‍കിത് ആണ് ഈ ചിത്രവും സംവിധാനം ചെയ്തിരിക്കുന്നത്. 2025ന്റെ പകുതിയോടെ ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനം. മെയ് മാസത്തിന് ശേഷം ചിത്രത്തിന്റെ പ്രമോഷന്‍ ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
റെയ്‌സ് 4 ആണ് ഇനി ഷൂട്ടിംഗ് ആരംഭിക്കാനുള്ള സെയ്ഫിന്റെ ചിത്രം. ആഗസ്റ്റില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും നിലവില്‍ നിര്‍മാതാക്കള്‍ സംവിധായകനെ തീരുമാനിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രിയദര്‍ശന്‍ ചിത്രത്തിലും 2025ല്‍ സെയ്ഫ് അലി ഖാനെ കാണാന്‍ സാധിക്കും. അതോടൊപ്പം ദേവര പാര്‍ട്ട് 2വും 2025ല്‍ ഷൂട്ടിംഗ് ആരംഭിക്കും.