രോഹിത് 2015 നവംബറിൽ ഉത്തർപ്രദേശിനെതിരെയാണ് അവസാനമായി ഒരു രഞ്ജി ട്രോഫി മത്സരം കളിച്ചത്
പത്ത് വർഷത്തിന് ശേഷം രഞ്ജി ട്രോഫി മത്സരം കളിക്കാനൊരുങ്ങി ഇന്ത്യൻ നായകൻ രോഹിത് ശർമ. ജനുവരി 23 മുതൽ 26 വരെ മുംബൈയിലെ വാങ്കഡെയിൽ നടക്കുന്ന മുംബൈയും ജമ്മു കശ്മീരും തമ്മിലുള്ള രഞ്ജി ട്രോഫി മത്സരത്തിൽ പങ്കെടുക്കുമെന്ന് രോഹിത് അറിയിച്ചു. ഒരു ദശാബ്ദത്തിന് ശേഷമാണ് അദ്ദേഹം രഞ്ജി ട്രോഫി കളിക്കാനൊരുങ്ങുന്നത്. രോഹിത് 2015 നവംബറിൽ ഉത്തർപ്രദേശിനെതിരെ ഇതേ വേദിയിലായിരുന്നു അദ്ദേഹം അവസാനമായി ഒരു രഞ്ജി മത്സരം കളിച്ചത്.
ശനിയാഴ്ച മുംബൈയിൽ നടന്ന ചാംപ്യൻസ് ട്രോഫി ടീം പ്രഖ്യാപന വേളയിലാണ് രോഹിത്ത് ഇക്കാര്യം സ്ഥിരീകരിച്ചത്. ആഭ്യന്തര ക്രിക്കറ്റിൽ തിരിച്ചെത്താനുള്ള സാധ്യതയെക്കുറിച്ച് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന്, "അതെ, ഞാൻ കളിക്കും" എന്നായിരുന്നു രോഹിതിൻ്റെ മറുപടി. വൈറ്റ് ബോളിൽ കളിക്കേണ്ട ചാംപ്യൻസ് ട്രോഫിക്ക് ഇംഗ്ലണ്ട് സീരീസിനും അനുയോജ്യമായ തയ്യാറെടുപ്പാണോ, റെഡ് ബോളിൽ കളിക്കുന്ന രഞ്ജി ഗെയിം എന്ന ചോദ്യത്തിനും രോഹിത്തിൻ്റെ പക്കൽ മറുപടിയുണ്ടായിരുന്നു.
ALSO READ: ഇന്ത്യയുടെ ചാംപ്യൻസ് ട്രോഫി ടീമിനെ പ്രഖ്യാപിച്ചു; പ്രതീക്ഷിച്ച പോലെ സഞ്ജുവിന് ഇടമില്ല
"ഇതൊന്നും എനിക്ക് പുതുമയുള്ള കാര്യമല്ല. ഞാൻ ഇത്തരം മാറ്റങ്ങൾ നേരത്തെ പരിചയിച്ചിട്ടുള്ളതാണ്. വളരെക്കാലമായി ഞാൻ ഇത്തരം മാറ്റങ്ങളിലൂടെയാണ് കടന്നുവരുന്നത്. കാരണം നിങ്ങൾ മൂന്ന് ഫോർമാറ്റുകളും കളിക്കുമ്പോൾ, നിങ്ങൾ എല്ലാ തരത്തിലുമുള്ള സാഹചര്യങ്ങളുമായി പൊരുത്തപ്പെടണം. ചിലപ്പോൾ നിങ്ങൾ ഒരു റെഡ് ബോൾ മാച്ചിനാകും തയ്യാറെടുക്കുന്നത്. അപ്പോൾ പെട്ടെന്ന് ഒരു ടി20 ഫോർമാറ്റ് കടന്നുവരാം," രോഹിത് പറഞ്ഞു.
രോഹിത് നേരത്തെ തന്നെ മുംബൈ ടീമിനൊപ്പം പരിശീലനം തുടങ്ങിയിരുന്നു. ജനുവരി 23ന് രഞ്ജി മത്സരം ആരംഭിക്കുന്നത് വരെ അദ്ദേഹം ടീമിനൊപ്പം പരിശീലനം തുടരാനാണ് സാധ്യത. അതേസമയം, രഞ്ജി മത്സരത്തിനുള്ള ടീമിനെ ജനുവരി 20ന് തെരഞ്ഞെടുക്കുമെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷൻ (എംസിഎ) അറിയിച്ചു.