ലീഗിലെ നിബന്ധനകൾ ചൂണ്ടിക്കാട്ടിയാണ് സ്റ്റേഡിയത്തിനകത്ത് പ്ലക്കാർഡുകൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടതെന്നും കേരള ബ്ലാസ്റ്റേഴ്സ് ഉടമകൾ വിശദീകരിച്ചു
മഞ്ഞപ്പടയുടെ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ ക്ലബ്ബിൻ്റെ വളർച്ചയ്ക്കും വിജയത്തിനുമുള്ള പ്രതിബദ്ധത ആവർത്തിച്ച് വ്യക്തമാക്കി കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെൻ്റ്. നിലവിലെ പ്രതിസന്ധികൾക്ക് പരിഹാരമായി ഏഴിന നിർദേശങ്ങളാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെൻ്റ് മുന്നോട്ടുവെച്ചത്. മികച്ച ആഭ്യന്തര താരങ്ങളെ എത്തിക്കാൻ ക്ലബ്ബ് ശ്രമിച്ചിട്ടുണ്ടെന്നും ലീഗിലെ നിബന്ധനകൾ ചൂണ്ടിക്കാട്ടിയാണ് സ്റ്റേഡിയത്തിനകത്ത് പ്ലക്കാർഡുകൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടതെന്നും കേരള ബ്ലാസ്റ്റേഴ്സ് ഉടമകൾ വിശദീകരിച്ചു.
പൊലീസിന്റെ നടപടി ക്ലബ്ബിന്റെ അറിവോടെ അല്ലെന്നും സമാധാനപരമായ എല്ലാ പ്രതിഷേധങ്ങളെയും ക്ലബ്ബ് സ്വാഗതം ചെയ്യുന്നുവെന്നും ഉടമകൾ മഞ്ഞപ്പടയുടെ പ്രതിനിധികളെ അറിയിച്ചു. നിലവിലെ പ്രകടനത്തിൽ തൃപ്തരാണെന്നും താൽക്കാലിക കോച്ചിനെയോ കോച്ചിംഗ് സ്റ്റാഫിനെയോ നിലവിൽ മാറ്റില്ലെന്നും ക്ലബ്ബ് അറിയിച്ചിട്ടുണ്ട്. ഫാൻ അഡ്വൈസറി ബോർഡിലൂടെ ആരാധകരുമായുള്ള ബന്ധം ശക്തമാക്കുമെന്നും മാനേജ്മെൻ്റ് ഉറപ്പുനൽകി.
ബ്ലാസ്റ്റേഴ്സ് മാനേജ്മെൻ്റ് മുന്നോട്ടുവെച്ച ഏഴിന നിർദേശങ്ങൾ
1. ബദൽ പരിശീലന സൗകര്യങ്ങളെക്കുറിച്ചുള്ള അപ്‌ഡേറ്റുകൾ ഉടൻ നൽകാൻ മാനേജ്‌മെൻ്റ് പ്രതിജ്ഞാബദ്ധമാണ്.
2. അടുത്ത സമ്മർ ട്രാൻസ്ഫർ വിൻഡോയ്ക്കായി മൂന്ന് ആഭ്യന്തര സൈനിംഗുകൾ ഇതിനോടകം ഉറപ്പാക്കിയിട്ടുണ്ട്. നിലവിലെ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ കുറഞ്ഞത് ഒരു അധിക സൈനിംഗ് എങ്കിലും പ്രതീക്ഷിക്കുന്നുണ്ട്.
3. ആരാധകർക്കെതിരെ പ്രതികാര നടപടികളില്ലെന്ന് മാനേജ്‌മെൻ്റ് ഉറപ്പുനൽകുന്നു. ക്രിയാത്മകമായ വിമർശനങ്ങളെ പ്രോത്സാഹിപ്പിക്കുകയും, വികാരാധീനരായ ആരാധകരുമായി നല്ല ബന്ധം ഉറപ്പാക്കുകയും ചെയ്യും.
4. ഐഎസ്എൽ, സൂപ്പർ കപ്പ്, ഏഷ്യാ ലെവൽ ടൂർണമെൻ്റുകളിൽ മത്സരിച്ച് കിരീടം നേടുമെന്ന ആഗ്രഹം വീണ്ടും ഉറപ്പിക്കുകയാണ്.
5. യുവതാരങ്ങളെ വികസിപ്പിക്കുന്നതിനും, സമ്മർദ്ദമേറിയ സാഹചര്യങ്ങളിൽ ഉപയോഗിക്കുന്നതിനുമുള്ള സമീപനം മാനേജ്‌മെൻ്റ് ഉറപ്പാക്കും.
6. ടീമിൻ്റെ സ്ഥിരത നിലനിർത്താൻ സീസണിൻ്റെ ശേഷിക്കുന്ന സമയത്ത് താൽക്കാലിക പരിശീലകർ തുടരും.
7. കളിക്കാരുടെ റിക്രൂട്ട്‌മെൻ്റ് തീരുമാനങ്ങളിൽ പരിശീലകർക്ക് കാര്യമായ പങ്ക് ഉറപ്പാക്കും.