കഴിഞ്ഞ ദിവസം, പുലര്‍ച്ചെയാണ് സെയ്ഫ് അലി ഖാന് കുത്തേറ്റത്. താരത്തിന്റെ നാലുവയസുകാരനായ മകന്‍ ജഹാംഗീറിന്റെ മുറിയിലേക്കാണ് അക്രമി ആദ്യം പ്രവേശിച്ചത്
ബോളിവുഡ് താരം സെയ്ഫ് അലി ഖാന്‍ ആക്രമത്തെ തുടര്‍ന്ന് മുംബൈ ലീലാവതി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ മുതല്‍ കുടുംബാംഗങ്ങള്‍ സെയ്ഫിനെ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ സെയ്ഫിന്റെ ഇളയ മക്കളായ തൈമുറും ജേയും അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ ആശുപത്രിയില്‍ എത്തിയ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമം ഏറ്റെടുത്തിരിക്കുന്നത്. അമ്മ കരീന കപൂറിനൊപ്പമാണ് ഇരുവരും തങ്ങളുടെ പിതാവിനെ കാണാന്‍ എത്തിയത്.
സെയ്ഫ് അലി ഖാന്‍ ഉടന്‍ തന്നെ ആശുപത്രി വിടുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇന്ന് (ഞായറാഴ്ച്ച) താരം ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് പോകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
അതേസമയം സെയ്ഫ് അലി ഖാനെ ആക്രമിച്ച ആള്‍ പിടിയിലായി. ഷെരിഫുള്‍ ഇസ്ലാം ഷഹ്‌സാദാണ് അറസ്റ്റിലായത്. ഇന്നലെ പ്രതിയെന്ന് സംശയിച്ച രണ്ടുപേരെ പൊലീസ് തടഞ്ഞുവെച്ച് ചോദ്യം ചെയ്തിരുന്നു.
നേരത്തെ കസ്റ്റഡിയിലെടുത്ത പ്രതികള്‍ക്ക് കേസുമായി ബന്ധമില്ലെന്ന് പൊലീസ് പറഞ്ഞിരുന്നു. താനെ ഹിരാനന്ദാനി എസ്റ്റേറ്റിലെ ലേബര്‍ ക്യാമ്പില്‍ വെച്ച് ഡിസിപി സോണ്‍-6 നവ്നാഥ് ധവാലെയുടെ സംഘവും കാസര്‍വാഡാവലി പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തത്. പിടിയിലായ ഇയാള്‍ പൊലീസിനോട് വ്യാജ പേരാണ് ആദ്യം പറഞ്ഞത്.
പ്രതി ബംഗ്ലാദേശ് സ്വദേശിയെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. 4 ,5 മാസത്തിന് മുമ്പ് മുംബൈയിലെത്തിയെന്നാണ് നിഗമനം. ഇന്ത്യക്കാരനെന്ന് തെളിയിക്കുന്ന രേഖകളൊന്നും ഇയാളുടെ കയ്യിലില്ലെന്ന് മുംബൈ പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം, പുലര്‍ച്ചെയാണ് സെയ്ഫ് അലി ഖാന് കുത്തേറ്റത്. താരത്തിന്റെ നാലുവയസുകാരനായ മകന്‍ ജഹാംഗീറിന്റെ മുറിയിലേക്കാണ് അക്രമി ആദ്യം പ്രവേശിച്ചത്. കുട്ടിയെ പരിചരിക്കുന്ന നഴ്സിങ് സ്റ്റാഫ് ഏലിയാമ്മ ഫിലിപ്പ്‌സാണ് പ്രതിയെ ആദ്യം നേരില്‍ കണ്ടത്. ആറ് തവണ കുത്തേറ്റ നടന്റെ രണ്ടു മുറിവുകള്‍ ആഴത്തിലുള്ളതായിരുന്നു. നട്ടെല്ലിനും സുഷുമ്നാ നാഡിക്കും സാരമായ പരിക്കേറ്റിരുന്നു.