ശരീരമാസകലം കോമ്പസുകൊണ്ടും സൂചികൊണ്ടും കുത്തി പരിക്കേൽപ്പിച്ചും സ്വകാര്യഭാഗങ്ങളിൽ ഡംബൽ കെട്ടിത്തൂക്കിയും വിദ്യാർഥികൾ റാഗിങിന് ഇരയാക്കി
കോട്ടയം ഗാന്ധി നഗർ സർക്കാർ നഴ്സിങ് കോളേജിൽ വിദ്യാർഥികൾ ക്രൂരമായ റാഗിങ്ങിന് ഇരയായതിൻ്റെ ദൃശ്യങ്ങൾ പുറത്ത്. കോളേജ് ഹോസ്റ്റലിൽ പരാതിക്കാരനെ കെട്ടിയിട്ട് ഉപദ്രവിക്കുന്നതിൻ്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ഒന്നാം വർഷ ബിരുദ വിദ്യാർഥികളെയാണ് മൂന്നാം വർഷ വിദ്യാർഥികൾ ക്രൂരമായി റാഗിങ്ങിന് വിധേയമാക്കിയത്. ഒന്നാം വർഷ വിദ്യാർഥിയുടെ പിറന്നാൾ ആഘോഷത്തിനിടെയാണ് സീനിയർ വിദ്യാർഥികൾ ക്രൂരമായി ഉപദ്രവിച്ചത്. കോമ്പസ് ഉപയോഗിച്ച് വിദ്യാർഥിയുടെ ശരീരത്തിൽ കുത്തി, മുറിവിലും കാലിലും വായിലും ലോഷൻ ഒഴിക്കുന്നതും, സ്വകാര്യഭാഗത്ത് പരിക്കേൽപ്പിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. രാത്രിയിൽ ഹോസ്റ്റൽ മുറിയിൽ കയ്യും കാലും കെട്ടിയിട്ടാണ് ജൂനിയർ വിദ്യാർഥികളെ സീനിയേർസ് ഉപദ്രവിച്ചത്.
ALSO READ: വയനാട്ടിലെ യുഡിഎഫ് ഹർത്താൽ പൂർണം; പലയിടത്തായി വാഹനങ്ങൾ തടഞ്ഞു, നേരിയ സംഘർഷം
ശരീരമാസകലം കോമ്പസുകൊണ്ടും സൂചികൊണ്ടും കുത്തി പരിക്കേൽപ്പിച്ചും സ്വകാര്യഭാഗങ്ങളിൽ ഡംബൽ കെട്ടിത്തൂക്കിയും റാഗിങ്ങിന് ഇരയാക്കി. ഉപദ്രവത്തെ തുടർന്ന് വേദന സഹിക്കാനാകാതെ വിദ്യാർഥി വാവിട്ട് കരയുന്നതും, അത് കേട്ട് സീനിയർ വിദ്യാർഥികൾ ആക്രമണത്തിൽ ഉന്മത്തരാവുന്നതും ദൃശ്യങ്ങളിലുണ്ട്. വാ തുറന്ന് കരയുന്ന വിദ്യാർഥിയുടെ വായിൽ ലോഷനൊഴിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. നഴ്സിങ് കോളേജിൽ ആറ് വിദ്യാർഥികളാണ് റാഗിങ്ങിന് ഇരയായത്. ഇതിൽ മൂന്ന് വിദ്യാർഥികൾ പരാതി നൽകിയിട്ടുണ്ട്.
റാഗിങ്ങിന് ഇരയാക്കിയവർ തന്നെയാണ് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത്. എല്ലാ ആഴ്ചയും ജൂനിയർ വിദ്യാർഥികളിൽ നിന്ന് മദ്യപിക്കാനായി പണപ്പിരിവും നടത്തിയിരുന്നു. ഇത്തരം ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി മറ്റ് വിദ്യാർഥികളെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
കേസിൽ അഞ്ച് വിദ്യാർഥികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഗാന്ധിനഗർ നഴ്സിങ് കോളേജിലെ 2, 3 വർഷ വിദ്യാർഥികളായ സാമുവൽ ജോൺസൺ, ജീവ എൻ. എസ്, കെ. പി രാഹുൽരാജ്, സി. റിജിൽജിത്ത്, വിവേക് എൻ. പി. എന്നിവരെയാണ് സംഭവത്തിൽ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഗാന്ധിനഗർ റാഗിങ് കേസിൽ പ്രതികൾ SFI നേതാക്കളും പ്രവർത്തകരുമെന്ന് കെഎസ്‌യു ആരോപിച്ചു. പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട കെ.പി. രാഹുൽ കേരളാ ഗവ. സ്റ്റുഡന്റ്സ് നേഴ്സസ് അസോസിയേൻ ഭാരവാഹിയാണ്. പ്രതി CPM നേതാക്കൾക്ക് ഒപ്പം നിൽക്കുന്ന ചിത്രവും KSU പങ്കുവെച്ചു.
റാഗിങിൽ കൂടുതൽ ഇരകൾ ഉണ്ടോയെന്നു പരിശോധിക്കുമെന്ന് കോട്ടയം എസ്.പി സംഭവത്തിൽ പ്രതികരിച്ചു. നിലവിൽ ഒരു കുട്ടിയുടെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. കോളേജ് അധികൃതരുടെയോ വാർഡന്റെയോ ഭാഗത്തു നിന്ന് വീഴ്ച ഉണ്ടായോ എന്ന് അന്വേഷിക്കും. നിലവിൽ റാഗിങ് നിരോധന നിയമം അനുസരിച്ചാണ് കേസ് എടുതിരിക്കുന്നത്. കൂടുതൽ വിദ്യാർഥികളുടെ മൊഴി രേഖപ്പെടുത്തും. ദൃശ്യങ്ങൾ പ്രചരിപ്പിച്ചതും അന്വേഷിക്കും. കാര്യങ്ങൾ പുറത്ത് പറയരുതെന്ന് കോളേജ് ചെയർ പേഴ്സൺ താക്കീത് ചെയ്തതും പരിശോധിക്കുമെന്ന് കോട്ടയം എസ്.പി കൂട്ടിച്ചേർത്തു.