റഹീമിന്റെ മോചന ഉത്തരവ് കാത്തിരിക്കുകയാണ് കുടുംബവും നാട്ടുകാരും. 18 വര്‍ഷമായി റിയാദിലെ ജയിലിലാണ് അബ്ദുല്‍ റഹീം.
മോചനം കാത്ത് സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് രാമനാട്ടുകര സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചന ഹര്‍ജി പരിഗണിക്കുന്നത് റിയാദ് ക്രിമിനല്‍ കോടതി വീണ്ടും മാറ്റിവെച്ചു. ഇത് എട്ടാം തവണയാണ് കേസ് പരിഗണിക്കുന്നത് മാറ്റിവെക്കുന്നത്. ഗവര്‍ണറേറ്റില്‍ നിന്ന് റഹീമിന്റെ മോചന കാര്യത്തില്‍ അഭിപ്രായം തേടിയിട്ടും ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെന്നാണ് വിവരം.
സൗദി ബാലന്‍ അനസ് അല്‍ ഷാഹിരി കൊല്ലപ്പെട്ട കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട റഹീമിന് 34 കോടി രൂപ ദയാധനം കൈപ്പറ്റി കുടുംബം മാപ്പ് നല്‍കിയതോടെയാണ് മോചനത്തിന് വഴി തെളിഞ്ഞത്. 2024 ജൂലൈ 2നാണ് റഹീമിന്റെ വധ ശിക്ഷ റദ്ദാക്കി കോടതി ഉത്തരവുണ്ടായത്. കുടുംബം മാപ്പ് നല്‍കി കഴിഞ്ഞാല്‍ പബ്ലിക് റൈറ്റ് പ്രകാരമുള്ള നടപടിക്രമം പൂര്‍ത്തിയാക്കി മോചനം അനുവദിക്കുകയാണ് പതിവ്. എന്നാല്‍ റഹീമിന്റെ കേസില്‍ പതിവില്ലാത്ത കാലതാമസമാണ് ഉണ്ടാകുന്നത്.
നിയമസഹായ സമിതിക്കോ അഭിഭാഷകര്‍ക്കോ എന്താണ് കാരണമെന്ന് വ്യക്തമായിട്ടില്ല. 2006ല്‍ ഡ്രൈവറായി ജോലി ലഭിച്ച് റിയാദിലെത്തി ഒരു മാസം തികയും മുന്‍പാണ് കൊലപാതക കേസില്‍ അകപ്പെട്ട് റഹീം ജയിലാകുന്നത്. നിരവധി തവണ മാറ്റി വെച്ച കേസില്‍, റഹീമിന്റെ മോചന ഉത്തരവ് കാത്തിരിക്കുകയാണ് കുടുംബവും നാട്ടുകാരും. 18 വര്‍ഷമായി റിയാദിലെ ജയിലിലാണ് അബ്ദുല്‍ റഹീം.
സമാനതകളില്ലാത്ത ഫണ്ട് ശേഖരണത്തില്‍ മൊത്തം 47.87 കോടി രൂപയാണ് സംഭാവനയായി ലഭിച്ചത്. ഇതില്‍ റഹീമിന്റെ മോചനത്തിനായി 34 കോടിയിലേറെ മോചനദ്രവ്യവും, വക്കീല്‍ ഫീസായി ഒന്നരക്കോടിയും ഉള്‍പ്പെടെ 36.27 കോടി രൂപയാണ് വിനിയോഗിച്ചത്.