മനുഷ്യത്വം മരവിച്ച പ്രവർത്തകരുള്ള സംഘടനയായി എസ്എഫ്ഐ മാറുന്നതിൽ അത്ഭുതമില്ലെന്നും എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് പറഞ്ഞു
കോട്ടയം നഴ്സിങ് കോളേജിലെ റാഗിങ് വിഷയത്തിൽ എസ്എഫ്ഐക്ക് എതിരെ രൂക്ഷ വിമർശനവുമായി എംഎസ്എഫ് സംസ്ഥാന പ്രസിഡൻറ് പി.കെ. നവാസ്. റാഗിങ്ങിന് പിറകില്‍ എസ്എഫ്ഐ പ്രവർത്തകരാണെന്നും അധാർമികതയുടെ ആൾക്കൂട്ടമായി എസ്എഫ്ഐ മാറിയെന്നുമാണ് വിമർശനം. മനുഷ്യത്വം മരവിച്ച പ്രവർത്തകരുള്ള സംഘടനയായി എസ്എഫ്ഐ മാറുന്നതിൽ അത്ഭുതമില്ലെന്നും പ്രതികളെ സംഘടനയിൽ നിന്ന് പുറത്താക്കാൻ എസ്എഫ്ഐ തയ്യാറാകണമെന്നും നവാസ് പറഞ്ഞു.
നഴ്‌സിങ് സംഘടനയായ കെഎസ്‌ജിഎസ്എന്‍എയുടെ സ്റ്റേറ്റ് സെക്രട്ടറിയും എസ്എഫ്ഐ വണ്ടൂർ ലോക്കൽ കമ്മറ്റി ഭാരവാഹിയുമായ രാഹുൽ രാജ് ഉൾപ്പെടെ അഞ്ച് പ്രതികളും എസ്എഫ്ഐ നേതാക്കളും പ്രവർത്തകരുമാണെന്ന് പി.കെ. നവാസ് ഫേസ്ബുക്കില്‍ കുറിച്ചു. വയനാട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്റെ കൊലപാതകത്തിൽ പ്രതികളായ എസ്എഫ്ഐ നേതാക്കളെ സംരക്ഷിക്കാൻ ശ്രമിച്ചത് പോലെയുള്ള നീക്കം സിപിഎം , എസ്എഫ്ഐ നേതൃത്വത്തിൽ നിന്ന് ഉണ്ടാകരുത് . ഇത്തരം ക്രൂര മനസുകാർ ഒരു ദയയും അർഹിക്കുന്നില്ല. സിദ്ധാർഥന്റെ മരണത്തിൽ പ്രതികളായ എസ്എഫ്ഐ നേതാക്കൾക്ക് മാതൃകാപരമായ ശിക്ഷ വാങ്ങി നൽകാൻ സർക്കാർ സംവിധാനങ്ങൾ പരാജയപ്പെട്ടെന്നും നവാസ് വിമർശിച്ചു. നിയമത്തിന് പൂർണമായി വിധേയരാക്കി മാതൃകാപരമായി ശിക്ഷിക്കാൻ ഭരണകൂടം തയ്യാറാകണമെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പി.കെ. നവാസ് വ്യക്തമാക്കി.
റാഗിങ് കേസിൽ പ്രതികൾ എസ്എഫ്ഐ നേതാക്കളും പ്രവർത്തകരുമാണെന്ന് കെഎസ്‌യുവും ആരോപിച്ചിരുന്നു. പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട കെ.പി. രാഹുൽ കേരളാ ഗവ. സ്റ്റുഡന്റ്സ് നേഴ്സസ് അസോസിയേൻ ഭാരവാഹിയാണ്. പ്രതി സിപിഎം നേതാക്കൾക്ക് ഒപ്പം നിൽക്കുന്ന ചിത്രവും കെഎസ്യു പങ്കുവെച്ചു. കേസിൽ അഞ്ച് വിദ്യാർഥികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഗാന്ധിനഗർ നഴ്സിങ് കോളേജിലെ രണ്ട്, മൂന്ന് വർഷ വിദ്യാർഥികളായ സാമുവൽ ജോൺസൺ, ജീവ എൻ. എസ്, കെ. പി രാഹുൽരാജ്, സി. റിജിൽജിത്ത്, വിവേക് എൻ. പി എന്നിവരെയാണ് സംഭവത്തിൽ അറസ്റ്റ് ചെയ്തിരിക്കുന്നത്.
കോട്ടയം ഗാന്ധി നഗർ സർക്കാർ നഴ്സിങ് കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥിയെയാണ് മൂന്നാം വർഷ വിദ്യാർഥികൾ ക്രൂരമായി റാഗിങ്ങിന് വിധേയമാക്കിയത്. ഒന്നാം വർഷ വിദ്യാർഥിയുടെ പിറന്നാൾ ആഘോഷത്തിനിടെയാണ് സീനിയർ വിദ്യാർഥികൾ ക്രൂരമായി ഉപദ്രവിച്ചത്. കോമ്പസ് ഉപയോഗിച്ച് വിദ്യാർഥിയുടെ ശരീരത്തിൽ കുത്തി, മുറിവിലും കാലിലും വായിലും ലോഷൻ ഒഴിക്കുന്നതും, സ്വകാര്യഭാഗത്ത് പരിക്കേൽപ്പിക്കുന്നതും കാണാൻ സാധിക്കുന്ന വീഡിയോ പുറത്ത് വന്നിട്ടുണ്ട്. രാത്രിയിൽ ഹോസ്റ്റൽ മുറിയിൽ കയ്യും കാലും കെട്ടിയിട്ടാണ് ജൂനിയർ വിദ്യാർഥികളെ സീനിയേഴ്സ് ഉപദ്രവിച്ചത്. റാഗിങിൽ കൂടുതൽ ഇരകൾ ഉണ്ടോയെന്നു പൊലീസ് പരിശോധിച്ചു വരികയാണ്. നിലവിൽ ഒരു കുട്ടിയുടെ പരാതിയിലാണ് റാഗിങ് നിരോധന നിയമം അനുസരിച്ച് കേസ് എടുത്തിരിക്കുന്നത്. കോളേജ് അധികൃതരുടെയോ വാർഡന്റെയോ ഭാഗത്തു നിന്ന് വീഴ്ച ഉണ്ടായോ എന്നും അന്വേഷിക്കും.