അമേരിക്കയെ വീണ്ടും നമ്മൾ മഹത്തരമാക്കുമെന്നായിരുന്നു ട്രംപിൻ്റെ ആദ്യ പ്രതികരണം
യുഎസ് തെരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം ഉറപ്പാക്കി റിപ്പബ്ലിക്കൻ പാർട്ടി അധികാരത്തിലേക്ക്. കേവല ഭൂരിപക്ഷമായ 270 സീറ്റുകൾക്ക് തൊട്ടരികിലാണ് ഡൊണാൾഡ് ട്രംപ്. ഇത് ചരിത്ര വിജയമാണെന്നും അമേരിക്കയെ വീണ്ടും നമ്മൾ മഹത്തരമാക്കുമെന്നായിരുന്നു ട്രംപിൻ്റെ ആദ്യ പ്രതികരണം. നിർണായകമായ സ്വിങ് സീറ്റുകളിലെ വോട്ടർമാർക്ക് നന്ദിയുണ്ടെന്നും ട്രംപ് മറുപടി നൽകി.
വോട്ടെണ്ണൽ പുരോഗമിക്കവെ വ്യക്തമായ മാർജിനിലാണ് ട്രംപിൻ്റെ മുന്നേറ്റം. 270 സീറ്റുകളെന്ന കടമ്പ ട്രംപ് മറികടന്നുവെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. സിഎൻഎൻ റിപ്പോർട്ട് പ്രകാരം ട്രംപിന് 266 സീറ്റുകളിലും കമലാ ഹാരിസിന് 219 സീറ്റിലുമാണ് ജയിക്കാനായിരിക്കുന്നത്. ഔദ്യോഗികമായ ഫലപ്രഖ്യാപനം ഇനിയും വൈകുമെന്നാണ് സൂചന.
അമേരിക്കയുടെ 47-ാം പ്രസിഡന്റായി താൻ തെരഞ്ഞെടുക്കപ്പെട്ടു എന്നും ട്രംപ് ഫ്ലോറിഡയിൽ പറഞ്ഞു. തിങ്ങി നിറഞ്ഞ വേദിയിൽ ഹർഷാരവത്തോടെയാണ് അണികൾ ട്രംപിനെ സ്വാഗതം ചെയ്തത്. അനുയായികളെ അഭിസംബോധന ചെയ്യുമ്പോൾ ട്രംപിന്റെ ഭാര്യയും മക്കളും വേദിയിൽ അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണ വേളയിൽ തന്നെ പിന്തുണച്ചതിന് ഭാര്യ മെലാനിയയെ ആലിംഗനം ചെയ്തും ചുംബനം നൽകിയുമാണ് ട്രംപ് നന്ദി പറഞ്ഞത്. മെലാനിയയെ 'ഫസ്റ്റ് ലേഡി' എന്നു പറഞ്ഞാണ് ട്രംപ് പരിചയപ്പെടുത്തിയത്.
ഇദാഹോ, മിസൗരി, ടെക്സാസ്, വ്യോമിങ്, നോർത്ത് ഡെക്കോട്ട, സൗത്ത് ഡെക്കോട്ട, ലൂസിയാന, നെബ്രാസ്ക, അർക്കൻസാസ്, ഒക്ലഹോമ, മിസ്സിസിപ്പി, അലബാമ, ഫ്ലോറിഡ, സൗത്ത് കരോലിന, ടെന്നസി, ഇന്ത്യാന, കെൻടക്കി, വെസ്റ്റ് വെർജീനിയ, ഉട്ടാ, മൊണ്ടാന, ഒഹിയോ, കൻസാസ്, ഇയോവ എന്നീ സംസ്ഥാനങ്ങളിലാണ് ഡൊണാൾഡ് ട്രംപ് വിജയിച്ചത്. കോളറാഡോ, ഇല്ലിനോയ്സ്, ന്യൂയോർക്ക്, കണക്ടികട്, മേരിലാൻ്റ്, മസാച്ചുസെറ്റ്സ്, വെർമോണ്ട്, റോഡ് ഐലൻ്റ്, ന്യൂ ജേഴ്സി, ദെലാവെയർ, വാഷിങ്ടൺ എന്നിവിടങ്ങളിലാണ് കമല ഹാരിസ് വിജയിച്ചത്.
ALSO READ: യുഎസ് തെരഞ്ഞെടുപ്പ് ഫലം: ആദ്യ ഫലസൂചനകളിൽ മുന്നിട്ട് ട്രംപ്
മെയ്ൻ, ന്യൂ ഹാംഷൈർ, പെൻസിൽവാനിയ, മിഷിഗൻ, കോളറാഡോ എന്നിവിടങ്ങളിലാണ് കമല ഹാരിസ് ലീഡ് നില നിർത്തുന്നത്. വിസ്കോൻസിൻ, ജോർജിയ, നോർത്ത് കരോലിന, വെർജീനിയ, മിന്നസോട്ട, ന്യൂ മെക്സിക്കോ എന്നിവിടങ്ങളിൽ മുന്നിട്ട് നിൽക്കുന്നത് ട്രംപാണ്. ഗ്രീൻ പാർട്ടി സ്ഥാനാർഥി ജിൽ സ്റ്റീൻ, ലിബർട്ടേറിയൻ പാർട്ടി സ്ഥാനാർഥി ചേസ് ഒലിവർ എന്നിവർക്ക് ഇതുവരെ ഇലക്ടറൽ വോട്ടുകളൊന്നും നേടാനായിട്ടില്ല.